മത്താ. 13:24-43
അബ്ബാ സൃഷ്ടിച്ചു പരിപാലിക്കുന്ന ഈ ലോകത്തിൽ എന്തു കൊണ്ട് തിൻമ അരങ്ങേറുന്നു? ആരാണ് ഈ തിൻമയ്ക്ക് ഉത്തരവാദി? അത്ര എളുപ്പത്തിൽ ഉത്തരം പറയാവുന്ന ഒരു ചോദ്യമല്ല ഇതെന്ന് വ്യക്തമായി അറിയാം. ഈ ചോദ്യത്തിനുത്തരം കണ്ടെത്താനുള്ള ശ്രമത്തിൽ പലപ്പോഴും നാമൊക്കെ വിരൽ ചൂണ്ടുക അബ്ബായിലേക്ക് തന്നെ ആയിരിക്കും. എല്ലാത്തിനെയും സൃഷ്ടിച്ച് പരിപാലിക്കുന്നത് അബ്ബായാണെങ്കിൽ തിൻമയെ സൃഷ്ടിച്ചത് അബ്ബായണന്നുള്ള വാദം സാധാരണമാണ്. തിൻമ ഈ ഭൂവിൽ അരങ്ങേറുക അബ്ബാ നമുക്ക് നൽകിയ ഏറ്റവും വലിയ കൃപയായ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം മൂലമാണ്. മനുഷ്യ സ്വാതന്ത്ര്യത്തെ അത്യധികം വിലമതിക്കുന്ന അബ്ബാ നമ്മുടെ ഈ സ്വാതന്ത്യത്തിന് വിലങ്ങ് തടിയായി ഒരിക്കലും നിലകൊള്ളുകയില്ല. നിത്യതയിലെ നമ്മുടെ ഓരോ പ്രവൃത്തിയും അറിയുന്ന അബ്ബാ നമ്മുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താൻ ആഗ്രഹിക്കുന്നില്ല. ഇന്നത്തെ സുവിശേഷം നമ്മോട് പങ്ക് വയക്കുന്നത് ഇതിനുള്ള ഉത്തരമാണ്. ഉടമസ്ഥൻ ഇല്ലാത്ത സമയത്ത്, ശുതുക്കൾ പാടത്ത് കളകൾ വിതറുകയാണ്. റോമൻ നിയമമനുസരിച്ച് ആരുടെയെങ്കിലും കൃഷിയിടങ്ങളിൽ മന:പൂർവ്വം കളകൾ വിതയ്ക്കുന്നത് ശിക്ഷയർഹിക്കുന്ന കുറ്റമായിട്ടാണ് കണക്കാക്കിയിരുന്നത്. വിളയോടൊപ്പം വളർന്ന് വരുന്ന കള, വിളയ്ക്ക് ദോഷം തന്നെയാണ്. വിളയ്ക്ക് ലഭിക്കേണ്ട പോഷകാഹാരങ്ങൾ സ്വീകരിച്ച് വളരുന്ന കള, വിളയുടെ വളർച്ചയെ ബാധിക്കുന്നുണ്ട്.
ഭ്യത്യൻമാർ യജമാനനോട് വിളെയെക്കാൾ വേഗത്തിൽ വളരുന്ന കളയെ പിഴുതെറിയാനുള്ള അനുവാദം ആരായുന്നുണ്ട്. എന്നാൽ വിളയുടെ വേരിനോടൊപ്പം ഇഴചേർന്നു വളരുന്ന കളയെ പിഴുതെറിയാനുള്ള ശ്രമം വിളയ്ക്കും വലിയ ദോഷമുണ്ടാക്കും. അതിനാൽ വിളവെടുപ്പ് വരെ കാത്തിരിക്കാനാണ് യജമാനൻ ആവശ്യപ്പെടുക. വിളവെടുപ്പിന് ശേഷമുള്ള അവശിഷ്ഠങ്ങൾ പരിപൂർണ്ണമായി ദഹിപ്പിക്കാനുള്ള ഇന്ധനമായി മാറുന്നത് എല്ലാവരെയും അലോസരപ്പെടുത്തിയ കളയാണ്. അബ്ബാ തിൻമയെ നൻമയോടൊപ്പം വളരാൻ അനുവദിക്കുക തന്റെ അനന്തമായ ജ്ഞാനത്തിന്റെയും പദ്ധതിയുടെയും ഭാഗമായിട്ടാണെന്ന് തിരിച്ചറിഞ്ഞ് അബ്ബായെ കുറ്റപ്പെടുത്തുന്നതിൽ നിന്ന് നാമൊക്കെ വളരേണ്ടിയിരിക്കുന്നു. സമയത്തിന്റെ തികവിൽ സംഭവിക്കാനിരിക്കുന്ന ആത്മീയ വിളവെടുപ്പിന്റെ അവസാനമാവും ഈ നാൾ വരെയും അരങ്ങേറിയിട്ടുള്ള തിൻമകളൊടൊയുടെ വിചാരണയും. വിളയെയും കളയെയും ഒരുമിച്ച് വളരാൻ അനുവദിക്കുന്ന അബ്ബായുടെ ആ ക്ഷമയിലേക്ക് നമ്മുടെ ആത്മീയ ജീവിതവും പരുവപ്പെടേണ്ടിയിരിക്കുന്നു. വിളയെക്കാൾ തഴച്ച് വളരുന്ന കളയെ, നൻമയെ നിരന്തരം വെല്ലുവിളിക്കുന്ന തിൻമയുടെ മുന്നിൽ നാം ഭയപ്പെടുകയൊ, പകച്ച് പോവുകയൊ ചെയ്യരുത്. ദൈവരാജ്യം കടുകുമണിക്കും പുളിമാവിനും സദൃശ്യമാണ്. ആകാരത്തിൽ കടുകുമണി ചെറിയ വിത്താണെങ്കിലും സമയത്തിന്റെ പൂർണ്ണതയിൽ ആകാശത്തിലെ പക്ഷികൾക്ക് അഭയം നൽകുന്ന അമ്മമര തണലായി വളരുന്നത് ഈ കടുക് മണിയാണ് ഇതിന് സമാനമാണ് ദൈവരാജ്യത്തിന്റെ വളർച്ചയും. അത് പോലെ ഒരു നുള്ള് പുളിമാവിന് ഒരു പാത്രം മുഴുവൻ ധാന്യത്തെ പുളിപ്പിച്ച് സ്വാദിഷ്ടമായ ഭക്ഷണത്തിനുള്ള കൂട്ടാക്കാൻ സാധിക്കും തിൻമയെ പഴിച്ച് സമയം കളയാതെ നസ്രായന്റെ സ്നേഹത്തിന്റെ, നൻമയുടെ പ്രകാശം പേറുന്ന മിന്നാമിനുങ്ങുകളാവാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…