യോഹ. 20:19-31
ദൈവ കരുണയുടെ ഞായറാണിന്ന്. എല്ലാ കാലങ്ങളിലും തന്റെ തിരുഹൃദയ സ്നേഹത്തിന്റെ ആഴങ്ങളെക്കുറിച്ച് നമ്മോട് സംസാരിക്കാൻ ദൈവം വ്യക്തികളെ തെരെഞ്ഞെടുത്തിട്ടുണ്ട്. നമ്മുടെ ഈ കാലഘട്ടത്തിൽ തന്റെ കരുണയുടെ ആഴങ്ങളെക്കുറിച്ച് നസ്രായൻ നമ്മോട് സംസാരിച്ചിട്ടുള്ളത് ഫൗസ്റ്റീനാമ്മയിലൂടെയാണ്. ലോകത്തിന്റെ ഒരു കോണിൽ ആരാരുമറിയപ്പെടാതെ ജീവിച്ച് കടന്ന് പോയ ആ യുവ സന്യാസിനിയുടെ ഡയറിക്കുറിപ്പുകളാണ് ഇന്ന് അനേകായിരങ്ങളെ ക്രിസ്തുവിന്റെ ഹൃദയത്തോട്, അവന്റെ കരുണയോട് ചേർത്ത് നിറുത്തുന്നത്. കരുണയാണ് ദൈവത്തിന്റെ സ്ഥായിഭാവം. പഴയ നിയമത്തിലെ കോപം നിറഞ്ഞ, അസൂയാലു വായ, തക്കസമയത്ത് പ്രതികാരം ചെയ്യുന്ന ദൈവ സങ്കൽപ്പങ്ങളെയാണ് നസ്രായൻ തന്റെ ജീവിതത്തിലൂടെ ഉടച്ച് വാർക്കുന്നത്.
തന്റെ പിതാവിനെ, ദൈവത്തെ ‘അബ്ബാ,’ എന്ന് വിളിക്കാൻ പഠിപ്പിച്ചതിന്റെ പേരിൽ കുരിശ് മരണം വരിക്കേണ്ടി വന്നവൻ. അവൻ പകർന്ന് തന്ന ഈ ദൈവ കരുണയുടെ മുഖം അവന്റെ കാലത്തിന് ഉൾക്കൊള്ളാൻ കഴിയാതെ പോവുന്നുണ്ട്. സാബത്ത് മനുഷ്യന് വേണ്ടിയാണെന്ന് പഠിപ്പിച്ചപ്പോൾ, പാപികളെ നെഞ്ചോട് ചേർക്കുന്ന നല്ലിയിടനാണെന്ന് ദൈവമെന്ന് പറഞ്ഞപ്പോഴൊക്കെ ദൈവത്തിന്റെ വക്താക്കളാണെന്ന് അവകാശപ്പെട്ടിരുന്ന മതനേതാക്കൻമാർ അതൊക്കെ ദൈവം ദൂഷണമായി കണ്ടു. കാരണം അവരെ സംബന്ധിച്ചടുത്തോളം ദൈവം ഭയപ്പെടുത്തുന്ന, നിയമങ്ങൾ പാലിക്കുന്നുണ്ടൊ എന്ന് കണ്ണ് ചിമ്മാതെ നോക്കി കൊണ്ടിരിക്കുന്ന നിർബന്ധ ബുദ്ധിയുള്ള വ്യക്തിയായിരുന്നു. എന്നാൽ തന്റെ മകനെ മനുഷ്യ വംശത്തിന് നൽകാൻ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിക്കുന്ന പിതാവിന്റെ സ്നേഹ വിപ്ലവത്തെ ഈ ഇടുങ്ങിയ മനസ്സുകൾക്ക് ഉൾക്കൊള്ളാൻ കഴിയാതെ പോവുകയാണ്.
