ഒരു വ്യക്തിയുടെ സ്വാർത്ഥതയുടെ പുറംതോടുകൾ പൊളിച്ച് കൊണ്ട് അപരനിലേക്ക് നടത്തുന്ന പുറപ്പാടാണ് സ്നേഹം. യഥാർത്ഥ സ്നേഹത്തെ ഒരു വ്യക്തിയിലൊ, എന്റെ കുടുംബത്തിൽ മാത്രമൊ, എന്റെ സമൂഹത്തിൽ മാത്രമൊ ആയി ഒതുക്കി നിറുത്താനാവില്ല. യഥാർത്ഥ സ്നേഹം ജാതി, മത, വർഗ്ഗ ഭേദങ്ങളില്ലാതെ എല്ലാവരെയും സ്നേഹിക്കുന്നു, സ്വീകരിക്കുന്നു, ഉൾക്കൊള്ളുന്നു. നമ്മുടെയൊക്കെ സ്നേഹം നേരിടുന്ന വലിയ വെല്ലുവിളി എന്റെതെന്ന് ഞാൻ കരുതുന്ന വ്യക്തികളിലേക്ക്, സമൂഹത്തിലേക്കു മാത്രമായി എന്റെ സ്നേഹം ചുരുക്കുന്നു എന്നതാണ്. അബ്രഹാത്തെ ദൈവം തെരെഞ്ഞെടുക്കുക അബ്രഹാത്തിന്റെ പിൻഗാമികളായ ഇസ്രായേൽ ജനത്തെ മാത്രം രക്ഷിക്കാനായിരുന്നില്ല. മറിച്ച് അബ്രഹത്തിന്റെ സന്തതിയിലൂടെ മനുഷ്യവംശത്തെ മുഴുവൻ രക്ഷിക്കുകയായിരുന്നു ദൈവത്തിന്റെ പദ്ധതി. ഈ രക്ഷണീയ കർമ്മം തുടങ്ങുന്നതിനായി ദൈവം തെരെഞ്ഞെടുത്ത ജനതയായിരുന്നു ഇസ്രായേൽ ജനം. സാംസ്കാരികമായും, സാമ്പത്തികപരമായും മുന്നോക്കം നിന്ന പല സംസ്കാരങ്ങളുണ്ടായിട്ടും ദൈവം തെരെഞ്ഞെടുത്തത് ഇതൊന്നും അവകാശപ്പെടാനില്ലാത്ത, അടുമാടുകളെ മേയിച്ച് നാടോടികളായി നടന്ന ഒരു ജനതയെയാണ്. വി. ഗ്രന്ഥം മുഴുവൻ ഈ ജനതയെ ദൈവം രൂപപ്പെടുത്തുന്നതിന്റെ കഥകളാണ്. താൻ നൽകുന്ന നേതാക്കളിലൂടെയും, പ്രവാചകൻമാരിലൂടെയും, രാജാക്കൻമാരിലൂടെയും ദൈവം ഇവരെ നസ്രായനിലൂടെ നൽകപ്പെടുന്ന രക്ഷയെ സ്വീകരിക്കാൻ ഒരുക്കായിരുന്നു.
പുറപ്പാട് സംഭവം ഇസ്രായേൽ ജനത്തിന് വരുത്തിയ മാറ്റമെന്ന് പറയുന്നത് തങ്ങൾ ദൈവത്തിന്റെ സ്വന്തം ജനതയാണെന്ന ബോധ്യമാണ്. തങ്ങൾ ദൈവത്തിന്റെ ജനതയാണെന്ന് അഭിമാനം കൊള്ളുമ്പോഴും എന്തുകൊണ്ട് ദൈവം തങ്ങളെ സ്വന്തം ജനതയാക്കി മാറ്റി എന്ന യാഥാർത്ഥ്യം അവർ വിസ്മരിക്കുകയുണ്ടായി. അവരിലൂടെ സകല ജനപദങ്ങളെയും രക്ഷിക്കുക എന്നതായിരുന്നു ദൈവിക പദ്ധതി. എന്നാൽ തങ്ങൾ മാത്രമാണ് ദൈവത്തിന്റെ സ്വന്തം ജനത, തങ്ങൾ മാത്രമാണ് രക്ഷിക്കപ്പെടാൻ വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ഇടുങ്ങിയ ചിന്താഗതി തങ്ങൾ മറ്റുള്ളവരെക്കാൾ യോഗ്യരാണെന്ന ആത്മീയ അഹങ്കാരത്തിലേക്കാണ് അവരെ നയിച്ചത്.
