മാർക്കോ. 10:46-52
“ദാവിദിന്റെ പുത്രനായ യേശുവെ എന്നിൽ കനിയേണമെ…” സുവിശേഷങ്ങളിൽ നിന്ന് രൂപപ്പെട്ട മനോഹരമായ പ്രാർത്ഥനകളിലൊന്നാണിത്. ഒരു പക്ഷെ നാമൊക്കെ ചിന്തിച്ചേക്കാം അഞ്ച് വാക്കുകൾ മാത്രമുള്ള ഈ പ്രാർത്ഥനയ്ക്ക് ഇത്രയധികം പ്രസക്തിയുണ്ടൊ? ദശാബ്ദങ്ങളായി നസ്രായന്റെ തോഴർ ഹൃദയത്തോട് ചേർത്ത് വച്ചിട്ടുള്ള പ്രാർത്ഥനയാണിത്. നമ്മുടെയൊക്കെ ജീവിതത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ കാര്യം ശ്വാസോഛ്വാസമല്ലെ… ആ പ്രക്രിയയോട് ചേർന്ന് ഓരോ നിമിഷവും നസ്രായനി ലായിരിക്കാൻ നമ്മെ സഹായിക്കുന്ന പരമ്പരാഗതമായ ‘ജീസസ് പ്രയർ’ ഈ വചനത്തെ അധാരമാക്കാണ്. ഈ നിമിഷം ഈ വരികൾ കോറിയിടുമ്പോൾ അനേകരുടെ അധരങ്ങളിലും ഹൃദയങ്ങളിലും ഈ വചനഭാഗം ഉരുവിടുന്നുണ്ട്…
എന്തുകൊണ്ടാവണം ഈ ലളിതമായ പ്രാർത്ഥന എല്ലാക്കാലത്തും മനുഷ്യരെ വല്ലാതെ ആകർഷിച്ചത്? ദൈവാനുഭവത്തിന് വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശം നമ്മിലെല്ലാവ രിലുമുണ്ട്. അങ്ങനെയെങ്കിൽ നിരീശ്വര വാദികളൊ? അതുപോലെ തങ്ങളുടെ ഇടർച്ചകളെ ആ ഘോഷമാക്കി ജീവിക്കുന്നവരൊ? ആതന്ത്യകമായി അവർ അന്വേഷിക്കുന്ന സത്യത്തിനും, സുഖത്തിനും പിന്നിൽ അവരറിയാതെ അന്വേഷിക്കുന്നത് പൂർണ്ണതയ്ക്ക് വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശമാണ്. അതുകൊണ്ടല്ലേ, നാം നേടുന്ന ഒരു നേട്ടത്തിനും, അനുഭവിക്കുന്ന ഒരു സുഖത്തിനും ആത്യന്തികമായി നമ്മെ തൃപ്തിപ്പെടുത്താനാവാത്തത്… നമ്മുടെ ചോദ്യത്തിലേക്ക് തിരിച്ചവരാം. ബെർത്തെമിയുസ് എന്ന അന്ധകനായ യാചകനാണ് ഈ പ്രാർത്ഥന ഉരുവിടുന്നത്. ഈ അന്ധനായ ബെർത്തെ മിയൂസ് നമ്മിലെല്ലാവരിലും ജീവിക്കുന്നുണ്ട്. അട്ടദ്ദേഹം ജൻമനാ അന്ധനായിരുന്നില്ല. ജീവിതയാത്രയിൽ കാഴ്ച്ചയെന്ന അനുഗ്രഹം അയാൾക്ക് നഷ്ടപ്പെടുകയാണ്. കണ്ണില്ലാത്തപ്പോഴാണ് കണ്ണിന്റെ വിലയറിയുന്നത് എന്നപോലെ തിരിച്ചറിവിന്റെ വഴിയിൽ അയാൾ കണ്ടെത്തുന്ന സുകൃതമാണ് കാഴ്ച്ച അല്ലെങ്കിൽ പ്രകാശമെന്ന നസ്രായൻ. ഹൃദയത്തിന്റെ അഗാത്തിൽ നിന്നുയർന്ന അയാളുടെ നിലവിളി കേവലം കാഴ്ച്ചയ്ക്ക് വേണ്ടി മാത്രമുള്ള അഗ്രഹമല്ലെന്ന് നസ്രായന് വ്യക്തമായി അറിയാമായിരുന്നു. അത് – തന്നെ അനുഭവിക്കാനുള്ള, തന്നിൽ ആയിരിക്കാനുള്ള അവന്റെ അന്തരീക ആഗ്രഹത്തിന്റെ പ്രതിഫലനമായിരുന്നു.
നസ്രായൻ അവനോട് ചോദിക്കുന്നുണ്ട്: ‘ഞാൻ എന്ത് ചെയ്ത് തരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?’ അവൻ അന്ധനാണെന്ന് നസ്രായന് അറിയില്ലെന്നൊ? ബെർത്തെമിയുസ് ആഗ്രഹിച്ചത് കേവലം ഭൗതികമായ കാഴ്ച്ച മാത്രമല്ല മറിച്ച് ഇനി തന്റെ കൺവെട്ടത്ത് ദാവിദിന്റെ പുത്രനായ നസ്രായൻ മാത്രം മതി അതിലാണ് അവന്റെ സായൂജ്യം. നമുക്കൊക്കെ കാഴ്ചയുണ്ടായിട്ടും നിഴലായി കൂടെ നടക്കുന്ന നസ്രായനെ നാമൊക്കെ തിരിച്ചറിയുന്നുണ്ടൊ? അവന്റെ കാരുണ്യം മാത്രമാണ് ഈ നിമിഷവും, ഈ ദിനങ്ങളൊക്കെയെന്നും തിരിച്ചറിഞ്ഞിട്ടും അവന്റെ കരുണയെ നാമൊക്കെ ശ്രദ്ധാപൂർവം മറന്ന് പോകുന്നില്ലെ… ഒരു സുഹൃത്ത് കൂടെക്കൂടെ താൻ ‘ജീസസ് പ്രയർ’ ഉരുവിടുന്നെണ്ടെന്ന് പറയുകയുണ്ടായി… എന്നാണാവൊ ഞാൻ ഈ പ്രാർത്ഥനയായി മാറുന്നത്? ഓരോ നിമിഷവും നസ്രായന്റെ കാരുണ്യത്തിനായി ദാഹിക്കാനുള്ള ഉൾ വെളിച്ചം നമ്മുടെ ഹൃദയങ്ങൾക്ക് ലഭിക്കുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ചാരെ…