നമുക്കെല്ലാവർക്കും നമ്മുടെതായ രാഷ്ട്രീയ വീക്ഷണങ്ങളും ആരാധനയോടെ, ആദരപൂർവം നോക്കി കാണുന്ന രാഷ്ട്രീയ നേതാക്കളും നമുക്കുണ്ട്. ചിലപ്പോഴെങ്കിലും ഇവർ പറയുന്നത് വേദവാക്യം പോലെ കണ്ട് ഇവരെ നാം അന്ധമായി അനുസരിക്കാറുമുണ്ട്. ഈ നേതാക്കളെ ദൈവസ്വരത്തെക്കാളുപരിയായി ശ്രവിക്കുകയും, അനുസരിക്കുകയും ചെയ്യേണ്ടതുണ്ടൊ? നസ്രായൻ തന്റെ പരസ്യജീവിതത്തിനിടെ പലതവണ മതനേതാകളുടെ അത്മീയ പൊള്ളത്തരവും സദാചാര കപടതയും ഇസ്രായേലുകാരുടെ മുന്നിൽ തുറന്ന് കാട്ടുകയുണ്ടായി. നസ്രായൻ ചൂണ്ടികാട്ടിയ പോരായ്മകളെ തുറവിയോടെ ഉൾക്കൊണ്ട് കൊണ്ട് മാനസാന്തര അനുഭവത്തിലേക്ക് കടന്ന് വരുന്നതിന്പകരം ഏത് വിധേനയും നസ്രായനെ ഇല്ലാതാക്കാനായിരുന്നു രാപകൽ ഇവർ പരിശ്രമിച്ചത്. ഫരിസേയരും ഹെറോദേസ് പക്ഷവും വിഭിന്ന ചിന്താഗതിക്കാരായിരുന്നു. ദേശാധിപതിയായ ഹെറൊദേസിനെയും, റോമൻ ചക്രവർത്തിയായ സീസറിനെയും മാനിച്ചവരായിരുന്നു ഹെറോദേസ് പക്ഷം. എന്നാൽ ഫരിസേയരാവട്ടെ തങ്ങളുടെ നാടിനെ അടക്കി ഭരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിരുന്ന സീസറിനും, റോമൻ സാമ്രാജ്യത്തിനും എതിരായിരുന്നു. എന്നാൽ നസ്രായൻ എന്ന പൊതു ശത്രുവിന് മുന്നിൽ ഫരിസേയരും, ഹെറോദേസ് പക്ഷവും ഒന്നിക്കുന്നതിനാണ് നാമൊക്കെ സാക്ഷിയാവുക.
പൊള്ളയായ മുഖസ്തുതി പാടികൊണ്ടാണ്, നസ്രായനെ കുരുക്കാനായി ഇവർ ഈ ചോദ്യം ചോദിക്കുക: സീസറിന് നികുതി കൊടുക്കുന്നത് ശരിയാണൊ? പ്രത്യക്ഷത്തിൽ അത്ര ഉപദ്രവകരമല്ലാത്ത ചോദ്യം എന്നാൽ നസ്രായന്റെ മറുപടി അവന്റെ ജീവിതത്തിന്റെ ഭാഗധേയം തന്നെ നിർണയിക്കുന്നതാവും. സീസറിന് നികുതി കൊടുക്കുന്നത് ശരിയാണ് എന്ന് നസ്രായൻ പറയുകയാണെങ്കിൽ ഉടനടി ഫരിസേയ പക്ഷം, സീസറിനെ അനുകൂലിക്കുന്ന നസ്രായനെ, രാജ്യദ്രോഹിയായി മുദ്രകുത്തും. തന്റെ ജനത്തിന്റെ വേദനയും അടിച്ചമർത്തലും തിരിച്ചറിയാത്ത കപടനാട്യക്കാരനായ ഗുരുവായി താറടിക്കും. ഇനി സീസറിന് നികുതി കൊടുക്കുന്നത് തെറ്റാണെന്ന് പറഞ്ഞാലൊ? ആ മറുപടിക്കായി സാകൂതം