ഇന്നത്തെ സുവിശേഷത്തിൽ നസ്രായൻ പങ്ക് വയ്ക്കുക ഇസ്രായേൽ ജനതതിക്കുണ്ടായ ഈ ഇടുങ്ങിയ മനോഭാവത്തെക്കുറിച്ചാണ്. അബ്ബാ തന്നെയാണ് മുന്തിരിതോട്ടത്തിന്റെ ഉടമ. തന്റെ മുന്തിരിതോട്ടത്തിലേക്ക് ദിവസത്തിന്റെ വിവിധ യാമങ്ങളിൽ സേവകരെ അബ്ബാ കൊണ്ടുവരുന്നുണ്ട്. സാധാരണ ഗതിയിൽ നിന്ന് വ്യത്യസ്തമായി എല്ലാ സേവകർക്കും ഒരു ദനാറയാണ് ഉടമ നൽകാനുദ്ദേശിക്കുന്നത്. മുന്തിരി തോട്ടത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ തന്നെ ഈ ഉടമ്പടി അംഗീകരിച്ചു കൊണ്ടാണ് സേവകർ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുക. എന്നാൽ അവസാനം മുന്തിരിതോട്ടത്തിൽ പ്രവേശിച്ച സേവകനും ആദ്യ മണിക്കൂറിൽ എത്തിയ സേവകനും നേരത്തെ പറഞ്ഞ് ഉറപ്പിച്ചത് പോലെ ഒരു ദനാറയാണ് മുന്തിരി തോട്ടത്തിന്റെ ഉടമ നൽകുക. ആദ്യമണിക്കൂറിൽ മുന്തിരി തോട്ടത്തിൽ വന്ന ആൾക്കും അവസാന മണിക്കൂറിൽ വന്ന ആൾക്കും ഒരു ദനാറ വീതം നൽകുന്നത് ആദ്യ മണിക്കൂറിൽ വന്ന സേവകർക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. പകലിന്റെ ചൂടും സഹിച്ച് വിയർപ്പൊഴുക്കി അദ്ധാനിച്ച അവരുടെ ആവശ്യം ന്യായമല്ലെന്ന് തോന്നുന്നുണ്ടൊ? തീർച്ചയായും നമ്മുടെ ചിന്താഗതി അനുസരിച്ച് അതിൽ ന്യായമുണ്ട്. എന്നാൽ കൂലി തുടക്കം തന്നെ പറഞ്ഞുറപ്പിച്ച ശേഷമണ് ഉടമ തന്റെ മുന്തിരി തോട്ടത്തിലേക്ക് സേവകരെ പ്രവേശിപ്പിക്കുക. ആയതിനാൽ ഉടമയുടെ ഹൃദയ വിശാലതയെയും തങ്ങളോട് കാണിച്ച കരുണയെയും മാനിച്ച് പരാതിപ്പെടാതെ ലഭിച്ചതുകൊണ്ട് തൃപ്പത്തിപ്പെടേണ്ടിയിരുന്നു.
ഇസ്രായേലിന്റെ ചരിത്രം തന്നെയാണ് ഈ ഉപമ പങ്ക് വയ്ക്കുന്നത്. ആദ്യ മണിക്കൂറിൽ തന്നെ രക്ഷയുടെ സുവിശേഷം നസ്രായനിൽ നിന്ന് നേരിട്ട് സ്വീകരിക്കാൻ സുകൃതം ലഭിച്ചവർ ഇസ്രായേലുകാർ തന്നെയാണ്. ഈ രക്ഷയുടെ സന്ദേശം അവർക്ക് മാത്രമായിരുന്നില്ല അവകാശപ്പെട്ടത് മറിച്ച് വിവിധ കാലഘട്ടത്തിൽ നസ്രായൻ തന്നിലേക്കാകർഷിക്കുന്ന എല്ലാ ജനപദങ്ങളും ഈ രക്ഷാകര സന്ദേഹത്തിന് അർഹരാണ്. തങ്ങൾ മാത്രമാണ് ദൈവത്തിന്റെ സ്വന്തം ജനത, തങ്ങൾ മാത്രമാണ് രക്ഷിക്കപെടാൻ പോവുന്നത് എന്നീ സങ്കുചിത മനോഭാവങ്ങൾ നമ്മിലുമുണ്ടൊ? സകല ജനപദങ്ങളോടും സുവിശേഷം പ്രസംഗിക്കാനും അങ്ങനെ തന്റെ കാൽവരി യാഗത്തിലൂടെ നസ്രായൻ നേടിത്തന്ന രക്ഷ എല്ലാവരുമായ് പങ്ക് വയ്ക്കാനാണ് ദൈവം നമ്മെ തെരെഞ്ഞെടുത്തിരിക്കുന്നത്. ഈ ബോധ്യത്തിൽ ആഴപ്പെട്ട് കൊണ്ട് നമ്മുടെ വിശ്വാസ യാത്ര നമുക്ക് തുടരാം. നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