ലുക്കാ. 11:1-13
എന്തിനാണ് നാമൊക്കെ പ്രാർത്ഥിക്കുന്നത്? പ്രാർത്ഥിക്കാതെ തന്നെ ദൈവം നമ്മുടെ ആവശങ്ങൾ എല്ലാം അറിയുന്നുണ്ടല്ലൊ? പ്രാർത്ഥിച്ചാൽ മാത്രമെ ദൈവം അതൊക്കെ സാധിച്ചു തരുകയുള്ളൊ? പ്രാർത്ഥനയെക്കുറിച്ച് കേട്ടതിൽ ഏറ്റവും മനോഹരമായ നിർവചനം ഇപ്രകാരമാണ്: ” നമുക്ക് സമയം നൽകിയ ദൈവത്തിന്, നാം നൽകുന്ന സമയമാണ് പ്രാർത്ഥന…” പ്രാർത്ഥനയുടെ നിമിഷങ്ങൾ അബ്ബായാ യുമായിട്ടുള്ള നമ്മുടെ ആത്മബന്ധത്തെ ആഴപ്പെടുത്തുന്ന നിമിഷങ്ങളാവണം… നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ട് അനുഭവിക്കാത്ത അബ്ബായെ വിശ്വാത്തിന്റെ കണ്ണികൾ കൊണ്ട് കാണാനും, കേൾക്കാനും , അനുഭവിക്കാനും കഴിയുന്ന തരത്തിൽ നമ്മുടെ പ്രാർത്ഥനയുടെ നിമിഷങ്ങൾ രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു.
ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണെ എന്ന് പറഞ്ഞ് നസ്രായന്റെ തോഴർ അവനെ സമീപിക്കുന്നുണ്ട്. ദിവസവും അഞ്ച് നേരവും സങ്കീർത്തനങ്ങളിലൂടെ ദൈവത്തെ അന്വേഷിക്കുന്നവരുടെ പാരമ്പര്യമുള്ള നാട്ടിൽ ജീവിക്കുന്നവർ നസ്രായനോട് പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെ എന്ന് പറയുമ്പോൾ തീർച്ചയായും അവന്റെ പ്രാർത്ഥനാ ജീവിതം അവരെ സ്പർശിച്ചിട്ടുണ്ടെന്നുറപ്പാണ്. അബ്ബാ യെക്കുറിച്ച് അഗാധമായ വെളിപ്പെടുത്തലുകളൊക്കെ നടത്തിയ നസ്രായൻ ദീർഘമായ ഒരു പ്രാർത്ഥനാക്രമം തന്നെ തങ്ങൾക്ക് നൽകുമെന്ന പ്രതീക്ഷയിലാവണം അവർ അവനെ സമീപിച്ചിട്ടുണ്ടാവുക.
ദീർഘമായ ഒരു പ്രാർത്ഥനാ ക്രമത്തിന് പകരം സരളവും എന്നാൽ പരിപൂർണ്ണവും, ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസങ്ങൾക്കൊക്കെ അതീതമായ ഒരു പുതിയ ആത്മീയത തന്നെയാണ് അവൻ നൽകുന്നത്. ദൈവത്തെ യാഹ് വേ എന്ന് വിളിക്കാൻ വിലക്കപ്പെട്ട ഒരു സമൂഹത്തിലേക്ക് ‘ അബ്ബാ ‘ എന്ന് വിളിച്ച് പ്രാർത്ഥിക്കണമെന്നാണ് അവൻ പഠിപ്പിക്കുന്നത്… ദൈവം നമുക്ക് ആരാണ്? വിധിയാളനും, കണിശക്കാരനുമായ യാഥാർത്ഥ്യം മാത്രമാണൊ? ഈ ഒരു ഇടുങ്ങിയ ചിന്തയിൽ നിന്ന് കണ്ണിലെ കൃഷ്ണമണിപോലെ നമ്മെ കാക്കുന്ന, സ്നേഹിക്കുന്ന, പരിപാലിക്കുന്ന, ഒരു അബ്ബാ എനിക്കുണ്ടെന്നുള്ള സ്വാതന്ത്യം നാമൊക്കെ അനുഭവിക്കാൻ തുടങ്ങുമ്പോഴാണ് ആത്മീയ ജീവിതത്തിന്റെ വസന്തകാലത്തിലേക്ക് നാമൊക്കെ പ്രവേശിക്കുന്നത്…
