മത്താ. 16: 13-20
ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്? ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത് നസ്രായൻറ്റെ ഈ ചോദ്യത്തെ ധ്യാനിക്കാനാണ്. ജനങ്ങൾ തന്നെക്കുറിച്ചു എന്താണ് പറയുന്നതെന്ന് നസ്രായൻ ശിഷ്യരോട് ചോദിക്കുന്നത്… അവരുടെ കാഴ്ചപ്പാട് എന്തുതന്നെയായാലും അത് അവനെ ഭയപ്പെടുത്തുന്നില്ല… പക്ഷെ തൻറ്റെ അരുമശിഷ്യരുടെ കാഴ്ചപ്പാട് അവന് പ്രധാനമാണ്. കാരണം തെരെഞ്ഞെടുക്കപ്പെട്ട ഇവരിലൂടെയാണ് ലോകതിർത്തികൾ വരെയുള്ള തൻറ്റെ ദൈവ രാജ്യം പ്രഘോഷിക്കപ്പെടാനും സ്ഥാപിക്കപ്പെടാനും പോകുന്നത്…
അവൻറ്റെ ചോദ്യത്തിന് മിഴിവോടെ ഉത്തരം നൽകുന്നത് പത്രോസാണ്. നസ്രായൻ ഈ നിമിഷം പത്രോസിനെ ഓർമിപ്പിക്കുന്നുണ്ട് … ശരീര രക്തങ്ങല്ല മറിച് സ്വർഗ്ഗസ്ഥനായ തൻറ്റെ അബ്ബായാണ് ഈ ഈ ബോദ്ധ്യം പത്രോസിന് നൽകുന്നതെന്ന്… കടലിൻറ്റെ ആഴങ്ങളെ നന്നായി അറിയാവുന്ന പത്രോസിനെ ആത്മീയതുടെ ആഴങ്ങളിലേക്ക് നസ്രായൻ കൂട്ടികൊണ്ടുപോവുകയാണ്..
തൻറ്റെ കഴിവിലും നേതൃത്വപാടവത്വത്തിലും പത്രോസിന് തികഞ്ഞ വിശ്വാസമായിരുന്നു…….എന്നാൽ ദൈവ കൃപയിൽ ആശ്രയിക്കാതെ തൻറ്റെ തന്നെ കഴിവിൽ ആശ്രയിക്കാനുള്ള പ്രവണത ഈ പ്രിയശിഷ്യനുണ്ടെന്ന് നസ്രായന് നന്നേ അറിയാം… ‘ആരൊക്കെ തള്ളിപ്പറഞ്ഞാലും ഗുരുവിനെ താൻ തള്ളിപ്പറയില്ല’ എന്നൊക്കെ അയാൾ പറഞ്ഞുവെയ്ക്കുന്നുണ്ട്… എന്നിട്ടും നാഴികകൾക്കപ്പുറം അയാൾ ഗുരുവിനെ ഒന്നല്ല, മൂന്നാവർത്തി തള്ളിപ്പറയുന്നുണ്ട്…
മാംസരക്തങ്ങളില്ല ആത്മാവിനെയാണ് നാം ആശ്രയിക്കേണ്ടത്… ആത്മാവാണ് നസ്രായൻറ്റെ ദൈവീകത്വം ലോകത്തോട് ലോകത്തോട് വിളിച്ചുപറയാൻ നമ്മെ ശക്തിപ്പെടുത്തുന്നത്…
ഈ തിരിച്ചറിവിലാണ് ആ രാത്രിയിൽ അയാൾ പൊട്ടിക്കരയുന്നത്…ആ ഇടർച്ചയുടെ ഓർമ്മ ജീവിതാവസാനംവരെ അയാളോടൊപ്പമുണ്ടായിരുന്നു… കണ്ണുനീർവാർന്ന് കവിളിൽ കണ്ണീർച്ചാലിൻറ്റെ അടയാളം രൂപപ്പെട്ടു എന്നാണ് പാരമ്പര്യം. ഇടറിയിട്ടും ഇടറാതെ തന്നോട് ചേർന്ന് നിന്ന ആ സ്നേഹത്തെകുറിച്ചോർക്കുമ്പോൾ വിതുമ്പാതിരിക്കാൻ അയാൾക്കെങ്ങിനെ സാധിക്കും? ആത്മാവിൻറ്റെ കൃപയിൽ ആശ്രയിച്ചു നസ്രായൻ ദൈവപുത്രനാണെന്ന് ലോകത്തോട് നമുക്ക് വിളിച്ചുപറയാം…