യോഹ.. 18: 33b-37
നസ്രായന്റെ കുരിശിന് മുകളിൽ ‘നസ്രായനായ യേശു യഹൂദൻമാരുടെ രാജാവ് എന്ന് ഗ്രീക്ക്, ഹീബ്രു, ലാറ്റിൻ ഭാഷകളിൽ ആലേഖനം ചെയ്യപ്പെട്ടിരുന്നു. നസ്രായനോടുള്ള ആദരവിന്റെ ഭാഗമായിട്ടായിരുന്നില്ല ഈ കുറിപ്പ് എഴുതി ചേർത്തപ്പെട്ടത്. പീലാത്തോസിനെ സംബന്ധിച്ചടുത്തോളം നസ്രായൻ യഹൂദരുടെ രാജാവാണെന്ന് അവകാശപ്പെട്ട ഒരു വിപ്ലവകാരി മാത്രമായിരുന്നു. നിത്യതയുടെ തമ്പുരാനായ നസ്രായന് ഭൂവിലൊരു സാമ്രാജ്യം കെട്ടിപിടിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നുണ്ടൊ? അവൻ പ്രഘോഷിച്ച ദൈവരാജ്യം ഭൂമിയുടെ നാല് അതിർത്തികൾക്കുള്ളിൽ ഒതുങ്ങുന്ന, പ്രതാപം നിറഞ്ഞ സിംഹാസനവും, കരുത്തറ്റ പടയാളികളും, ചെങ്കോലും കിരിടവുമുള്ള ഒരു രാജവംശമൊ ആയിരുന്നില്ല. മറിച്ച് ഈ ഭൂവിൽ ആരംഭിച്ച് നിത്യതയിൽ പൂവണിയേണ്ട യാഥാർത്ഥ്യമാണ് നസ്രായൻ നമ്മോട് പങ്ക് വച്ചത്.
പീലാത്തോസ് ‘ നീ രാജാവാണാ എന്ന് ചോദിക്കുമ്പോൾ നസ്രായൻ അത് നിഷേധിക്കുന്നില്ല. ‘നീ തന്നെ അത് പറഞ്ഞുവല്ലൊ…’ എന്നായിരുന്നു നസ്രായന്റെ മറുപടി. പീലാത്തോസിനെ വല്ലാതെ പരിഭ്രമത്തിലാഴ്ത്തിയ നിമിഷങ്ങളായിരുന്നു അത്. കാരണം ദുർബ്ബലനും നിസ്സഹായനുമായി തന്റെ മുന്നിൽ നിൽക്കുന്ന ഈ തച്ചന്റെ കണ്ണുകളിൽ നിഴലിച്ചത് ഭയമായിരുന്നില്ല പിന്നെയൊ താൻ തന്നെ അധികാരത്തിന്റെ ചെങ്കോൽ നൽകിയവന്റെ കരങ്ങളിലേക്ക് തന്നെ ഏൽപ്പിച്ച് കൊടുക്കുന്നതിന്റെ സംതൃപ്തിയും ശാന്തതയുമായിരുന്നു. തന്റെ രാജ്യം ഐഹികമല്ലെന്നും, അങ്ങനെയായിരുന്നെങ്കിൽ തന്റെ പടയാളികൾ തനിക്ക് വേണ്ടി പോരാടുമായിരുന്നുമുള്ള നസ്രായന്റെ വചനങ്ങൾ അവന്റെ രാജത്വത്തിന്റെ അഴങ്ങളിലേക്ക് നമ്മെ നയിക്കണം.
അവന്റെ രാജത്വത്തിന്റെ ലക്ഷ്യം ഈ ഭൂവിലെ ആരെയും കീഴ്പെടുത്താനൊ, ഇല്ലാതാക്കാനൊ അല്ലായിരുന്നു മറിച്ച് സർവ്വ ജനപദങ്ങളെയും രക്ഷിക്കാൻ സ്വയം യാഗമാകുന്ന രാജത്വമായിരുന്നു അവന്റെത്. എന്നാൽ അവന്റെ ജനനം മുതൽ മരണം വരെ ഭൂവിലെ അധികാരികൾ ശ്രമിച്ചത് അവനെ ഇല്ലാതാക്കി, അവന്റെ രാജത്വം എന്നെന്നേക്കുമായി ഇല്ലാതാക്കാനാണ്. അവന്റെ ജനനവാർത്ത കേട്ട് ഭയവിഹ്വലനാകുന്ന ഹേറൊദേസ് രാജാവ് ജറുസലമിലെ കുരുന്നുകളെയല്ലാം കൂട്ടക്കുരുതി ചെയ്യുന്നത് അബദ്ധവശാൽ പോലും അവൻ ജീവിച്ച് പോകരുതെന്ന നിർബന്ധത്താലാണ്. അവസാനം അവന്റെ വിചാരണ വേളയിൽ ഈ ഭയം തന്നെയാണ് പീലാത്തോസിനെ അവനെ കുരിശ് മരണത്തിന് ഏൽപിച്ച് കൊടുക്കാൻ പ്രേരിപ്പിക്കുന്നതും. ഭൂമിയിലെ അധികാര കൊതിയൻമാരായ രാജാക്കൻമാർ ഇല്ലാതാക്കാൻ നോക്കിയ നസ്രായൻ നിത്യതയുടെ തമ്പുരാനായി നമ്മുടെ ഹൃദയങ്ങളിൽ വാഴുന്നു. പരിഹാസത്തിന്റെ പ്രതീകമായി ‘യഹൂദൻ മാരുടെ രാജാവ് ‘ എന്ന ചരമ കുറിപ്പെ ഴുതിയ പീലാത്തോസിനെ, അവന്റെ മഹത്വം വിളിച്ചോതുന്ന വിശ്വാസ പ്രമാണത്തിൽ സാക്ഷിയാക്കിയത് കാലം പീലാത്തോസിന് നൽകിയ പരിഹാസമാണ്… കരുണയുടെ തമ്പുരാനായി നസ്രായൻ – നമ്മുടെ ഹൃദയങ്ങളിൽ നീണാൾ വാഴട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ചാരെ…