ലുക്കാ. 13: 1-9
കാരുണ്യത്തിൻറ്റെ രണ്ടാം മൈൽ… പലതവണ ഹൃദയം ഹൃദയത്തോട് ചോദിച്ച ചോദ്യമായിരുന്നു: ‘ഇനിയൊരവസരമുണ്ടാകുമോ?’ ഓരോ ദിവസവും നമുക്ക് സമ്മാനിക്കുന്നത് ഈ അമൂല്യ സമ്മാനമാണ്. ഒരു പക്ഷെ നാമൊക്കെ ഒരിക്കലും തിരിച്ചറിയാതെ പോവുകയും, ജീവിതത്തിൻറ്റെ സായന്തനങ്ങളിൽ, ഇനിയൊരു തിരനോട്ടത്തിന് കഴിയാതെ പോകുമ്പോൾ മാത്രം തിരിച്ചറിയുന്ന അമൂല്യ സമ്മാനം. ഇന്നത്തെ സുവിശേഷം നമ്മോട് അടിവരയിട്ട് പറയുന്നത് ഈ അമൂല്യ സമ്മാനത്തെ തിരിച്ചറിയാനാണ്. എങ്ങിനെയെങ്കിലുമൊക്കെ ജീവിച്ചു കാലം കഴിക്കാമെന്നു ചിന്തിക്കുന്നവരൊക്കെ, ഒരു കണക്കെടുപ്പ് കാത്തിരിക്കുന്നുണ്ടെന്ന യാഥാർഥ്യം മറക്കാതിരിക്കട്ടെ… “ഞാൻ അവരോട് കൂടെയായിരുന്നപ്പോൾ, അങ്ങ് എനിക്ക് നൽകിയ അവിടുത്തെ തിരുനാമത്താൽ ഞാൻ അവരെ സംരക്ഷിച്ചു. ഞാൻ അവരെ കാത്തു സൂക്ഷിച്ചു.” ഈ ക്രിസ്തുമൊഴി നമ്മെ പഠിപ്പിക്കുന്നതും, ജീവിതം ഫലദായകമാക്കേണ്ടതിൻറ്റെ ആവശ്യകതയെകുറിച്ചല്ലേ?
നമ്മുടെയൊക്കെ ജീവിതങ്ങൾ ദൗത്യവും അതേസമയം ഉത്തരവാദിത്വം നിറഞ്ഞ ഒരു യാത്രയാണ്. ജീവിതത്തെ ദൗത്യമായി കാണുമ്പോൾ ചിന്തിക്കേണ്ട കാര്യം ലഭിച്ച അനുഗ്രഹങ്ങളൊക്കെ ജീവിതം ഫലദായകമാക്കുന്നതിന് നാം ഉപയോഗിക്കുന്നുണ്ടോ? ജീവിതത്തെ ഉത്തരവാദിത്വമായി നാം മനസ്സിലാക്കുമ്പോൾ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് സാന്ത്വനത്തിൻറ്റെ തണൽ നൽകുന്ന നന്മമരമാകുന്നുണ്ടോ? ക്രൂശിതരൂപം നമ്മെ പഠിപ്പിക്കുന്നത് ഒരു പാട് ഫലങ്ങൾ പേറിയ ആ നന്മമരത്തിൻറ്റെ കഥയല്ലേ… ആ നന്മമരത്തിലേക്കുള്ള ആദ്യ പടിയാകട്ടെ ഈ നൊയമ്പുകാലം…