കർത്താവിന്റെ സ്വര്ഗാരോഹണ തിരുനാൾ, Cylce A, മത്താ. 28: 16-20

മത്താ. 28: 16-20
“ലോകമെങ്ങും പോയി സർവ്വ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ .” ഇന്ന് നസ്രായൻറ്റെ സ്വർഗ്ഗാരോപണത്തിരുനാളിൻറ്റെ സ്മരണ നാം പുതുക്കുകയാണ്.പിതാവ് തന്നെ ഏല്പിച്ച ദൗത്യം പൂർത്തിയാക്കി , താൻ അനാദി മുതലേ ആയിരുന്നിടുത്തേക്ക് അവൻ തിരികെ പോവുകയാണ്. പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു വസ്തുതയാണ് കുറച്ചു സമയം കൂടി ഇവിടെ ചിലവഴിച്, മറ്റ് സ്ഥലങ്ങളിലെക്കും അവൻ തന്നെ സുവിശേഷ പ്രഘോഷണം നടത്താമായിരുന്നില്ലേ?
വേദം നമ്മോട് പങ്കുവെയ്ക്കുന്നത് ഏകാധിപതിയായ , എല്ലാം തൻറ്റെ ചോൽപടിക്ക് നിറുത്തുന്ന ഒരു ദൈവത്തെ അല്ല മറിച് തൻറ്റെ തന്നെ സൃഷ്ടിയായിട്ടും , മനുഷ്യരോടൊപ്പം തൻറ്റെ സൃഷ്ടി കർമ്മത്തെ പൂർണതയിലേക്ക് നയിക്കുന്ന ദൈവത്തെയാണ്. ഉത്പത്തിയുടെ പുസ്തകത്തിൽ സകല ജീവജാലങ്ങൾക്കും പേര് നൽകുന്നതും, അവയെ പരിപാലിക്കാനും വളർത്തികൊണ്ടുവരുവാനുമുള്ള ചുമതല നൽകപ്പെടുന്നത് ആദത്തിനും ഹവ്വായ്ക്കുമാണ്. രണ്ടാമത്തെ ആദമായ നസ്രായൻ തൻറ്റെ രക്ഷണീയ കർമ്മത്തിലൂടെ എല്ലാ സൃഷ്ടവസ്തുക്കളെയും നവീകരിക്കുകയാണ്.ഈ ദൗത്യം നിറവേറ്റുവാനായി നസ്രായൻ തെരെഞ്ഞെടുക്കുന്നത് തൻറ്റെ അപ്പോസ്തലന്മാരെയാണ്.
ആദത്തിൻറ്റെയും ഹവ്വായുടെയും അനുസരണക്കേടുനിമിത്തം മാനവരാശി മരണത്തിൻറ്റെ കയത്തിലേക്ക് പതിച്ചെങ്കിലും രണ്ടാമത്തെ ആദം ജീവൻറ്റെ വചനം നൽകികൊണ്ട് മാനവരാശിയെ മരണത്തിൻറ്റെ കയത്തിൽ നിന്ന് നിത്യതയുടെ പടവുകളിലേക്ക് നയിക്കുകയാണ്…താൻ സ്വാർഗ്ഗാരോപിതനാകുന്നതിനുമുമ്പ് രണ്ടാമത്തെ ഹവ്വയായ സഭയെ ഏല്പിച്ചിരിക്കുന്നതും ഇതേ ദൗത്യമാണ്. ജീവൻറ്റെ വചനത്തെ പ്രസംഗിച്ചു രക്ഷയുടെ പടവുകളിലേക്കു സർവ്വ ജനപദങ്ങളെയും നയിക്കുക. ജ്ഞാസ്നാനം പരിശുദ്ധ ത്രിതവുമായുള്ള ഈ സ്നേഹസംഗമത്തിലേക്കുള്ള വാതിലാണ്… അവൻ പഠിപ്പിച്ച മുഴുവൻ കാര്യങ്ങളും നമുക്ക് ഒറ്റവാക്കിൽ സംഗ്രഹിക്കാം. ;ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുവിൻ.’ ‘സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന തൻറ്റെ ചിന്തയെ കുരിശിൽ ക്രിയാത്മകമാക്കിക്കൊണ്ടാണ് തൻറ്റെ സ്നേഹഗാഥയ്ക്കു തിലകക്കുറി ചാർത്തിയത്. ഈ വാക്കുകൾ കോറിയിടുന്നതാണ് സുവിശേഷ പ്രഘോഷണമെന്ന് കരുതിയിരുന്നു, ഇന്ന് തിരിച്ചറിയുന്നു – പോരായ്മകൾ ക്ഷമിച്ചുകൊണ്ട് പരസ്പരം സ്നേഹിക്കലാണ് സുവിശേഷ പ്രഘോഷണമെന്നു…ഈ സ്നേഹസുവിശേഷം പ്രഘോഷിക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ…