ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ, Cycle C, ലുക്കാ. 10: 38-42

ലുക്കാ. 10: 38-42
നമുക്കൊക്കെ സമയമെന്ന മഹത്തായ അനുഗ്രഹം നൽകിയ ഈശ്വരന് നാം നൽകുന്ന സമയമാണ് പ്രാർത്ഥന. ഈശ്വരചിന്തയോടെ നാം ചെയ്യുന്ന ഏതൊരു പ്രവർത്തിയും പ്രാർത്ഥനയാണ്. അങ്ങനെയെങ്കിൽ നസ്രായൻറ്റെ സാന്നിധ്യത്തിലിരുന്ന് പ്രാർത്ഥിക്കുന്നതിൻറ്റെ പ്രസക്തി എന്താണ്?
ഇന്നത്തെ സുവിശേഷം മേരി-മാർത്ത സഹോദരിമാരുടെ ജീവിതവീക്ഷണങ്ങളിലൂടെ നമ്മോട് പങ്കുവെയ്ക്കുന്നത് പ്രാർത്ഥനയുടെ ആഴങ്ങളെക്കുറിച്ചാണ്… നസ്രായൻറ്റെ കാൽചുവട്ടിലിരുന്നു ധ്യാനപൂർവം അവൻറ്റെ വാക്കുകൾ ശ്രവിക്കുന്ന മേരിയെ പിഞ്ചൊല്ലാനാണ് നസ്രായൻ നമ്മോട് ആവശ്യപ്പെടുന്നത്. നസ്രായന് ഏറ്റവും മികച്ച വിഭവങ്ങൾ ഒരുക്കി, ആഥിത്യം നൽകാൻ ശ്രമിക്കുന്ന മാർത്തയുടെ ആവലാതിയിലൂടെ നമ്മളുമൊക്കെ കടന്നുപോയിട്ടുണ്ട്… ഇന്നത്തെ ഒന്നാമത്തെ വായന നമ്മോട് പറഞ്ഞുവെയ്ക്കുന്നതും ആളെ തിരിച്ചറിയാതെ ദൈവത്തിനു തന്നെ ആഥിത്യമരുളിയ അബ്രാഹത്തിൻറ്റെ ദൈവാനുഭവമാണ്…
തിരക്കുകളുടെ മധ്യത്തിലും നസ്രായൻറ്റെ കാൽചുവട്ടിലിരിക്കാൻ മേരി സമയം കണ്ടെത്തി എന്നതാണ് ഇന്നത്തെ സുവിശേത്തിൻറ്റെ കാതൽ. ദൈവപുത്രനായിരുന്നിട്ടുകൂടി എല്ലാ തിരക്കുകളുടെ മധ്യത്തിലും വിജനതയുടെ ഉൾത്തടങ്ങളിലേക്കു വലിഞ്ഞു, നസ്രായൻ തൻറ്റെ അബ്ബായെ ശ്രവിക്കാൻ സമയം കണ്ടെത്തിയെങ്കിൽ നാമൊക്കെ…
താങ്കളുടെ വിലയേറിയ പ്രാത്ഥനാനിമിഷങ്ങളിൽ എന്നെയുമോർക്കുമെന്ന പ്രതീക്ഷയോടെ…