ലൂക്കാ. 13:22-30
ഇന്നത്തെ സുവിശേഷത്തിൽ രക്ഷ പ്രാപിക്കുന്നവർ ചുരുക്കമാണൊ? എന്നൊരു ചോദ്യം നസ്രായനോട് ചോദിക്കുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരമായി നസ്രായൻ പറയുന്നത് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ എന്നാണ്. ഇടുങ്ങിയ വാതിലിലൂടെ ഒരിടത്തേക്കും പ്രവേശിക്കുക എളുപ്പമല്ല എന്ന് നമുക്കൊക്കെ വ്യക്തമായി അറിയാം. ഇടുങ്ങിയ വാതിലാണ് നിത്യതയുടെ കവാടമായി ഉണ്ടാവുക എന്ന് തെറ്റിദ്ധരിക്കാതെ, ഇടുങ്ങിയ വാതിലിലൂടെ സാധാരണ ഗതിയിൽ കടന്ന് പോവുന്നതിന് ചില പരുവപ്പെടുത്തലുകൾ ആവശ്യമാണെന്ന് നമുക്കറിയാവുന്നത് പോലെ നിത്യതയെ സ്വന്തമാക്കണമെങ്കിൽ ആത്മീയമായ ചില പരുവപ്പെടുത്തലുകൾ അനിവാര്യമാണ്.
നിത്യതയുടെ കവാടത്തിൽ പ്രവേശനത്തിനായ് മുട്ടുന്ന ചിലരെ അറിയില്ലെന്ന് നസ്രായൻ പറയുന്നുണ്ട്. നസ്രായനെ അറിയാമെന്നതിന് തെളിവായി ചില സാക്ഷ്യങ്ങളൊക്കെ ഇവർക്ക് പങ്ക് വയ്ക്കാനുണ്ട്. നിന്റെ സാന്നിദ്ധ്യത്തിൽ ഞങ്ങൾ ഭക്ഷിക്കുകയും, പാനം ചെയ്യുകയും, നീ ഞങ്ങളുടെ തെരുവുകളിൽ പഠിപ്പിച്ചതിന് ഞങ്ങൾ സാക്ഷികളാണെന്നൊക്കെ… സംശയിക്കേണ്ട, ഇക്കൂട്ടർ ഫരിസേയരും, നിയമജ്ഞരും, സദുക്കേയരുമാവണം… യേശുവിന് ലഭിച്ച വിരുന്നിൽ ഇവരും പങ്ക് കാരായിരുന്നു. അവൻ തെരുവുകളിൽ പഠിച്ചപ്പോൾ ഇക്കൂട്ടർ സാകൂതം അവനെ ശ്രവിച്ചിരുന്നു. അവൻ പ്രവൃത്തിച്ച അത്ഭുതങ്ങൾക്കെല്ലാം ഇവർ സാക്ഷികളുമാണ്. എന്നാൽ ഇവരെ അറിയില്ല ആയതിനാൽ നിത്യതയിൽ നിന്ന് അകന്ന് പോവാനാണ് നസ്രായൻ ഇവരോട് ആവശ്യപ്പെടുക… ഫരിസേയരും, നിയമജ്ഞരും, സദുക്കേയരുമൊക്കെ നിയമങ്ങളും പ്രവാചക ഗ്രന്ഥങ്ങളുമൊക്കെ അരക്കി കലക്കി കുടിച്ചവരായിരുന്നു. വരാനിരിക്കുന്ന മിശിഹാ നസ്രായൻ തന്നെയാണെന്നതിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടും അവന്റെ കുടുംബ, സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലങ്ങളെ ആധാരമാക്കി അവനെ അംഗീകരിക്കാനൊ, പിൻചെല്ലാനൊ ഇവർ കൂട്ടാക്കിയില്ല. മാത്രമല്ല ഏത് വിധേനയും അവന്റെ കെണിയിൽ പെടുത്തി ഇല്ലായ്മ ചെയ്യുക എന്ന ദുരുദ്ദേശത്തോടെയാണ് ഇക്കൂട്ടർ നസ്രായനെ അനുധാവനം ചെയ്തതും… അവന് വേണ്ടി ഒരുക്കപ്പെട്ട വിരുന്നിൽ അവർ പങ്ക്കാരായതും, അവന്റെ പഠനങ്ങൾ ശ്രദ്ധയോടെ ശ്രവിക്കാൻ ശ്രമിച്ചതിന്റെയും പിന്നിൽ ഈ ദുരുദ്ദേശങ്ങളായിരുന്നു.
ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളെ നോക്കാതെ ഹൃദയങ്ങളെ അറിയുന്നവനാണ് നസ്രായൻ. ആത്മീയ പൊള്ളത്തരങ്ങൾ ഉപേക്ഷിച്ച് ഇടുങ്ങിയ വാതിലാവുന്ന അനുദിന മാനസാന്തര അനുഭവത്തിലൂടെ കടന്ന് പോവുമ്പോൾ മാത്രമാണ് നിത്യതയുടെ കവാടം നമുക്കായി തുറക്കപ്പെടുന്നത്. നിത്യത നമ്മുടെ അർഹതകൊണ്ട് നേടുന്ന ഒന്നല്ല. ദൈവകരുണയുടെ സമ്മാനവും അനുഗ്രഹവുമാണ്. എന്നാൽ ദൈവ കൃപയോട് ചേർന്ന് നിന്ന് കൊണ്ട് നിത്യതയ്ക്കായി നാമൊക്കെ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഒരു കാഴ്ച്ചക്കാരനെപ്പോലെ നസ്രായനെ അനുധാവനം ചെയ്ത്, അവനെ നമ്മുടെ ജീവിതത്തിന്റെയും, നമ്മെ അവന്റെ ജീവിതത്തിന്റെയും ഭാഗമാക്കാതെ കടന്ന് പോവുകയാണെങ്കിൽ ‘നമ്മെ അറിയില്ല,’ എന്ന അതേ മറുപടി നമ്മെയും കാത്തിരിപ്പുണ്ട് എന്ന് നാം മറക്കരുത്… മമ്മോദീസ സ്വീകരിച്ചത് കൊണ്ട് മാത്രം നിത്യതയിലേക്ക് സൗജന്യ പ്രവേശനമില്ലെന്ന് വ്യക്തമാണ്. കിഴക്ക് നിന്നും, പടിഞ്ഞാറ് നിന്നും, തെക്ക് നിന്നും, വടക്ക് നിന്നും ജനങ്ങൾ വന്ന് ദൈവ രാജ്യത്തിൽ വിരിന്നിനിരിക്കും എന്ന സൂചനയെ നമ്മുടെ ഈ കാലഘട്ടത്തിൽ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. സത്യത്തെ ആത്മാർത്ഥ ഹൃദയത്തോടെ അന്വേഷിക്കുകയും, ആ സത്യാന്വേഷണത്തെ ദൈവാന്വേഷണമാക്കി മാറ്റുന്ന എല്ലാവർക്കും നിത്യതയിൽ ഇടമുണ്ട്. എന്നാൽ സത്യമെന്താണന്നറിഞ്ഞിട്ടും, ആ സത്യത്തെ അറിയാനും, അനുഭവിക്കാനും ഇടയായിട്ടും ആ സത്യത്തിന് നേരെ പുറം തിരിഞ്ഞ് നിൽക്കുന്നവരുടെ സ്വാതന്ത്ര്യവും ബഹുമാനിക്കപ്പെടും എന്നതാണ് ദു:ഖകരമായ യാഥാർത്ഥ്യം. നസ്രായനെപ്പോലെ ഹൃദയ വിശാലതയോടെ അബ്ബായെ അന്വേഷിക്കാനും, ജീവിതത്തിലുണ്ടാവുന്ന ഇടുങ്ങിയ വാതിലനുഭവങ്ങളെ പ്രശാന്തതയോടെ സ്വീകരിച്ച് നിത്യതയിൽ നസ്രായനോടൊപ്പമാവാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…