ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ, Cycle A, മത്താ. 10: 26-33

മത്താ. 10: 26-33
“പുരമുകളിൽനിന്നു പ്രഘോഷിക്കുവിൻ.” നസ്രായന് സാക്ഷിയാവാൻ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും. പക്ഷെ നമ്മുടെ സാക്ഷ്യം സാഹചര്യങ്ങൾക്കനുസരിച്ചു മാറുന്നുണ്ടോ? അനുകൂല സാഹചര്യങ്ങളിൽ വിശ്വാസത്തെ മുറുകെ പിടിക്കുകയും നസ്രായൻറ്റെ അനുയായിയെന്നു സധൈര്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന നാം പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസത്തിൻറ്റെ ഈ സ്ഥിരത കാണിക്കുന്നുണ്ടൊ? ആരാധന സ്വാതന്ത്രമില്ലാത്ത നാട്ടിൽ , വിശ്വത്തിൻറ്റെ ചെറുനാളം കെടാതെ സൂക്ഷിക്കുന്ന സഹോദരങ്ങൾ… ഇന്നത്തെ സുവിശേഷത്തിലൂടെ നസ്രായൻ നമ്മെ പഠിപ്പിക്കുന്നതും പ്രതികൂല സാഹചര്യങ്ങളിലും, വിശ്വാസത്തിൻറ്റെ ദീപനാളം അണയാതെ കാക്കാനല്ല, മറിച് ആളിക്കത്തിക്കാനാണ്…
മുന്നിലൂടെ പാറിപ്പറക്കുന്ന പക്ഷികളൊക്കെ നമുക്കൊക്കെ കണ്ടുമറയുന്ന കാഴ്ചകൾ മാത്രമാണ്. അവയെപ്പോലും ഒരുപാട് സ്നേഹത്തോടും കരുത്തലോടും പരിപാലിക്കുന്ന സ്നേഹപിതാവാണ്‌ നമ്മുടെ ദൈവം. അങ്ങനെയെങ്കിൽ തൻറ്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യൻറ്റെ ഓരോ തലനാരിഴപോലും അവനറിയുന്നുണ്ട്. നസ്രായൻ ഇതൊക്കെയും നമ്മോട് പങ്കുവെയ്ക്കുന്നത് ഇത്രയധികം കരുതലോടും ലാളനയോടും നമ്മെ പരിപാലിക്കുന്ന ദൈവത്തെ നാം തള്ളിക്കളയാതിരിക്കാനാണ്… സധൈര്യം അവൻറ്റെ വചനത്തിന് സാക്ഷികളാകണമെങ്കിൽ ദൈവപിതാവിൻറ്റെ ഈ കരുതലിനെക്കുറിച്ചുള്ള ബോധ്യത്തിൽ നാം ആഴപ്പെടേണ്ടിയിരിക്കുന്നു. ഈ ബോധ്യത്തിൽ നിലനിന്നുകൊണ്ട് തങ്ങളുടെ നിണം പോലും ചിന്തി നസ്രായൻറ്റെ വചനത്തിന് സാക്ഷികളായവരുടെ കൈകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വിശ്വാസത്തിൻറ്റെ ദീപശിഖയാണ് നമ്മുടെ കൈയിലുമുള്ളതെന്ന തിരിച്ചറിവിൽ, ഈ തീനാളം കെടാതെ, ജ്വലിപ്പിച് പിറകെ വരുന്നവരിലേക്ക് കൈമാറ്റം ചെയ്യാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ…