ലുക്കാ. 23:45-43
നസ്രായൻറ്റെ കുരിശിനു മുകളിലായി യഹൂദന്മാരുടെ രാജാവെന്ന് മുന്ന് ഭാഷകളിൽ എഴുതപ്പെട്ടിട്ടുണ്ട്. കുരിശുമരണമെന്ന ഏറ്റം ക്രൂരമായ മരണശിക്ഷയ്ക്കു നൽകുന്ന അപമാനകരമായ തലക്കെട്ടായിരുന്നു ആ വ്യക്തിയുടെ കുറ്റം കുരിശിൽ തന്നെ ആലിഗ്നം ചെയ്യുന്നത്. എന്നിട്ടും നസ്രായൻറ്റെ കാര്യത്തിൽ ‘അവൻ എന്താണോ’ അത് വെളിപ്പെടുത്തുന്ന ശീർഷകമായി അത് മാറുന്നു… പക്ഷെ അവൻ ഒരിക്കലും നമ്മുടെ ചിന്തകൾക്കും ഭാവനകൾക്കുമൊക്കെ സുപരിചിതനായ രാജാവാകാൻ ശ്രമിച്ചിട്ടില്ല. ഏത് രാജാവാണ് ഇന്നോളം കാലിത്തൊഴുത്തിൽ പിറന്നിട്ടുള്ളത്? അഭ്യർത്ഥിയായി, വിയർപ്പൊഴുക്കി തച്ചൻറ്റെ പണിചെയ്തിട്ടുള്ളത്? ആൾക്കൂട്ടം അവൻ പ്രവർത്തിച്ച അത്ഭുതങ്ങൾ കണ്ട് അവനെ രാജാവാക്കാൻ ശ്രമിക്കുമ്പോൾ അവിടെ നിന്ന് അവൻ നടന്ന് നീങ്ങുകയാണ്… പിന്നെ എപ്പോഴാണ് അവൻ തൻറ്റെ രാജത്വം അംഗീകരിക്കുന്നത്?
എല്ലാം നഷ്ടപ്പെട്ടു മൃതപ്രാണനായി കുരിശിൽ പിടയുമ്പോൾ അല്ലെ? ‘നിൻറ്റെ രാജ്യത്തിൽ എന്നെ ഓർക്കണേ’ എന്ന് ഹൃദയം നൊന്തുകേഴുന്ന നല്ല കള്ളനോട് അവൻ പറയുന്നുണ്ട്: ‘നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും,’ കാരണം തൻറ്റെ മരണമാണല്ലോ നിത്യതയുടെ പടവുകളിലേക്കു അയാളെ നയിക്കാൻ പോകുന്നത്… ഈ മനുഷ്യനെപ്പോലെ നസ്രായനാണ് നിത്യതയുടെ തമ്പുരാനെന്ന തിരിച്ചറിവിൽ ജീവിതയാത്ര തുടരാമെന്ന പ്രതീക്ഷയോടെ…