ലുക്കാ. 18:9-14
പ്രാർത്ഥനയുടെ നിമിഷങ്ങൾ ദൈവിക സാന്നിദ്ധ്യത്തിലേക്ക് നമ്മെ ഉയർത്തുന്ന, ദൈവസാന്നിദ്ധ്യത്തെ അനുഭവിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന നിമിഷങ്ങളാണ്. ദൈവസാന്നിദ്ധ്യത്തെക്കുറിച്ചുള്ള ഈ ബോധ്യത്തിലും, ഉറപ്പിലും ആഴപ്പെടുമ്പോൾ മാത്രമാണ് അനന്ത നൻമയായ ദൈവത്തെയും, നമ്മെത്തന്നെയും വെളിപ്പെടുത്തിക്കിട്ടുന്ന അനുഗ്രഹ നിമിഷങ്ങളായി മാറുന്നത്. ഈ ഒരു ആഴപ്പെടലിലേക്ക് വളരനായില്ലെങ്കിൽ നമ്മുടെ പ്രാർത്ഥനയുടെ നിമിഷങ്ങൾ സ്വയം ന്യായികരണത്തിന്റെയൊ, വിവിധ ആവശ്യങ്ങളുടെ പൂർത്തികരണത്തിന് വേണ്ടിയുള്ള യാചന പ്രാർത്ഥനയുടെ നിമിഷങ്ങൾ മാത്രമായി ചുരുങ്ങുവാൻ ഇടയുണ്ട്. നമ്മുടെ ഇടയിൽ കാരുണ്യമായി നിറയുന്ന ദൈവസ്നേഹത്തെ അനുഭവിച്ച്, ആ ദൈവ സ്നേഹത്തെ മനസ്സിലാക്കാനൊ, നമ്മെത്തന്നെയും അറിയാനൊ, കുറവുകളോട് കൂടി നമ്മെത്തന്നെയും നമ്മുടെ സഹോദരങ്ങളെയും സ്വീകരിക്കുന്നതിനുള്ള കൃപയുടെ നിമിഷങ്ങൾ അങ്ങനെ നമുക്ക് നഷ്ടമാവും.
ഇന്നത്തെ സുവിശേഷം നമുക്ക് പരിചയപ്പെടുത്തുക വ്യത്യസതങ്ങളായ ഈ രണ്ട് മനോഭാവങ്ങളോട് കൂടെ ദൈവ സന്നിധിയിലേക്ക് കടന്ന് വരുന്ന രണ്ട് വ്യക്തികളെയാണ്. ആദ്യത്തെയാൾ ഫരിസേയനാണ്. ഉപമയുടെ ഭാഗമായിട്ടാണ് ഈ കഥാപാത്രങ്ങളെ നസ്രായൻ അവതരിപ്പിക്കുന്നതെങ്കിലും അന്നത്തെ മത നേതാക്കൻമാരിൽ എല്ലാം തന്നെ ദൈവസന്നിധിയിൽ തങ്ങളെത്തന്നെ സ്വയം ന്യായികരിക്കുന്ന മനോഭാവം വ്യക്തമായി കാണാൻ കഴിയുമായിരുന്നു. താൻ എന്തല്ലെന്നും, എന്തൊക്കെ കാര്യങ്ങളാണ് ദൈവത്തിന് വേണ്ടി ചെയ്യുന്നതൊക്കെ സമർത്ഥിക്കുന്നതായിരുന്നു അയാളുടെ പ്രാർത്ഥന. താൻ അക്രമിയൊ, വ്യഭിചാരിയൊ, നീതി രഹിതനൊ അല്ല. തന്റെ സമീപത്ത് പശ്ചാതാപത്താൽ വിറങ്ങലിച്ച് നിൽക്കുന്ന ചുങ്കക്കാരനെ നോക്കി, തെല്ലഹങ്കാരത്തോടെ താൻ ഇവനെപ്പോലെ പാപിയുമല്ല എന്നൊക്കെ അയാൾ സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ജീവിക്കുന്ന വിശുദ്ധൻ, ദൈവത്തിന് കൃത്യമായി ദശാംശം കൊടുക്കുന്നവൻ… അങ്ങനെ ഇത്രമാത്രം വിശ്വസ്തതയോടെ, ദൈവത്തെ അന്വേഷിക്കുന്ന, അനുസരിക്കുന്ന തന്നെ ദൈവവും അന്വേഷിക്കണം എന്ന ഹുങ്ക് നിറഞ്ഞ പ്രാർത്ഥനയോടെ അയാൾ കടന്ന് പോവുകയാണ്.
