നസ്രായന് ഓശാന ഗീതികൾ പാടി വിശുദ്ധവാരത്തിലേക്ക് നാം കാലെടുത്ത് വയ്ക്കുകയാണ്… രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നടന്ന ഓശാനയുടെ കാലികപ്രസക്തി എന്താണെന്ന് ചോദിച്ചാൽ നമ്മുടെ ചരിത്രത്തിന് നസ്രായൻ്റെ നിരന്തരമായ വിമോചനം അനിവാരമാണെന്നതാണ്. കഴുത കുട്ടിയുടെ പുറത്ത് സമാധാനത്തിൻ്റെ രാജാവായി എഴുന്നുള്ളുന്ന നസ്രായനെ ദാവീദിൻ്റെ സിംഹാസനം
പുനരുദ്ധകരിക്കുന്ന മിശിഹായായി കണ്ട് അവൻ കടന്ന് പോവുന്ന വഴിയിൽ വസ്ത്രങ്ങൾ വിരിച്ച് പച്ചില കൊമ്പുകൾ നിരത്തി ഹോസാന പാടുമ്പോൾ നസ്രായനിലുള്ള അവരുടെ പ്രതീക്ഷ എത്രമാത്രമാണെന്ന് നമ്മുക്ക് ഊഹിക്കാവുന്നതേയുള്ളു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോമാസാമ്രാജ്യത്തിനെതിരെ പടനയിച്ച് ദാവീദിൻ്റെ സിംഹാസനം പുന്ഥാപിക്കുക അതിമാനുഷികനായ മിശിഹായ്ക്കെ സാധിക്കൂ. ഒരിക്കൽ പോലും വാളെടുത്ത് നസ്രായൻ പോരാടിയിട്ടില്ലെങ്കിലും ജെറുസലെം ദേവാലയത്തിലെ അനീതിക്കെതിരെ ശബ്ദമുയർത്തിയതിനും, ചാട്ടവാറെടുത്ത് കച്ചവടക്കാരെ പുറത്താക്കിയതിനും ജെറുസലെം
നിവാസികൾ സാക്ഷിയായിരുന്നു. അതോടൊപ്പം മരിച്ച് മണ്ണടിഞ്ഞ ലാസറിനെ ഉയർപ്പിച്ച അവൻ്റെ അത്ഭുതം, അന്ധനെയും, ബധിരനെയും, കുഷ്ഠരോഗിയെയും, രക്തസ്രാവക്കാരി സത്രീയെയും സുഖപ്പെടുത്തിയ അത്ഭുത രോഗശാന്തികൾ, പിശാച് ബാധിതരെ ബന്ധനത്തിൽ നിന്ന് വിമുക്തമാക്കുന്ന അവൻ്റെ ഇടപെടലുകൾ, അപ്പം അനേകർക്ക് പതിൻമടങ്ങായി വർദ്ധിപ്പിച്ച സംഭവങ്ങൾ ഇവയൊക്കെ നസ്രായനെ ദാവീദിന്റെ പിൻഗാമിയായി കണ്ട് സ്വീകരിക്കാൻ മതിയായവയായിരുന്നു…
ഹോസാന അവരുടെ ഹൃദയത്തിൽ നിന്ന് മുഴങ്ങിയ അത്മരോധനമായിരുന്നു… അത്യുന്നതങ്ങളിൽ നിന്ന് തങ്ങളെ രക്ഷിക്കുക… തങ്ങളെ അടിച്ചമർത്തുന്നവരുടെ ഉരുക്കു മുഷ്ടിയിൽ നിന്ന്, നീതി നിഷേധിക്കുന്ന കഠിനഹൃദയരിൽ നിന്ന്, ചൂഷണം ചെയ്യുന്ന മർദ്ധകരിൽ നിന്ന് തങ്ങളെ രക്ഷിക്കുക… ഭൗതികമായ മോചനത്തിന് വേണ്ടിയായിരുന്നു ഈ നിലവിളിയെങ്കിലും ഭൗതികമായ ഈ അടിമത്തങ്ങൾക്കൊക്കെ കാരണമായ ആത്മീയ അടിമത്വത്തിൽ നിന്നാണ് ഇസ്രായേൽ ജനത്തെ, മാനവരാശിയെ മോചിപ്പിക്കേണ്ടതെന്ന് നസ്രായന് വ്യക്തമായി അറിയാമായിരുന്നു. വില്ലാളിവീരനായ് കുതിരപ്പുറത്തെറി ജെറുസലെമിലേക്ക് കടന്ന് വരാതെ കഴുതപ്പുറത്ത് സമാധന ദൂതനായി നസ്രായൻ കടന്ന് വരുന്നത് അതുകൊണ്ടാണ്. നമ്മുടെ സമൂഹവും, കാലഘട്ടവും ഇത് പോലുള്ള മോചനങ്ങൾക്കായി ആത്മരോദനം ഉതിർക്കുകയല്ലേ? കാത്തിരിക്കുകയല്ലേ… നമ്മുടെ അധരങ്ങളിൽ നിന്നുയരട്ടെ ഹോസാന…അവൻ നമ്മുടെ ചരിത്രത്തിൽ ഇടപെടുക തന്നെ ചെയ്യും… നസ്രായൻ്റെ തിരുഹൃദയത്തിൽ ചാരെ…