മത്താ. 1: 18-24
നിശ്ശബ്ദതയിലാണ് ദൈവം സംസാരിക്കുന്നതെന്ന് പലതവണ പറഞ്ഞുകേട്ടിട്ടുള്ളതാണ്. നിശബ്ദനായി ദൈവസ്വത്തിന് കാതോർക്കാൻ കഴിഞ്ഞെട്ടില്ലെന്നതാണ് സത്യം. വേദപുസ്‌തകത്തിൽ നിശബ്ദയുടെ സൗന്ദര്യം നമുക്ക് പകർന്നു നൽകുന്നത് ഔസേപ്പിതാവാണ്… വല്ലാത്ത മാനസിക സംഘര്ഷങ്ങളിലൂടെയായാണ് ഈ മനുഷ്യൻറ്റെ യാത്ര. മറിയവുമായുള്ള കുടുംബജീവിതം സ്വപ്നം കാണുബോഴാണ് അപ്രതീക്ഷിതമായ ദൈവനിയോഗം ഈ മനുഷ്യൻറ്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
മറിയം ഗർഭിണിയാണെന്നുള്ള വിവരം ഈ മനുഷ്യനെ സംബന്ധിച്ചടുത്തോളം ഹൃദയത്തിലൂടെ കടന്നു പോയ വാൾ തന്നെയാവണം. ഇത്തരുണത്തിലുള്ള വാർത്ത രണ്ടായിരം വർഷങ്ങൾക്കുമപ്പുറം നമ്മെ അസ്വസ്ഥരാക്കുന്നുടെങ്കിൽ , രണ്ടായിരം വർഷങ്ങൾക്കു മുൻപ് യാഥാസ്ഥിതികതുടെ പര്യമായ ഒരു സമൂഹത്തിൽ ജീവിക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചെടുത്തോളം അതെത്ര കഠിനമായിരിക്കുമെന്നുളത് ഊഹിക്കാവുന്നതേയുള്ളു. അലിവിൻറ്റെ അമൂർത്തരൂപമായി അയാൾ മറിയത്തെ ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്… കല്ലെറിയപ്പെടാതെ, പ്രതിശ്രുത വരാനാൽ ഉപേക്ഷിക്കപ്പെട്ടവളായി ഇനി അവൾക്ക് ജീവിക്കാം. വാക്കിനു വ്യവസ്ഥയില്ലാത്തവൻറ്റെ അപമാനഭാരം നീതിമാനായ അയാൾ സ്വയം ഏറ്റെടുക്കുവാൻ ഒരുങ്ങുകയാണ്. നീതിമാന്മാരെ ദൈവം ഒരിക്കലും കൈവിടുന്നില്ലല്ലോ… സ്വപ്‌നത്തിലാണ് ദൈവ സ്വരം അയാളെ തേടിയെത്തുന്നത്.ആ സ്വപ്നത്തെ ഈ മനുഷ്യൻ അടിയുറച്ചു വിശ്വസിക്കുന്നു…
മറിയത്തോളം മഹത്തരമാണ് ഈ മനുഷ്യൻറ്റെ വിശ്വാസവും. ആ സ്വപ്നം തോന്നലാണെന്ന് കരുതി , തൻറ്റെ മുൻകൂട്ടി തയാറാക്കിയ പദ്ധതി ഈ മനുഷ്യന് നടപ്പാക്കാമായിരുന്നു. ദൈവവചനത്തിനു ചെവികൊടുക്കുന്ന ഈ മനുഷ്യൻറ്റെ ജീവിതത്തിലും വചനം മാംസം ധരിക്കുകയാണ്…ഹേറോദേസിൻറ്റെ പടവാളിൽ നിന്ന് ദൈവപുത്രന് കാവലാകുന്നത് ഉളിയെടുത്തുമാത്രം ശീലമുള്ള ഈ തച്ചനാണ്. അതെ ദൈവം അന്നും ഇന്നും എന്നും ദുർബലരോടൊപ്പമാണ്… ഇമ്മാനുവേൽ…ദുർബലരോടൊപ്പമാവട്ടെ നമ്മുടെ ക്രിസ്തുമസ്…