ചുങ്കക്കാരനാവട്ടെ ദൈവ സന്നിദ്ധിയിലേക്ക് കണ്ണുകൾ പോലും ഉയർത്താൻ ധൈര്യപ്പെടാതെ തന്റെ ഇടർച്ചകളെ ഓർത്ത് മാറത്തടിച്ച് ദൈവത്തിന്റെ കരുണയുടെ വാതായനങ്ങളിൽ മുട്ടി അനുതാപം നിറഞ്ഞ ഹൃദയത്തോടെ അവിടെ നിന്ന് യാത്രയാവുകയാണ്. പാപ പുണ്യങ്ങളുടെ കണക്കിൽ തീർച്ചയായും ഫരിസേയൻ ചുങ്കക്കാരനെക്കാൾ അതിദൂരം മുന്നിലാണ്. എന്നാൽ നസ്രായൻ സ്വീകരിക്കുക ഈ ചക്കക്കാരന്റെ അനുതാപം നിറഞ്ഞ ഹൃദയത്തെയാണ്. ദൈവസന്നിധിയിൽ അവനെയാണ് നീതീകരിക്കപ്പെട്ടവനായി പരിഗണിക്കുക, കാരണം തനിക്കുള്ളതെല്ലാം തന്റെ പരിശ്രമത്തിന്റെ ഫലമാണെന്ന ഭാവവും, ആത്മീയ അഹങ്കാരവുമാണ് ഫരിസേയന്റെ ആത്മീയതയെ വഴി നടത്തിയത്. ഈ ആത്മീയ അന്ധത ദൈവത്തെ അറിയുന്നതിൽ നിന്ന്, സ്വന്തം സഹോദരനെ അറിയുന്നതിൽ നിന്ന് അയാളെ തടസപ്പെടുത്തുകയാണ്.
ചുങ്കക്കാരനാവട്ടെ തന്റെ ഇടർച്ചകളെ വ്യക്തമായി അറിഞ്ഞ് നസ്രായന്റെ കൃപയില്ലാതെ ഒരു പുതിയ തുടക്കം തന്റെ ജീവിതത്തിൽ സാധ്യമല്ല എന്ന തിരിച്ചറിവോടെ, അവന്റെ കൃപയ്ക്ക് തന്നെത്തന്നെ അടിയറ വച്ച് കടന്ന് പോവുകയാണ്. ദൈവ സന്നിദ്ധയിൽ സ്വയം ന്യായികരിക്കുന്നതല്ല മറിച്ച് സ്വയം എളിമപ്പെടുന്നതാണ് ആത്മീയ വളർച്ച. നാമൊക്കെ എന്തായിരിക്കുന്നുവൊ അത് ദൈവ കൃപയുടെ, സ്നേഹത്തിന്റെ ആഘോഷമല്ലാതെ മറ്റെന്താണ്? ദൈവ സന്നിദ്ധിയിൽ ഈ ചുങ്കക്കാരനെപ്പോലെ സ്വയം എളിമപ്പെട്ടുകൊണ്ട് ദൈവത്തെയും, സഹോദരങ്ങളെയും മനസ്സിലാക്കാനുള്ള കൃപ നമുക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…