ഉത്പത്തിയുടെ പുസ്തകത്തിൽ സോദോം, ഗൊമോറ നഗരങ്ങൾ നശിപ്പിക്കാൻ ഒരുമ്പെടുന്ന അബ്ബായോട് അവർക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്ന അബ്രഹാമപ്പച്ചൻ നമുക്ക് സുപരിചിതനാണ്. കർത്താവിനോട് സംസാരിക്കാൻ താൻ തുന്നിയുന്നല്ലൊ എന്നൊക്കെ പറഞ്ഞ് സ്വയം എളിമപ്പെടുമ്പോഴും അബ്ബായുടെ കരുണയുടെ ആഴങ്ങളെ വ്യക്തമായി അറിയാവുന്ന അയാൾ, അബ്ബായുടെ തീരുമാനം തന്നെ മാറ്റിക്കുകയാണ്. ഈ സ്നേഹ നിധിയായ അബ്ബായെ പിന്നീട് മാറ്റങ്ങൾ സംഭവിക്കാത്ത, ക്ഷിപ്രകോപിയായ, അസായാലുവായ ദൈവ സങ്കൽപമായി മാറ്റിയെടുക്കാൻ ഒരുപാട് പേർ പരിശ്രമിച്ചിട്ടുണ്ട്. അവർക്കൊക്കെയുള്ള തിരുത്താണ് നസ്രായൻ ഈ പ്രാർത്ഥനയിലൂടെ നമുക്ക് തരുന്നത്. ദൈവ മഹത്വത്തെയും, അവന്റെ രാജ്യത്തെയും, തിരുമനസ്സിനെയും നിരന്തരം അന്വേഷിക്കുവാൻ പഠിപ്പിക്കുന്ന ഒന്നാം ഭാഗം. പിന്നെ രണ്ടാം ഭാഗം നമ്മുടെ അവശ്യങ്ങളാണ്. നമുക്ക് വേണ്ട അനുദിന ആഹാരം – അത് അനുദിനം മന്നയായ നസ്രായന്റെ തിരുശരീര രക്തങ്ങൾ തന്നെയാണ്. പിന്നെ ക്ഷമിക്കാനുള്ള കൃപ, ക്ഷമിക്കുമ്പോഴല്ലെ നാമൊക്കെ അബ്ബായുടെ മക്കളാവുന്നത്. അതോടൊപ്പം പ്രലോഭനങ്ങളുടെ നിമിഷങ്ങളിൽ നെഞ്ചോട് ചേർത്ത് പിടിക്കുന്ന അവന്റെ കൃപ. ഒരു പക്ഷ നാമൊക്കെ ഏറ്റവും കുറവ് പ്രാർതഥിക്കുന്നത് നസ്രായൻ പഠിപ്പിച്ച ഈ ഒരു പ്രാർത്ഥന അല്ലേ?
ദൈവം അബ്ബായാണെന്നുള്ള തിരിച്ചറിവിലാണ് മക്കളുടെ സ്വതന്ത്ര്യത്തോടെ കൂടി അവനോട് ചോദിക്കാനും, അവനെ നിരന്തരം അന്വഷിക്കാനും, അവന്റെ ഹൃദയ വാതിലിൽ നിരന്തരം മുട്ടാനും നമുക്കൊക്കെ സാധിക്കുന്നത്. കേൾക്കാതെ പോവുന്ന പ്രാർത്ഥനകളുണ്ടാ? ഒരുക്കമില്ല… അവനെ മുഖാമുഖം നാമൊക്കെ കാണുന്ന ദിനം അവന് നന്ദി പറയുക ഈ കേൾക്കാതെ പോയ പ്രാർത്ഥനകളുടെ പേരിലായിരിക്കും എന്ന് ബിഷപ്പ് ഷീൻ പറഞ്ഞത് കൗതുകത്തോടെ ഓർക്കുന്നു. അബ്ബായെ നിരന്തരം അന്വേഷിച്ച്, അവന്റെ ഹൃദയ വാതിലിൽ മുട്ടി വിളിച്ച്, അവനെ കണ്ടെത്താൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…