യോഹ.12: 20-33
കാൽവരിയിലെ കുരിശിൽ അവൻ ഗോതമ്പ് മണിയായി മാറുകയാണ്… നിത്യതയുടെ സുഷുപ്തിയിൽ പിതാവിനൊപ്പം നിലവറയിലെ ഗോതമ്പ് മണിയെപ്പോലെ അവനുമിരിക്കാമായിരുന്നു. പക്ഷെ നിസ്വാർത്ഥമായ സ്നേഹത്തിന് എങ്ങിനെയാണ് സുഷുപ്തിയിൽ നിലനിൽക്കാനാവുക? പ്രത്യേകിച്ച് തൻറ്റെ പ്രിയപ്പെട്ടവർ നിത്യമരണത്തിൻറ്റെ ആഴിയിൽ മുങ്ങിതാഴുമ്പോൾ… അഴിയുക എന്നാൽ തൻറ്റെ തന്നെ സത്വം ഇല്ലാതാകുക എന്നതാണ്. കുരിശിൽ മരിച്ച നസ്രായൻ ദൈവപുത്രനാണെന്ന സത്യം യഹൂദന്മാർക്കും, ഗ്രീക്കുകാർക്കും ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല, അവരെ സംബന്ധിച്ചടുത്തോളം ദൈവപുത്രന് എങ്ങിനെയാണ് അത്ര നിസ്സഹയനായി കുരിശിൽ മരിക്കാൻ കഴിയുക? പിന്നെ അവൻ ദൈവപുത്രനാണെന്ന് പറയുന്നതിൻറ്റെ പ്രസക്തി എന്താണ്?
അവൻറ്റെ പാത പിന്തുടർന്ന് ജീവിതവീഥിയിൽ ഗോതമ്പു മണിപോലെ അഴിഞ്ഞവരെയാണ് ചരിത്രവും തൻറ്റെ ഓർമ്മപലകയിൽ രേഖപ്പെടുത്തിയിട്ടുള്ളത്… മൊളോക്കോയിലെ കുഷ്ഠരോഗികളെ ശുശ്രുഷിക്കാൻ ഇറങ്ങിത്തിരിച് അവരിലൊരുവനായി മാറിയ മാർട്ടിനും, നാസി ക്യാംപിൽ സഹതടവുകാരൻറ്റെ ജീവനുപകരം തൻറ്റെ ജീവിതം വാച്ചുമാറിയ മാക്സ്മില്ലിയൻ കോൾബെയും , കൽക്കട്ടയിലെ തെരുവിൽ പുഴുവരിക്കുന്ന രോഗികളെയും അനാഥബാല്യങ്ങളെയുമൊക്കെ നെഞ്ചോട് ചേർത്ത മദർ തെരേസയുമൊക്കെ നസ്രായനെപ്പോലെ സ്വയം അഴിഞ്ഞവരാണ്.
കഴിഞ്ഞ ദിവസം ഡീക്കൻ പട്ടസ്വീകരണത്തിന് എൻറ്റെ അമ്മ വന്നിരുന്നു. ചടങ്ങിന് മുന്നോടിയായുള്ള പ്രദിക്ഷണത്തിനു തൊട്ടടുത്ത് അമ്മയുമുണ്ടായിരുന്നു. അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ വാർധക്യത്തിൻറ്റെ നരകളും, ചുളിവുകളുമൊക്കെ… കാലം നൽകിയ ഓർമ്മപടുകളാണെന്ന് കരുതി എനിക്കതിനെ തള്ളികളുവനാകുമായിരുന്നില്ല. എനിക്കുവേണ്ടി ബോധപൂർവം അഴിയാൻ അവർ നടത്തിയ ശ്രമങ്ങളുടെ ഓർമ്മപാടുകളാണിവ. അമ്മയോളം മകൻറ്റെ ചിത്തത്തെ മനസ്സിലാക്കുന്നതായി ഈ ഭൂമിയിൽ ആരാണുള്ളത്? ദുർബലമായ എൻറ്റെ ജീവിതത്തിൻറ്റെ തിരിവെട്ടം കെടാതെ മുന്നോട്ട് പോയത് ഈ അമ്മയുടെ ത്യാഗ നിർഭരമായ പ്രാർത്ഥനുടെയും പരിത്യാഗം നിറഞ്ഞ ജീവിതത്തിൻറ്റെയും സുകൃതഫലമായിട്ടാണ്… സ്വയം മറന്ന് എനിക്കുവേണ്ടി അഴിയുന്ന അമ്മയാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്ന് തിരിച്ചറിയുന്നു… അമ്മ എനിക്കായി അഴിഞ്ഞതുപോലെ ദൈവജനത്തിനുവേണ്ടി അഴിയാൻ എനിക്കും കഴിഞ്ഞിരുന്നെങ്കിലെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട സുഹൃത്തെ , നസ്രായനെപ്പോലെ നിൻറ്റെ പ്രിയപ്പെട്ടവർക്കായി അഴിഞ്ഞു അവരുടെ ജീവിതത്തിന് ഒരു നറുങ്ങുവെട്ടമാവാൻ നിനക്കാവട്ടെ എന്ന പ്രാർത്ഥനയോടെ…നസ്രായൻറ്റെ ചാരെ…