തന്റെ ഉത്ഥാനത്തിനപ്പുറം അവൻ ശിഷ്യഗണത്തോട് ചോദിക്കുമെന്ന് നാമൊക്കെ പ്രതീക്ഷിച്ച ഒരു ചോദ്യം – ‘എന്ത്കൊണ്ട് നിങ്ങൾ എന്നെ ഗത്സെമനിൽ ഉപേക്ഷിച്ച് ഓടിപ്പോയി?’ എന്ന ചോദ്യമാവാം. എന്നാൽ അങ്ങനെയുള്ള കുറ്റപ്പെടുത്തലുകളിലൂടെയൊ, പഴി പറച്ചികളിലൂടെയൊ അവരുടെ ദുഃഖഭാരം കൂട്ടാതെ, ഭാവി ദൗത്യത്തെക്കുറിച്ച് പറഞ്ഞ് കൊണ്ട് അവർക്ക് പുതിയൊരു സ്വപ്നം നൽകുകയാണ്. തന്റെ ആത്മാവിനെ നിശ്വസിച്ചു കൊണ്ട് ദു:ഖ സാന്ദ്രവും, ദുർബലവുമായ അവരുടെ മാനസങ്ങളെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയുമാണ്. തന്റെ കുരിശ് മരണത്തിയുടെ താൻ നേടിയ മാനവരാശിയുടെ പാപമോചനമെന്ന മഹത്തായ കൃപയുടെ നീർച്ചാലുകളാണ് പാപ മോചനമായി, സർവ്വജനപദങ്ങളിലേക്കുമെത്താൻ പോവുന്നത്.
തന്റെ ഓരോ അനുയായിയും എത്രമാത്രം സൂക്ഷമതയോടെ അവൻ കരുതുന്നു എന്നതിന്റെ തെളിവാണ് തോമാശ്ലീഹായുടെ ആത്മീയനുഭവം നമ്മോട് പങ്ക് വയ്ക്കുന്നത്. നസ്രായന്റെ തിരുമുറിവുകളെ സ്പർശിക്കാനുള്ള ആഗ്രഹത്തെ സംശാലുവായ ഒരുവന്റെ അവിശ്വാസമായി തള്ളിക്കളയാതെ, ആ ശിഷ്യന് തന്റെ തന്നെ തിരുമുറിവുകളെ സ്പർശിച്ച് അനുഭവിക്കാനുള്ള ക്ഷണം നൽകുന്നത് ഈ കരുതലിന്റെ സാക്ഷ്യമാണ്. കാരണം ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇവരൊക്കെയും ലോകത്തിന്റെ അതിർത്തികൾവരെയും തന്റെ വചനവും, കൃപയും പേറി യാത്രയാവേണ്ടത്. തന്റെ മുമ്പിൽ കരുണയുടെ മുഖമായ് മാറുന്ന ഉത്ഥിതനായ നസ്രായനെ തോമാശ്ലീഹാ അനുഭവിച്ചറിയുകയും പ്രഘോഷിക്കുകയുമാണ്. : ‘ എന്റെ കർത്താവെ, എന്റെ ദൈവമെ…’
പ്രിയ സുഹൃത്തെ നസ്രായന്റെ കരുണയെ ആഴത്തിൽ അനുഭവിച്ചിട്ടുണ്ടാ? ഈ കരുണയെക്കുറിച്ച് ആരോടുങ്കിലുമൊക്കെ പങ്ക് വച്ചിട്ടുണ്ടൊ? നാം ഒരിക്കലും നസ്രായനെ അനുഭവിച്ചിട്ടിലെങ്കിൽ അവനിൽ നമുക്ക് ആഴപ്പെടാനൊ, അവനെ നമുക്ക് പ്രഘോഷിക്കാനൊ കഴിയില്ലെന്ന തിരിച്ചറിവോടെ … ആ ദൈവാനുഭവത്തിലേക്ക് നമ്മളോരോരുത്തരും കടന്ന് വരട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ഹൃദയത്തിൻ ചാരെ…