കാത്തിരിക്കുന്ന ഹെറോദേസ് പക്ഷം ഉടനടി നസ്രായൻ സീസറിനെതിരെ പ്രകോപനപരമായ സംസാരം നടത്തി, റോമൻ സാമ്രാജ്യത്തിനെതിരെ കലാപത്തിന് ജനങ്ങളെ പേരിപ്പിക്കുകയാണെന്ന സന്ദേശം റോമൻ സാമാജ്യത്തിന് നൽകി നസ്രായനെ അഴിക്കുള്ളിലാക്കും. ഇവരുടെ മാനസിക വ്യാപാരങ്ങൾ നന്നായി ഗ്രഹിച്ചിരുന്ന നസ്രായൻ ആവശ്യപ്പെടുക നികുതി അടയ്ക്കാൻ ഉപയോഗിക്കുന്ന നാണയം കൊണ്ടുവരാനാണ്. ഉടനടി ഫരിസേയ പക്ഷം ആ നാണയം നസ്രായന് നൽകുമ്പോൾ അവർ വെളിവാക്കുക അവരുടെ തന്നെ പൊള്ളത്തരമാണ്. സീസറിന് നികുതി കൊടുക്കുന്നത് പരസ്യമായി എതിർത്തിട്ടും, വ്യക്തിപരമായി ആ നിയമം അനുസരിച്ച് തങ്ങളുടെ ജീവിതവും ചുറ്റുപാടുകളും അവർ സുരക്ഷിതമാക്കായിരുന്നു.
തുടർന്ന് നസ്രായൻ ചോദിക്കുന്നുണ്ട്: നാണയത്തിലുള ലിവിതവും രൂപവും ആരുടെ താണ്? സീസറിന്റെതെന്ന് അവർ മറുപടി നൽകുമ്പോൾ നസ്രായൻ പറയുക സീസറിനുള്ളത് സീസറിനും, ദൈവത്തിനുളളത് ദൈവത്തിനും കൊടുക്കാനാണ്. തന്നെത്തനെ ദൈവത്തോട് സമാനനാക്കിയ സീസറിനോട് ഭൗമികമായ അധികാരം അവനെ ദൈവസമനാനാക്കുന്നില്ലെന്നും അതോടൊപ്പം ദൈവത്തിന് അർഹമായത് അതായത് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യ വ്യക്തിയെ തന്നെയാണ് നൽകേണ്ടെന്നും, ഭൂമിയിലെ അധികാരികൾക്ക് അർഹമായ നികുതി കൊടുക്കുന്നതിൽ തെറ്റില്ലെന്ന സന്ദേശവുമാണ് നസ്രായൻ പങ്ക് വയ്ക്കുക. ഈ മറുപടി കേട്ട് ഫരിസേയ പക്ഷവും, ഹെറോദേസ് പക്ഷവും അത്ഭുതസ്തബ്ദരായി മടങ്ങുകയാണ്. നമ്മൾ തെരെഞ്ഞെടുത്ത അധികാരികളെ ബഹുമാനിക്കാനും അവരുടെ നിർദ്ദേശങ്ങളെ അനുസരിക്കാനും നാം ബാധ്യസ്ഥരാണ്. എന്നാൽ ഒരധികാരിയും ദൈവസമാനനല്ല. ഉന്നതത്തിൽ നിന്ന് നൽകപ്പെട്ട അധികാരം ലഭിക്കാനിടയായ പച്ചയായ മനുഷ്യൻ മാത്രമാണവർ. നസ്രായനെപ്പോലെ അധികാരികൾക്ക് അർഹമായത് നൽകിയും എന്നാൽ അവരുടെ അനീതിക്കെൾക്കെതിരെ ശബ്ദമുയർത്തിയും നമ്മുടെ വിശ്വാസ യാത്ര തുടരാം. ഒത്തിരി പ്രാർത്ഥനയോടും സ്നേഹത്തോടും…നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…