യോഹ. 14:23-29
നസ്രായൻ അവർക്ക് ഒരു ഗുരു മാത്രമായിരുന്നുവെന്ന് കരുതാൻ വയ്യ … ഗുരുവായിട്ടാവണം അവരോടൊപ്പമുള്ള അവന്റെ ആത്മയാത്ര തുടങ്ങിയത്… പിന്നെ അവരുടെ സുഹൃത്തും, അവരുടെ കാൽകഴുകി കൊണ്ട് ദാസനും, അവസാനം ഒരു അമ്മയ്ക്ക് സമാനമായ ഈഴയടുപ്പങ്ങളിലേക്ക് അയാൾ രൂപാന്തരപ്പെടുന്നുണ്ട്. അതുകൊണ്ടാവണം അമ്മ മനസ്സിന്റെ വാത്സല്യത്തോടെ താൻ വേർ പിരിയുന്നത് മുമ്പ് കരുതലിന്റെയും, ആശ്വാസത്തിന്റെയും പ്രത്യാശയുടേതുമായ വാക്കുകൾ ഉച്ചരിച്ചു കൊണ്ടാണ്, ഞാൻ ഒരിക്കലും നിങ്ങളെ അനാഥരായി വിടുകയില്ല എന്ന് പറഞ്ഞ് അവൻ കടന്ന് പോവുന്നത്. തന്റെ ശിഷ്യരായ നമുക്ക് കൂട്ടാകാൻ അവൻ നൽകുന്ന സമ്മാനം അവന്റെ സഹായകനായ പരിശുദ്ധാത്മാവാണ്. ഈ ആത്മാവ് നമ്മിലേക്ക് കടന്ന് വരുമ്പോഴാണ് ദുർബലരായ നമ്മുടെ മാനസങ്ങൾ ശക്തിപ്പെടുന്നത്. സഹായകനെ മാത്രമല്ല നസ്രായൻ വാഗ്ദാനം ചെയ്യുന്നത്, മറിച്ച് ആത്മാവിന്റെ സഹവാസത്തിലൂടെ പരിശുദ്ധ ത്രിത്വത്തെ തന്നെയാണ്. അങ്ങനെ ജ്ഞാനസ്നാനത്തിലൂടെ നസ്രായന്റെ അനുഗാമിയാവുന്നവന് ഒരിക്കലും താൻ ഒറ്റയക്കാണെന്ന് പറയുക സാധ്യമല്ല. ത്രിത്വത്തോടൊപ്പം ആത്മാവിന്റെ നിറവിൽ ജീവിക്കാൻ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും.
തന്റെ പീഡാനുഭവവും കുരിശു മണവുമൊക്കെ നേരത്തെ തന്നെ അവരോട് പറഞ്ഞ്, തന്റെ തോഴരെ അവൻ ഒരുക്കുകയായിരുന്നു. എന്നാൽ അവർക്കതൊന്നും കത്തിയിരുന്നില്ല. ഇപ്പോൾ എല്ലാം വിചാരിച്ചുറപ്പിച്ചുള്ള അവന്റെ വിടവാങ്ങൽ സംഭാഷണം കേൾക്കുമ്പോൾ അവരുടെ ചങ്ക് വല്ലാതെ പിടയ്ക്കുന്നുണ്ട്. തന്റെ പീഡാനുഭവവും, കുരിശു മരണവും എന്നതിനെക്കാൾ ഉപരിയായി, ഈ ഭൂവിൽ നിന്ന് തന്റെ പിതാവിന്റെ പക്കലേക്കുള്ള കടന്ന് പോക്കായിട്ടാണ് അവൻ തന്റെ തോഴരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നത്. താൻ ഇനി എന്നും പിതാവിനോടൊപ്പം ആയിരിക്കും. മാത്രമല്ല തന്റെ ആത്മീയ സാന്നിദ്ധ്യം എല്ലാ ശിഷ്യൻമാരോടൊപ്പമുണ്ടെന്നും, താൻ കടന്ന് പോവുന്നതിൽ അവർ സന്തോഷിക്കുകയുമാണ് വേണ്ടതെന്ന് നസ്രായൻ അവരെ ഓർമ്മപ്പെടുത്തുന്നുണ്ട്. ഈ ഓർമ്മപ്പെടുത്തൽ പന്ത്രണ്ട് പേർക്ക് മാത്രമുള്ളതാണെന്ന് ഞാൻ കരുതുന്നില്ല. അസ്വസ്ഥമാകുന്ന എല്ലാ ഹൃദയങ്ങൾക്കുള്ള ഓർമ്മപ്പെടുത്തലല്ലേ… പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും സാന്നിദ്ധ്യത്തിൽ നമ്മെക്കുറിച്ചുള്ള നസ്രായന്റെ ചിന്തതന്നെ യെല്ലെ നമ്മുടെ കുറവുകൾക്കും, ബലഹീനതകൾക്കും, ഇല്ലായ്മകൾക്കും, നിസ്സഹായതകൾക്കും മീതെയുള്ള ദൈവകൃപ. പുറത്ത് പെരും മഴയാണ്… ഉള്ളിലും… നസ്രായൻ വർഷിക്കുന്ന നൻമകളോർത്ത്, സ്നേഹമോർത്ത്, അവന്റെ മനുഷ്യരിലൂടെ കരുതുന്നതിനെ ഓർത്ത്… നസ്രായൻ എന്റെയും നിങ്ങളുടെയും കൂടെയുണ്ടെന്നുള്ള ബോധ്യത്തിൽ… നസ്രായന്റെ ഹൃദയത്തിൻ ചാരെ…