മത്താ. 5:38-48
“ശത്രുക്കളെ സ്നേഹിക്കുക,” ബൈബിൾ മനുഷ്യരാശിക്ക് പകർന്ന് നൽകുന്ന സുവർണപാടങ്ങളിലൊന്നാണ് സ്നേഹത്തിൻറ്റെയും ക്ഷമയുടെയും ഈ ഉൾവെളിച്ചം. ‘കണ്ണിനു പകരം കണ്ണ്, പല്ലിന് പകരം പല്ല്” എന്നതായിരുന്നു പരിചിതമായ നീതി ബോധം… ഇന്നും നമ്മളെ വേദനിപ്പിക്കുന്നവരോട് ക്ഷമിക്കുക എളുപ്പമാണോ? ഒരിക്കലുമില്ല… നമ്മുടെ മാനസിക ശാരീരിക മുറിവുകളെയും, ഹൃദയത്തിൽ നിറയുന്ന വെറുപ്പിനെയും മറികടക്കുക ശ്രമകരം തന്നെയാണ്… ഈ ക്ഷമ ഒരിക്കലും നീതിബോധത്തോടുള്ള അവഗണനയല്ല, മറിച് ക്ഷമയെന്ന സുകൃതത്തിലൂടെ നമ്മെ വേദനിപ്പിച്ചവരുടെ ഹൃദയങ്ങളെ നാം കീഴടക്കുകയാണ്… ‘ശരീരമാസകലം കുത്തിമുറിവേൽപിച്ചിട്ടും തൻറ്റെ ഘാതകനോട് നിരുപാധികം ക്ഷമിച്ച വിശുദ്ധ മരിയ ഗൊരേത്തിയും, നടുറോഡിൽ ദാരുണമായി കൊലപ്പെടുത്തിയ തങ്ങളുടെ മകളുടെ കൊലയാളിയോട് ക്ഷമിക്കുന്ന സ്നേഹം പ്രകടിപ്പിച്ച വാഴ്ത്തപ്പെട്ട റാണി മരിയയുടെ കുടുംബാംഗങ്ങൾ, തൻറ്റെ കുടുംബത്തെ ജീവനോടെ കത്തിച്ചു ചാമ്പലാക്കിയവരോട് ഹൃദയപൂർവം ക്ഷമിച്ച ഗ്ലാഡിസ് സ്റ്റെയിൻസുമൊക്കെ കരവരിയിൽ ക്ഷമയുടെ നിറവായ നസ്രായൻറ്റെ മറ്റൊരു പതിപ്പല്ലേ…കുരിശിൻറ്റെവഴിയലെ, ഓരോ മാത്രയിലും നസ്രായനിൽ നിഴലിക്കുന്നത് ക്ഷമയുടെ ഈ മൂർത്തഭാവമാണ്.
ആത്മീയത പൂക്കുന്ന നോമ്പുകാലത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ ഇനിയും നമുക്ക് ക്ഷമിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സഹോദരങ്ങളെ നസ്രായൻറ്റെ കുരിശിനോട് ചേർത്ത് വെയ്ക്കാം… നാം പ്രാർത്ഥിക്കാൻ പോവുന്ന ഓരോ കുരിശിൻറ്റെ വഴിയും ക്ഷമയുടെ ആഴങ്ങളിലേക്ക് നമ്മെ നയിക്കട്ടെ എന്ന പ്രാർത്ഥനയോടെ…