ക്രിസ്തുരാജന്റെ തിരുനാൾ, Cycle B, മത്താ. 25: 31-46

മത്താ. 25: 31-46
“ചെയ്യാമായിരുന്നിട്ടും, ചെയ്യാതെ കടന്ന് പോയ നന്മകൾ…” ഈ മനോഭാവങ്ങൾ ആരും കണ്ടില്ല എന്ന് കരുതി നാമൊക്കെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോൾ എപ്പോഴെങ്കിലുമൊക്കെ പിന്നിട്ട ആ ഭൂതകാലത്തെക്കുറിച്ചും, സ്വാർത്ഥത നിറഞ്ഞ ആ നിമിഷങ്ങളെക്കുറിച്ചുമൊക്കെ ചിന്തിക്കുന്നത് നല്ലതാണ്… ഒരു പക്ഷെ നമ്മുടെയൊക്കെ മനസ്സിൽ ഉയരുന്ന ചിന്ത ഇപ്രകാരമായിരിക്കാം: ‘ഞാൻ ആരെയും, വേദനിപ്പിക്കുകയൊ, ദ്രോഹിക്കുകയോ ചെയ്തട്ടില്ല, എൻറ്റെ തിരക്കൊ, അസൗകര്യങ്ങൾ കൊണ്ടൊ എനിക്ക് ആ വ്യക്തിയെ സഹായിക്കാൻ കഴിഞ്ഞില്ല അത്രമാത്രം…
പാദ്രെ പിയോയുടെ ജീവിതം അടിസ്‌ഥാനമാക്കിയ ചിത്രത്തിൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്ന ഒരു രംഗമുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്തു, ശത്രു സൈന്യത്തിൻറ്റെ കരങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പള്ളി മേടയിലേക്ക് ഒരു സൈനികൻ ഓടികയറാൻ ശ്രമിക്കുന്നുണ്ട്… അയാളുടെ ചോരയ്ക്ക് മുറവിളികൂട്ടി ശത്രുസൈന്യം പിറകെയുണ്ട്… ശത്രുക്കളുടെ വെടിയേറ്റ് മരണത്തെ മുഖാഭിമുഖം കാണുന്ന സൈനീകൻ വൈദീകനോട് പാപമോചനം നൽകി തൻറ്റെ ആത്മാവിനെ ദൈവകരങ്ങളിൽ ഭരമേല്പിക്കാൻ യാചിക്കുന്നുണ്ട്. ഈ രംഗത്തിന് സാക്ഷിയാകുന്ന വൈദീകൻ തൻറ്റെ ജീവൻ രക്ഷിക്കാനായി മേടയുടെ വാതിലുകൾ ആ സൈനീകനു മുന്നിൽ അടച്ചുപൂട്ടുകയാണ്…ആരും കണ്ടട്ടിലെന്നു അയാൾ കരുതുന്ന ഈ സംഭവം പിന്നീട് പിയോ ആ വൈദീകനോട് വെളിപ്പെടുത്തുകയാണ്… ഈ വൈദീകൻ തെറ്റുകാരനാണോ? സ്വന്തം ജീവൻ സംരക്ഷിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷെ ജീവനും മരണത്തിനുമിടയിലുള്ള ആ ആത്മസംഘർഷത്തെ മറികടന്ന് ആ വ്യക്‌തിയുടെ ആത്മാവിനെ ദൈവകരങ്ങളിൽ അദ്ദേഹത്തിന് ഭരമേൽപ്പികമായിരുന്നു…
വിശക്കുന്ന, രോഗിയായ, കാരാഗൃഹവാസിയായ, നഗ്‌നനായ, നമ്മുടെ സഹോദരരിൽ നസ്രായനെ ദർശിക്കാൻ കഴിയുമ്പോൾ മാത്രമാണ് നമ്മുടെ ക്രിസ്തീയത മറ്റുള്ളവർക്ക് സാക്ഷ്യമായി മാറുന്നത്… ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്ന നന്മചെയ്യാതെ കടന്ന്പോയവർ നസ്രായനോട് ഇപ്രകാരം ചോദിക്കുന്നുണ്ട്: ‘എപ്പോഴാണ് നിന്നെ നഗ്നനും, ദാഹിക്കുന്നവനും, കാരാഗൃഹവാസിയും, രോഗിയോക്കെയായി കണ്ടത്?’ ശരിയാണ് നസ്രായനെ ആ രൂപത്തിൽ അവർ കണ്ടട്ടില്ല. പക്ഷെ ഈ വാദങ്ങളൊന്നും അവരെ രക്ഷിക്കുന്നില്ല… ദുർബലരിലും, ആലംബരിലും, നസ്രായനെ കണ്ടെത്തുമ്പോൾ മാത്രമാണ് നാമൊക്കെ അവൻറ്റെ അനുഗാമികളാവുന്നത്…
ക്രിസ്തുരാജൻറ്റെ തിരുനാൾ നാമിന്നാഘോഷിക്കുമ്പോൾ നാമൊക്കെയോർക്കേണ്ട ഒരുകാര്യമുണ്ട് തന്റെ രാജ്യത്തിനായി വാളെടുത്തു പടവെട്ടാനൊന്നും നസ്രായൻ പറഞ്ഞട്ടില്ല…കാരണം സമയത്തിൻറ്റെ അന്ത്യത്തിലാണ് അവൻറ്റെ രാജ്യം അതിൻറ്റെ പൂർണതയിൽ സാക്ഷത്കരിക്കപെടാൻ പോവുന്നത്… അതോടൊപ്പം ദുർബലരിൽ നിങ്ങളെന്നെ തിരിച്ചറിഞ്ഞോ? എന്ന ചോദ്യം നമ്മെ കാത്തിരിപ്പുണ്ടാവും… സ്നേഹത്തിൻറ്റെ ആഘോഷമാവട്ടെ നമ്മുടെ ജീവിതങ്ങൾ എന്ന പ്രാർത്ഥനയോടെ…നസ്രായൻറ്റെ ചാരെ…