ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ, Cycle B, യോഹ. 6:60-69

22.08. 21
യോഹ. 6:60-69
ജീവന്റെ അപ്പം പ്രഭാഷണ പരമ്പരയിലെ അവസാന ഭാഗമാണ് ഈ ഞായറാഴ്ച്ചയിലെ നമ്മുടെ ധ്യാന വിഷയം. നാസായൻ തന്റെ തിരു ശരീര-രക്തങ്ങൾ നിത്യ ജീവൻ പകരുന്ന ഭക്ഷണ പാനീയങ്ങളായി അവതരിപ്പിക്കുമ്പോൾ അത് ഉൾക്കൊള്ളാനാവാതെ എന്നെന്നേക്കുമായി അവനെ ഉപേക്ഷിക്കുന്ന ശിഷ്യരെയും എന്നാൽ നസ്രായനിൽ നിത്യജീവന്റെ വചസ്സുകൾ തിരിച്ചറിയുന്ന അരുമ ശിഷ്യരെയും നാം കണ്ട് മുട്ടുന്നുണ്ട്.
ഇസ്രായേലുകാരുടെ ഇടയിലുണ്ടായ പരമ്പാരാഗതമായ വിശ്വാസമായിരുന്നു മിശിഹാ വരുമ്പോൾ സ്വർഗ്ഗീയ ഭോജനമായ മന്ന വീണ്ടും കൊണ്ടുവരുമെന്നത്. ജോഷ്വയുടെ നേതൃത്വത്തിൽ വാഗ്ദത്ത ഭൂമിയിൽ കാല്കുത്തുന്ന നിമിഷം മുതൽ മന്ന അപ്രത്യക്ഷമാവുകയാണ്. ജീവന്റെ അപ്പമായി സ്വർഗ്ഗീയ മന്നയായി നസ്രായൻ നൽകുന്നത് തന്റെ തന്നെ ശരീര-രക്തങ്ങളാണ്. എന്നാൽ നസ്രായനിൽ ഒരു പച്ച മനുഷ്യനെ, മേരിയുടെ മകനെ, തച്ചനെ മാത്രം ദർശിക്കുന്ന ശിഷ്യൻമാർ അവനിൽ ഇടറുകയാണ്.
വല്ലാതെ വിസ്മയിപ്പിച്ച ഒരു വസ്തുത തന്നെ വിട്ട് പോകുന്ന ശിഷ്യൻമാരെ, അവരുടെ പിറകെ പോയി, അവരെ തിരികെ കൊണ്ട് വരാനൊ, അവരെ പിൻ തിരിപ്പിക്കാനൊ നസ്രായൻ പ്രത്യേക അത്ഭുതമൊന്നും പ്രവർത്തിക്കുന്നല്ല. എന്തുകൊണ്ടാണ് താൻ അതിന് മുതിരാത്തതെന്ന് നസ്രായൻ വെളിപ്പെടുത്തുന്നുണ്ട്. തന്റെ പിതാവിനാൽ ആകർഷിക്കപ്പെടാതെ ആർക്കും തന്റെ പക്കൽ വരുവാൻ കഴിക്കുകയില്ലെന്ന് നസ്രായൻ പറഞ്ഞ് വയ്ക്കുന്നുണ്ട്. നസ്രായനിലുള്ള വിശ്വാസം കേവലമൊരു വ്യക്തിയുടെ ശ്രമമല്ല മറിച്ച് അബ്ബായുടെ സ്നേഹാശ്ലേഷമാണ് ഈ വിശ്വാസ യാത്രയുടെ അന്തരിക സത്ത. ഈ സ്നേഹാശ്ലേഷത്തെ സ്വീകരിക്കാനും, തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്.
നസ്രായൻ നിത്യ ജീവന്റെ പാഥേയമായി തന്നെത്തന്നെ പകുത്ത് നൽകുന്ന പരിശുദ്ധ കുർബ്ബാനയെ, നിത്യതയുടെ മുന്നാസ്വാദനമായി കണ്ട് അതിൽ പങ്ക് കൊള്ളാനുള്ള വിശ്വാസത്തിന്റെ ആഴങ്ങൾ അബ്ബായുടെ കരുണയല്ലാതെ മറ്റെന്താണ്? എന്റെ കഴിവും, പരിശ്രമങ്ങളും മാത്രമായി കണ്ട് ബലിവേദിക്ക് ചുറ്റും അണഞ്ഞ നിമിഷണ്ടളെ പ്രതി തമ്പുരാനെ മാപ്പ് … ഒരു പാട് ഇടറിയ പത്രോസ് പാപ്പയെയാണ് : ഞങ്ങൾ ആരുടെ പക്കലേക്ക് പോകും?, നിത്യ ജീവന്റെ വചസ്സുകൾ അങ്ങേ പക്കലാണല്ലൊ എന്ന് ഏറ്റ് പറയുന്നത്. ദുർബ്ബലനായ പത്രോസിലൂടെ നമ്മുടെ വിശ്വാസ ജീവിതങ്ങളെ പ്രകാശിപ്പിക്കുന്നത് അബ്ബായുടെ സ്നേഹാശ്ലേഷമല്ലാതെ മറ്റെന്താണ്? ആ സ്നേഹവായ്പിനെ പരിശുദ്ധ കുർബാനയിൽ അനുദിനമനുഭവിക്കാൻ അബ്ബാ എനെയും നിങ്ങളെയും വിളിക്കട്ടെ എന്ന് പ്രാർത്ഥനയോടെ… നസ്രായന്റെ ചാരെ …