മാർക്കോ. 1:14-20
ഏത് മേഘലയിലായാലും ഏറ്റവും മികച്ചവരെ തെരഞ്ഞെടുക്കാനുള്ള നെട്ടോട്ടത്തിലാണ് നാമെല്ലാവരും. തങ്ങളുടെ സ്ഥാപനത്തിലേക്ക് മിടുക്കരായ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാൻ പ്രത്യേയക പ്രവേശന പരീക്ഷകൾ, ഏറ്റവും മികച്ച ഗായകരെയും, നർത്തകരെയും, അഭിനേതാക്കളേയുമൊക്കെ തെരഞ്ഞെടുക്കാനുള്ള ടെലിവിഷൻ ചാനലുകളുടെ മത്സരങ്ങൾ, മികച്ച ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ നടത്തുന്ന ക്യാംപസ് സിലക്ഷൻ… സമർത്ഥരെയും, കാര്യപ്രാപ്തി ഉള്ളവരെയുമാണ് അന്നും, ഇന്നും എന്നും ലോകം ഒറ്റുനോക്കിയിട്ടുള്ളത്.
പക്ഷെ നസ്രായൻ തൻറ്റെ ദൗത്യം മുന്നോട്ട് കൊണ്ടുപോകാനായി തെരെഞ്ഞെടുത്തത് വലിയ വലിയ വിദ്യാഭ്യാസ യോഗ്യതകളില്ലാത്തവരും കാര്യപ്രാപ്തിയില്ലാത്തതുമായ കുറച്ചുപേരെയാണ്… യഹൂദ നിയമത്തിലും യവന തത്വശാസ്ത്രത്തിലുമൊക്കെ അഗാധപാണ്ഡിത്യമുള്ള ഒരുപാട് പേർ അവൻറ്റെ സമകാലികരായി ഉണ്ടായിരുന്നു. തൻറ്റെ ആശയങ്ങൾ ഇക്കൂട്ടരെ പറഞ്ഞുമനസ്സിലാക്കാനും, അവരിലൂടെ മറ്റുള്ളവരിലേക്കു ഈ ആശയങ്ങൾ കൈമാറാനും എത്രയോ എളുപ്പമായിരുന്നു എന്നിട്ടും നസ്രായൻ തെരെഞ്ഞെടുത്തത് വലിയ ചിന്താധാരയോ, വിദ്യാഭ്യാസമോ ഒന്നും അവകാശപ്പെടാനില്ലാത്ത കുറച്ചു മീൻപിടുത്തക്കാരെയും, ചുങ്കക്കാരെയൊക്കെയുമാണ്.
നിർണായകനിമിഷങ്ങളിൽ ഇവർ ഇടറുമെന്നും, അവരിലൊരാൾ തന്നെ ഒറ്റികൊടുക്കുമെന്നൊക്കെ അറിഞ്ഞിട്ടും ഈ ബലഹീനരെ തന്നെയാണ് നസ്രായൻ തെരെഞ്ഞെടുക്കുന്നത്… എന്തുകൊണ്ട് നസ്രായൻ ഇപ്രകാരമൊരു തെരെഞ്ഞെടുപ്പ് നടത്തി? കൂട്ടിയും കുറച്ചുനോക്കുമ്പോഴുമൊക്കെ ഒരേയൊരു ഉത്തരമേയുള്ളു – ദുർബലരെ കരുതുകയും, താങ്ങുകയും, അവരിലൂടെ ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന അവൻറ്റെ അചഞ്ചല സ്നേഹം…
ദൈവ വിളി ക്യാംപിൻറ്റെ ഭാഗമാകാൻ കുറച്ചു അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അവിടെയും ഏറ്റവും മിടുക്കരായവരെയാണ് തെരഞ്ഞെടുക്കുന്നത്. പക്ഷെ ഒരു ക്യാംപിൻറ്റെ ഓർമ്മകൾ ഇന്നും മനസ്സിൽ സജീവമാണ്. ദൈവവിളി ക്യാംപിൻറ്റെ ഉത്തരവാദിത്വമുള്ള അച്ചൻ, തെരെഞ്ഞെടുപ്പ് നടത്തുന്നതിനായി, ക്യാംപ് നടത്താൻ സഹായിച്ച ഞങ്ങളെ എല്ലാം അച്ചൻ വിളിച്ചുകൂട്ടി. അതിന് മുൻപായി ഞങ്ങളെ അച്ചൻ പള്ളിയിലേക്ക് കൂട്ടികൊണ്ടുപോയി ഒരുമണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തി. അതിനുശേഷമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ക്യാംപിൽ തങ്ങളുടെ നേതൃത്വപാടവമോ, ബുദ്ധിസാമർത്ഥ്യമോ, മറ്റു കഴിവുകളൊ പ്രകടിപ്പിക്കാത്ത കുറച്ചുപേരുണ്ടായിരുന്നു. അവരൊക്കെ തെരെഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വിരളമായിരുന്നു. അന്ന് അവർക്കുവേണ്ടി നിലകൊള്ളാൻ വല്ലാത്തൊരുൾപ്രേരണ ഞങ്ങൾക്കൊക്കെ അനുഭവപ്പെട്ടു… അങ്ങനെ അവർ തെരഞ്ഞെടുക്കപ്പെട്ടു… മിടുക്കരായി ഇന്നവർ പ്രശോഭിക്കുന്നതു കാണുമ്പോൾ ദുർബലരെ തൻറ്റെ നെഞ്ചോടുചേർത്തു നിറുത്തുന്ന നസ്രായനെ ഓർത്തു ഹൃദയം നിറയുന്നു… പിന്നിട്ട വഴികളിൽ ആരെക്കയോ എനിക്കുവേണ്ടി നിലകൊണ്ടത് അവൻറ്റെ സ്നേഹമാണെന്ന തിരിച്ചറിവിൽ… നസ്രായ ൻറ്റെ ചാരെ…