ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായർ, Cycle C, ലുക്കാ. 16: 1-13

ലുക്കാ. 16: 1-13
“ഇവയെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” നസ്രായൻ പത്രോസിനോട് ചോദിക്കുന്ന ഈ ചോദ്യം കാലം നമ്മോടും ആവർത്തിക്കുന്നുണ്ട്… എന്താണാവോ നമ്മുടെയൊക്കെ ഉത്തരം? നസ്രായന് നമ്മുക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം നമ്മുടെ വിശ്വസ്തതയാണ്. പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അനുഗ്രങ്ങളുടെ പെരുമഴക്കാലം… അർഹതയില്ലാത്ത അനുഗ്രഹങ്ങൾ നൽകി ജീവിതത്തെ പ്രകാശിപ്പിച്ച തമ്പുരാന് നന്ദി. പക്ഷെ ആരെയാണ് കൂടുതൽ സ്നേഹിച്ചത്, അനുഗ്രഹളെയോ അതൊ അതിൻറ്റെയെല്ലാം ഉടയോനെയോ?
ഇന്നത്തെ സുവിശേഷം അവിശ്വസ്തനായ ഭൃത്യൻറ്റെ ഉപമയിലൂടെ നമ്മെ വിളിക്കുന്നതും വിശ്വസ്തത എന്ന മൂല്യത്തിൽ വളരാനാണ്. അനുഗ്രഹങ്ങൾ നൽകിയ നൽകിയ യജമാനിനെക്കാൾ അധികമായി ആ ഭൃത്യൻ സ്നേഹിച്ചത് അനുഗ്രഹളെയായിരുന്നു. അനുഗ്രഹളുടെ ഉടയോനെ മറന്നപ്പോൾ അവിശ്വസ്തതയായിരുന്നു ഫലം. ‘ദൈവം എന്നെ വിളിച്ചിരിക്കുന്നത് വിജയിക്കാനല്ല മറിച് വിശ്വസ്തയായിരിക്കാനാണെന്ന’ മദർ തെരേസയുടെ വാക്കുകൾ മനസ്സിനെ ചിന്തിപ്പിക്കുന്നുണ്ട്…
എന്ത് വിലകൊടുത്തും വിജയങ്ങൾ നേടാനുള്ള പരക്കം പാച്ചലിൽ ജീവിതമെന്ന പുണ്യം നൽകി നമ്മെ അനുഗ്രഹിച്ച ദൈവത്തോട് വിശ്വസ്തത പുലർത്തുന്നുണ്ടൊ? ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുന്നവനെ വലിയകാര്യങ്ങളിലും വിശ്വസ്തനായിരിക്കു എന്ന് നസ്രായൻ പറഞ്ഞു വെയ്ക്കുമ്പോൾ വിശ്വസ്തനായിരിക്കാൻ വലിയ കാര്യങ്ങൾ നാം ചെയ്യണമെന്നെല്ല , തീരെ ചെറിയ കാര്യം പോലും… ഒരു പക്ഷെ അപരന് നേരെയുള്ള എൻറ്റെ ഹ്ര്യദ്യമായ പുഞ്ചിരി, ആർദ്രമായ നോട്ടം… ഇവയൊക്കെ നാം ദൈവമഹത്വത്തിനായി ചെയുമ്പോൾ അവൻ നമ്മോട് കാണിക്കുന്ന വിശ്വസ്തതയ്ക്കു നമ്മുടെ ജീവിതം സാക്ഷ്യമാവുകയാണ്… അവൻറ്റെ കൈയൊപ്പ് ഉള്ളത്തിൽ പേറുന്ന സാക്ഷികളാകാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ…