പരിശുദ്ധ കുർബ്ബാനയയുടെ തിരുനാൾ, Cycle C, ലുക്കാ. 9:11B-17

ലുക്കാ. 9:11B-17
എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തൻറെ കുരിശുമെടുത്ത് എൻറ്റെ പിന്നാലെ വരട്ടെ എന്ന നസ്രായൻറ്റെ വാക്കുകൾ ആലിങ്കാരികമായി തോന്നിയിരുന്നു… സമർപ്പണവീഥിയിൽ കുറച്ചുദൂരം പിന്നിടുമ്പോൾ ക്രിസ്തീയതുടെ പൊരുൾ കുറച്ചൊക്കെ വ്യക്തമാകുന്നുണ്ട്. കുരിശ് വഹിക്കാതെയും മുറിക്കപ്പെടാതെയുമുള്ള ജീവിതം സമർപ്പണത്തിൻറ്റെതല്ലെന്ന നുറുങ്ങുവെട്ടം ഉള്ളിൽ പരക്കുന്നുണ്ട്… ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നതും ഈ മുറിക്കപ്പെടലിൻറ്റെ ആത്മീയതയിലേക്കാണ്…
നസ്രായൻറ്റെ വചനം കേൾക്കാൻ ഒത്തുകൂടിയ ജനങ്ങൾക്കു ഭക്ഷണം നൽകാനാവാതെ നിസ്സഹായരായ നിൽക്കുന്ന ശിഷ്യന്മാരെ നാം ഇന്നത്തെ സുവിശേഷത്തിൽ കണ്ടുമുട്ടുന്നു. തങ്ങളുടെ ഇല്ലായ്മയും, കുഞ്ഞുമനസിൻറ്റെ നന്മയായ അഞ്ചപ്പവും രണ്ട് മീനും നസ്രായന് നൽകുമ്പോൾ ഇല്ലായ്മകൾ സമൃദ്ധിയുടെ നിറവാകുന്നു. അപ്പം മുറിച്, മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോൾ, നസ്രായൻറ്റെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവുക താൻ തന്നെ ജീവൻറ്റെ അപ്പമാകുന്ന ദിവ്യകാരുണ്യ വിരുന്നിനെക്കുറിച്ചുള്ള ചിന്തകളായിരിക്കണം. സ്വയം മുറിക്കപ്പെട്ടു നമ്മുടെ ജീവിതാനത്തിൻറ്റെ ഭാഗമാകാനുള്ള നസ്രായൻറ്റെ സ്നേഹമാണ് നിത്യതയുടെ പ്രത്യാശ നമുക്ക് നൽകുന്നത്… നസ്രായനെപ്പോലെ സ്വയം മുറിക്കപ്പെട്ടു മറ്റുള്ളവരുടെ ജീവിതത്തിന് പ്രത്യാശ നൽകുന്ന ദിവ്യകാരുണ്യമായി നമ്മുടെ ജീവിതങ്ങൾ മാറട്ടെ…