പെസഹാക്കാലം മൂന്നാം ഞായർ, Cycle-A, ലൂക്കാ. 24:13-35

ലൂക്കാ. 24:13-35
തന്നെ ഉപേക്ഷിക്കുന്നവരെ നസ്രായൻ ഒരിക്കലും ഉപേക്ഷിക്കുന്നില്ല. ശിഷ്യൻമാരുടെ എമ്മാവൂസനുഭവം ജീവിതത്തിന്റെ ഏതവസ്ഥയിലും പരിധികളും നിബന്ധനകളുമില്ലാതെ നമ്മെ നെഞ്ചോട് ചേർക്കുന്ന ഇടയ സ്നേഹത്തിന്റെ അടയാളമാണ്. നസ്രായന്റെ ഉത്ഥാനത്തെകുറിച്ചുള്ള വാർത്തകൾ കേട്ടതു മൂലമുള്ള ഭയമായിരിക്കണം ജെറുസലെം ഉപക്ഷിച്ച് എമ്മാവൂസിലേക്ക് യാത്രയാവാൻ ഈ തോഴരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. താൻ കൂടെയായിരുന്നപ്പോൾ പ്രവർത്തിച്ച അത്ഭുതങ്ങൾക്ക് സാക്ഷികളായിട്ടും അത് പോലെ പല തവണ ഉത്ഥാനവുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ നടത്തിയിട്ടുമൊക്കെ അതൊന്നും മസ്സിലാക്കാനൊ, ഉൾക്കൊള്ളാനൊ കഴിയാതെ, തന്നെ എന്നെക്കുമായി ഉപേക്ഷിച്ചു പോന്നവരെ നസ്രായനും എഴുതി തള്ളാമായിരുന്നു. എന്നാൽ അവരെ വീണ്ടെടുക്കാനായ് നസ്രായൻ അവരോടൊപ്പം നടക്കുകയാണ്. അപരിചിതനായ് തന്നോടൊപ്പം നടക്കുന്ന അതിഥിയോട് ശിഷ്യർ തങ്ങളുടെ മനസ്സ് തുറക്കുകയാണ്.
നസ്രായനെക്കുറിച്ച് തങ്ങൾക്കുണ്ടായ സ്വപ്നങ്ങളും, പദ്ധതികളുമൊക്കെ കുറിച്ച് അവർ വാചാലരാകുന്നുണ്ട്. എന്നാൽ അവന്റെ കുരിശ് മരണം പരാജയമായി അവർ വിലയിരുന്നിടത്ത് നിന്ന് നസ്രായൻ ആരംഭിക്കുകയാണ്. സ്നേഹം നിറഞ്ഞൊരു ശാസനയോട് കൂടി തന്നെയാണ് നസ്രായൻ ആരംഭിക്കുക. പ്രവാചക ഗ്രന്ഥങ്ങളിൽ തന്നെക്കുറിച്ച് എഴുതപ്പെട്ടതും, തന്റെ കുരിശ് മരണം ആകസ്മികമായി സംഭവിച്ചതല്ലെന്നും മാനവരക്ഷയ്ക്ക് കുരിശ് മരണം അനിവാര്യമാണെന്നുള്ള യാഥാർത്ഥ്യത്തെ നസ്രായൻ അവർക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കയാണ്. നേരം ഇരുട്ടി തുടങ്ങുമ്പോൾ തളർന്നതും, നിരാശ നിറഞ്ഞതുമായ തങ്ങളുടെ ഹൃദയങ്ങളെ വാക്കിന്റെ ശക്തിയാൽ ജ്വലിപ്പിക്കുന്ന ഈ അതിഥിയോട് കൂടെ വസിക്കാൻ അവർ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ അത്താഴ വേളയിൽ നസ്രായൻ അപ്പമെടുത്ത്, വാഴ്ത്തി, മുറിക്കുമ്പോൾ അവരുടെ ഓർമകൾ തങ്ങളുടെ പ്രിയ ഗുരുവിന്റെ ഓർമ്മകളാൽ സുഗന്ധ പൂരിതമാവുകയാണ്. അവർ അഞ്ചപ്പം അയ്യായിരം പേർക്കായി വർദ്ധിപ്പിച്ചതും, അന്ത്യത്താഴവേളയിൽ അപ്പവും, വീഞ്ഞുമെടുത്ത് വാഴ്ത്തി, വിഭജിച്ച് നൽകിയതും ഇങ്ങനെയായിരുന്നു… പക്ഷെ അപ്പം മുറിക്കപ്പെടുമ്പോൾ അവൻ അപ്രത്യക്ഷനാവുകയാണ്.
കാൽവരിയിൽ മുറിയപ്പെട്ടവൻ മരിച്ചിട്ടില്ല, മറിച്ച് നിഴലുപോലെ കൂടെയുണ്ടെന്നുള്ള ഉറപ്പിൽ ജെറുസലെമിലേക്ക് അവർ തിരികെ നടക്കുകയാണ്. പിന്നിട്ട ദൂരം തിരികെ നടക്കുമ്പോൾ ക്ഷീണമൊന്നും അവരെ വലയ്ക്കുന്നില്ല തളർന്ന്, മന്ദീഭവിച്ച ഹൃദയവുമായി വിശ്വാസ യാത്രയിൽ മുന്നോട്ട് പോവാൻ കഴിയാത്തവർക്ക് അവൻ നൽകുന്ന ഊർജ്ജം തന്റെ തന്നെ ശരീര രക്തങ്ങളല്ലെ… അവന്റെ ഉത്ഥാനത്തിന്റെ വാർത്തകേട്ട് പേടിച്ച് എമ്മാവൂസിലേക്ക് ഓടിയൊളിക്കാനായ് പോയവർ തിരികെ ജെറുസലെമിലേക്ക് വരുന്നത് അവന്റെ ഉത്ഥാനത്തിന് സാക്ഷികളായിട്ടാണ്. ജെറുസലെമിൽ ഉണ്ടായിരുന്ന ശിഷ്യൻമാരുടെ ഭയം നിറഞ്ഞ, മന്ദീഭവിച്ച ഹൃദയങ്ങളെ നസ്രായന്റെ ഓർമ്മയാൽ, പ്രത്യാശയാൽ, സാന്നിദ്ധ്യത്താൽ ജ്വലിപ്പിക്കുന്നത് നസ്രായനെ അനുഭവിച്ച ഈ ശിഷ്യൻമാരാണ്. പരിശുദ്ധ കുർബ്ബാനയിൽ നമ്മോടൊപ്പം നിത്യവും വസിക്കുന്ന നസ്രായനെ കൂടെ കൂട്ടി മന്ദീഭവിച്ച നമ്മുടെ ഹൃദയങ്ങളെ വിശ്വാസ ദീപ്തിയാൽ ഉജ്ജ്വലിപ്പിച്ചു കൊണ്ട് അവന്റെ സ്നേഹം പകർന്ന് ലോകത്തെ അവനായി നമുക്ക് നേടാനാവട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…