മത്താ. 4:12-23
നസ്രായന്റെ പരസ്യ ജീവിതത്തിന്റെ ആദ്യ ദിനങ്ങളാണ് മത്തായി സുവിശേഷകന്റെ വാക്കുകളിലൂടെ നാം മനസ്സിലാക്കുക. പ്രത്യാശയുടെ പൊൻവെട്ടമായി മരണത്തിന്റെ മേഖലയിലും നിഴലിരിക്കുന്നവരുടെ മേലേക്ക് നസ്രായൻ കടന്ന് ചെല്ലുകയാണ്. സ്നാപകന്റെ തുടർച്ച തന്നെയാണ് നസ്രായന്റെ പ്രഘോഷണവും. ‘മാനസാന്തരപ്പെടുവിൻ സ്വാഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.’ ഇത്രയും നാൾ തന്റെ പ്രവാചകരിലൂടെയാണ് തന്റെ ജനത്തെ അബ്ബാ അനുതാപത്തിലേക്ക് ക്ഷണിച്ചിരുന്നത്. സമയത്തിന്റെ പൂർണ്ണതയിൽ തന്റെ പ്രിയനിലൂടെ, അവന്റെ ത്യാഗത്തിലൂടെ, അവൻ നമുക്കായ് വീണ്ടും തുറന്ന് തരാൻ പോവുന്ന നിത്യതയിലേക്ക് എല്ലാവരും ക്ഷണിക്കപ്പെടുകയാണ്. നസ്രായന് ശേഷവും അനുതാപത്തിലേക്കുള്ള ക്ഷണം അബ്ബാ ലോകത്തിന് നൽകുന്നുണ്ട്. നസ്രായൻ തന്റെ തോഴരെ തെരെഞ്ഞെടുക്കുന്നത് ഭാവിയിൽ അവരിലൂടെ തന്റെ ഈ ദൗത്യം തുടർന്ന് കൊണ്ട് പോവുന്നതിന് വേണ്ടിയാണ്. അവൻ തെരെഞ്ഞെടുക്കുന്ന തോഴർ പരിപൂർണ്ണരൊന്നുമായിരുന്നില്ല. മാനസാന്തരനുഭവം വേണ്ടിയിരുന്നവരായിരുന്നു അവരും… പക്ഷെ അവരുടെ ഈ തെരെഞ്ഞെടുപ്പ് കേവലം ആകസ്മികമാണെന്ന് ചിന്തിക്കാൻ വയ്യ. ‘നിങ്ങളെ ഞാൻ മനുഷ്യരെ പിടികുന്നവരാക്കാം…’ എന്ന വചനം നസ്രായൻ പറയുമ്പോൾ തന്നെ പത്രോസ് പാപ്പയും മറ്റി ശിഷ്യരും നസ്രായന്റെ വലയിൽ കുരുങ്ങുന്നുണ്ട്. നഷ്ടപ്പെടുത്താൻ ഏറെ ഉണ്ടായിരുന്ന ഇവർ എന്തുകൊണ്ട് രണ്ടാമതൊരു ചിന്ത കൂടാതെ നസ്രായനെ അനുഗമിച്ചു? മാതാപിതാക്കൾ, ഭാര്യ, മക്കൾ, മത്സ്യ ബന്ധനം കൊണ്ട് നേടിയ സമ്പത്ത് ഇതൊന്നും ഉപേക്ഷിക്കാൻ അവർക്ക് വലിയ ചിന്തയുടെ ആവശ്യമുണ്ടായിരുന്നില്ല എന്നതാണ് വിസ്മയം. സെബദി പുത്രൻമാർ തങ്ങളുടെ പിതാവിനെയും, വലകളുമൊക്കെ ഉപേക്ഷിച്ച് തത്ക്ഷണം നസ്രായനെ അനുഗമിക്കുനുണ്ട്… ഇവരുടെ ചിന്താഗതി മനസ്സിലാവുന്നില്ല എന്നതാണ് സത്യം. നസ്രായന്റെ പഠനങ്ങളൊക്കെ കേട്ട്, അത്ഭുതങ്ങളൊക്കെ കണ്ട് അവൻ പ്രശസ്തിയുടെ കൊടിമുടിയിൽ നിൽക്കുമ്പോഴാണ് അവൻ തോഴരെ വിളിക്കുന്നതും അവർ അവനെ അനുഗമിക്കുന്നതുമെങ്കിൽ അതിൽ വലിയ അതിശയോക്തിയൊന്നുമിണ്ടാവില്ല. എന്നാൽ നസ്രായൻ തന്റെ ദൗത്യം തുടങ്ങുന്ന ആദ്യ ദിനങ്ങളിൽ തന്നെയാണ് തന്റെ തോഴരെ വിളിക്കുന്നതും.
