പന്തക്കുസ്താ തിരുനാൾ, Cycle -B, യോഹ. 20:19-23

യോഹ. 20:19-23
തന്നോടൊപ്പം ആയിരിക്കാനും അയക്കപ്പെടാനുമാണ് നാസായൻ തന്റെ അനുയായികളെ തെരെഞ്ഞെടുത്തത്. അയക്കപ്പെടുന്നവർ തങ്ങൾ ആയിരിക്കുന്നിടത്ത് തങ്ങളുടെ ജീവിതത്തിലൂടെയും, വാക്കുകളിലൂടെയും , പ്രവർത്തനങ്ങളിലൂടെയും സുവിശേഷമാകേണ്ടവരാണ്. സുവിശേഷമായിത്തീരുക ഒരു വ്യക്തിയുടെ ഇച്ഛാശക്തിയിൽ സംഭവിക്കുന്ന ഒന്നല്ല. സുവിശേഷം പ്രഘോഷിക്കാനും ജീവിക്കാനുള്ള അന്തരീക പ്രചോദനവും കൃപകളും നാമോരോരുത്തർക്കും ദാനമായി നൽകുന്നത് പരിശുദ്ധാത്മാവാണ്.
ഇന്നത്തെ സുവിശേഷത്തിൽ തന്റെ സ്വർഗാരോപണത്തിന് മുമ്പായി നിശ്വസിച്ചുകൊണ്ട് പരിശുദ്ധാത്മാവിനെ തന്റെ ശിഷ്യർക്ക് നസ്രായൻ നൽകുന്നുണ്ട്. നിശ്വസിച്ചു കൊണ്ട് മനുഷ്യന് ജീവവായു നൽകുന്ന ദൈവപിതാവിനെ ഉത്പത്തിയുടെ പുസ്തകത്തിൽ നാം വായിക്കുന്നുണ്ട്. ഭയത്താൽ മൃതപ്രാണരായിരുന്ന അപ്പോസ്തലൻമാർ ഭയത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ച് പന്തക്കുസ്താ അനുഭവത്തിനായ് ഒരുങ്ങുന്നത് തന്നെ ആ നിമിഷം മുതലാണ്. അങ്ങനെ പ്രാർത്ഥനയുടെ അരൂപിയിൽ ആത്മാവിനായി ദാഹിച്ച് കാത്തിരുന്ന അപ്പോസ്തലൻമാരിലേക്ക് നാവിന്റെ രൂപത്തിലുള്ള തീനാളമായ് പരിശുദ്ധാത്മാവ് നിറയുകയാണ്. അങ്ങനെ സ്നാപകനിലൂടെ പ്രവചിക്കപ്പെട്ട യേശു നാഥൻ നൽകുന്ന പരിശുദ്ധാത്മാവിനാലും അഗ്നിയാലുമുള്ള ജ്ഞാനസ്നാന അനുഭവത്തിലേക്ക് അപ്പോസ്തലൻമാർ കടന്ന് വരികയാണ്.
ആത്മാവിനാൽ നിറഞ്ഞ് തങ്ങൾ പഠിച്ചിട്ടില്ലാത്ത പുതുഭാഷകൾ അപ്പോസ്തലൻമാർ സംസാരിക്കുകയാണ്. അങ്ങനെ ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് ഒത്തുകൂടിയ, വിവിധ ഭാഷകളിലും സംസ്കാരങ്ങളിലുംപെട്ടവർ അപ്പോസ്തലൻമാരുടെ പ്രഥമ പ്രഭാഷണം തങ്ങളുടെ മാതൃഭാഷയിൽ ശ്രവിക്കുകയാണ്. പരിശുദ്ധാത്മാവ് മനുഷ്യ വ്യക്തികളെ തന്റെ ഉപകരണങ്ങളാക്കി മാറ്റി സുവിശേഷ പ്രഘോഷണത്തിന് ആരംഭം കുറിക്കുന്ന ചരിത്ര മുഹൂർത്തത്തിന്റെ ഓർമ്മയാണ് ഒന്നാം വായന നമ്മോട് പങ്കവയ്ക്കുന്നത്.
രണ്ടായിരം വർഷങ്ങൾക്കുമപ്പുറം ഈ ദൗത്യം തുടർന്ന് കൊണ്ട് പോകുവാൻ വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരും. നസ്രായനാൽ അയക്കപ്പെടുന്ന നാമോരുത്തരുമൊക്കെ അവന്റെ സുവിശേഷമായിത്തീരുന്നതിന് അഗ്നിയാലും പരിശുദ്ധാത്മാവിനാലുമുള്ള ജ്ഞാനസ്നാനം അനിവാര്യമാണ്. ആത്മാവ് നമ്മിൽ നിറഞ്ഞ്, അവൻനമ്മെ തന്റെ ഉപകരണങ്ങളാക്കി മാറ്റുമ്പോൾ മാത്രമെ, മറ്റുള്ളവരുടെ ഹൃദയങ്ങളെ ദൈവത്തങ്കലേക്ക് തിരിച്ച് നാം പ്രഘോഷിക്കുന്ന വചനം അവർ ശ്രവിക്കാനും, മനസ്സിലാക്കാനും അങ്ങനെ ജീവിത പരിവർത്തനത്തിലേക്ക് നയിക്കപ്പെടാനും ഇടയാവുകയുള്ളു.. ആരാധന ക്രമത്തിന്റെ ഭാഗമായി ആഘോഷിച്ച് വീട്ടുകളയേണ്ട ഒരു തിരുനാളായി മാറാതെ, അനുദിനം നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ട ആത്മീയ അനുഭവമായ് പന്തക്കുസ്താ തിരുനാൾ മാറട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നസ്രായന്റെ ചാരെ…