ഉയർപ്പുഞായർ, Cycle C, യോഹ. 20: 1-9

യോഹ. 20: 1-9
കാരിരുമ്പും കല്ലറയും അവൻറെ സ്നേഹത്തെ എന്നേക്കുമായി തളച്ചിടുമെന്ന് അവർ കരുതി… കാരിരുമ്പിൻറ്റെ കാഠിന്യത്തെക്കാളും കല്ലറയുടെ കെട്ടുറപ്പിനെക്കാളും ശക്തമായിരുന്നു അവൻറ്റെ സ്നേഹം. ആ സ്നേഹത്തെ തോൽപ്പിയ്ക്കാൻ അവർക്കായില്ല… മൃതിയെ തോൽപ്പിച്ച് ആ സ്നേഹം…
പ്രത്യാശയുടെ ഉത്സവമാണ് ഈസ്റ്റർ. ക്രിസ്തുവിൻറ്റെ മരണം ലോകം കണ്ട ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു. ദാവീദിൻറ്റെ സിംഹാസനം പുനര്ദ്ധികരിക്കാൻ വന്ന മിശിഹായെ കാത്തിരുന്നത് അപമാനഭാരം നിറഞ്ഞ കുരിശുമരണമായിരുന്നു. അവൻറ്റെ മരണത്തോടെ ഫരിസേയരെയും, നിയമന്ജരെയും, റോമൻ പടയാളികളെയുമൊക്കെയും സംമ്പന്ധിച്ചടുത്തോളം ക്രിസ്തു എഴുതി തീർന്ന ഒരു കഥ മാത്രമായി. പക്ഷെ ഈ കഥയ്ക്കൊരു രണ്ടാം ഭാഗമുണ്ടാകുമോ? എന്ന പേടി അവർക്കുണ്ടായിരുന്നു, അതുകൊണ്ടാവണം തൻറ്റെ അനുയായികളാൽ പോലും ഉപേക്ഷിക്കപ്പെട്ടു ദാരുണമായി കുരിശിൽ മരിച്ചവൻറെ മൃതശരീരത്തിന് അവർ കാവൽ ഏർപ്പാടാക്കിയത്… ‘ഞാൻ വന്നത് ജീവൻ നൽകാനും അത് സമൃദ്ധമായി നൽകാനും’ വന്നതാണെന്ന പറഞ്ഞ നസ്രായൻറ്റെ സത്തയെ ഉൾകൊള്ളാൻ ഇവർക്കാർക്കുമായില്ല. മുന്ന് ദിനങ്ങൾക്കുമപ്പുറം ലോകം എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്തു നിന്ന് ഈ കഥയുടെ രണ്ടാം ഭാഗം ആരംഭിക്കുകയാണ്. ജീവൻറ്റെ ഉടയോൻ ജീവൻറ്റെ സമൃദ്ധിയിലേക്ക്…
പ്രിയപ്പെട്ട സുഹൃത്തേ അവൻറ്റെ ഉയിർപ്പ് അവശ്വസനീയമായി തോന്നുന്നുണ്ടോ? ഉത്ഥിതനായ ക്രിസ്തുവിനെ അനുഭവിച്ചവർക്കാർക്കും അടച്ചു പൂട്ടിയ മുറിയിൽ ഇരിക്കാനാവില്ലല്ലോ?… നസ്രായനല്ല, ആ കഥയുടെ രണ്ടാം ഭാഗമെഴുതിയത്… അവനെ തിരസ്കരിച്ച, തള്ളിപ്പറഞ്ഞ അവൻറ്റെ മരണത്തിന് ശേഷം മുറിയിലൊളിച്ചിരുന്ന പ്രിയ ശിഷ്യന്മാരായിരുന്നു… അവർക്കെങ്ങിനെ ഈ മാറ്റം സംഭവിച്ചു ?
പ്രത്യാശയുടെ മറു പേരാണ് ക്രിസ്തു. എല്ലാം അവസാനിച്ചു എന്ന് നാം ചിന്തിക്കുന്ന നിമിഷങ്ങളിൽ അവൻ നമ്മുടെ ചാരെ ഉണ്ട്, അവൻ കല്ലറയ്ക്കു പുറത്താണെന്ന ചിന്ത നമ്മെ പ്രകാശിപ്പിക്കട്ടെ…