മനുഷ്യരെ പിടിക്കുന്നവരാക്കാം എന്നുള്ള അവന്റെ ക്ഷണം ഇതുവരെ മീനിനെ പിടിച്ചു മാത്രം പരിചയമുള്ള പത്രോസ് പാപ്പയ്ക്കും കൂട്ടർക്കും മനസ്സിലായി കാണുമൊ? മനുഷ്യരെ പിടിക്കുന്നവരാകുക എന്നത് മനുഷ്യരെ അബ്ബായിലേക്ക് അടുപ്പിക്കുന്ന വ്യക്തികളാക്കി മാറ്റാനുള്ള ക്ഷണമാണ്. ഓരോ തോഴനും നസ്രായന്റെ ഹൃദയത്തോട് അടുത്ത് നിൽക്കുമ്പോൾ മാത്രമാണ് തങ്ങൾ ജീവിത വീഥിയിൽ കണ്ട് മുട്ടുന്ന സോദരങ്ങളെ മാനസാന്തരനുഭവത്തിലേക്ക് നയിച്ച് കൊണ്ട് സുവിശേഷത്തിന് സാക്ഷികളാവാൻ പ്രേരിപ്പിക്കാൻ കഴിയുകയുള്ളു. മീൻ പിടുത്തക്കാരിൽ നിന്ന് മനുഷ്യരെ പിടിക്കുന്നവരിലേക്കുള്ള രൂപാന്തരം നാസായനോടൊത്തുള്ള അവരുടെ യാത്രയിൽ സംഭവിക്കുന്നുണ്ട്. അബ്ബായുടെ പക്കലേക്ക് പോവുന്നതിന് മുമ്പായി പത്രോസ് പാപ്പയെ കൊണ്ട് തന്നോടുള്ള വിശ്വസ്തത ഏറ്റ് പറയിക്കുമ്പോൾ നസ്രായൻ ആവശ്യപ്പെടുക തന്റെ കുഞ്ഞാടുകളെ മേയിക്കാനാണ്. ഭൂതകാലത്തിന്റെ എടുത്ത് ചാട്ടങ്ങളിൽ നിന്നും, ബലഹീനതകളിൽ നിന്നുമൊക്കെ മോചിക്കപ്പെട്ട ഒരു ഇടയ ഹൃദയം, മനുഷ്യരെ അബ്ബായിലേക്ക് അടുപ്പിക്കുന്ന, അബ്ബായുടെ സ്നേഹമായി അവരെ കരുതുന്ന ഇടയ ഹൃദയം അയാളിൽ പരുവപ്പെടുന്നുണ്ട്. നമ്മുടെയൊക്കെ ജീവിത വീഥിയിൽ കണ്ട് മുട്ടുന്ന സോദരങ്ങളെ ഈ ഇടയ ഹൃദയത്തിന്റെ വാത്സല്യത്തോടെ അബ്ബായുടെ ഹൃദയത്തിലേക്കടുപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടാ? സുവിശേ പ്രഘോഷണമെന്ന് പറയുന്നത് അതല്ലെ? എല്ലാ നൻമകളും ആശംസിച്ചു കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…