ആഗമനകാലം നാലാം ഞായർ, Cycle B, ലൂക്കാ.1:26-38

ഏറ്റവും മനോഹരമായ ശാന്തരാത്രി, തിരുരാത്രി നമ്മുടെ പടിവാതിക്കൽ എത്തിക്കഴിഞ്ഞു. താരകങ്ങൾ ഇമ ചിമ്മാതെ ദിവ്യരക്ഷകന്റെ പിറവിക്ക് സാക്ഷിയായ ഈ മനോഹര രാത്രിയെ വല്ലാതെ പ്രണയിച്ച, അത്ഭുതം കൂറിയ, ധ്യാനിച്ച ഒരു കന്യകയുണ്ട് – മേരിയമ്മ . ഈ അനുഗ്രഹരാത്രി നമുക്ക് സമ്മാനിക്കാനായി ദൈവം പ്രത്യേകമായി തെരെഞ്ഞെടുത്ത ആൾ. ഇന്നത്തെ വചനം നമ്മോട് പങ്ക് വയ്ക്കുക ഈ ദൈവ നിയോഗം മേരിയമ്മയെ തേടിയെത്തുന്ന വചനഭാഗമാണ്. വിവാഹ നിശ്ചയം കഴിഞ്ഞ ഒരു കന്യകയായിരുന്നു മേരിയമ്മ. ജോസഫുമൊത്തുള്ള തന്റെ ഭാവി ദാമ്പത്യ ജീവിതമൊക്കെ സ്വപ്നം കണ്ട് മുന്നോട്ട് പോയി കൊണ്ടിരുന്ന ദിനങ്ങൾ. അപ്രതീഷിതമായിട്ടാവണം നിത്യതയിലെ തീരുമാനിച്ചുറപ്പിക്കപ്പെട്ട ഈ നിയോഗം മേരിയമ്മയെ തേടിയെത്തുന്നത്. ഗബ്രിയേൽ ദൂതൻ മേരിയമ്മയെ അഭിസംബോധന ചെയ്യുക “ദൈവ കൃപ നിറഞ്ഞവളെ സ്വസ്തി, കർത്താവ് നിന്നോട് കൂടെ…” ചരിത്രത്തിൽ തന്നെ ആദ്യമായിട്ടും അവസാനമായിട്ടുമാവാം സ്വർഗ്ഗം ഒരു മനുഷ്യവ്യക്തിയെ ഇപ്രകാരം അഭിസംബോധന ചെയ്തിട്ടുണ്ടാവുക. ശരിയാണ്, അമലോത്ഭവമെന്ന കൃപവഴി ദൈവത്താൽ തെരെഞ്ഞെടുത്ത്, വേർതിരിക്കപ്പെട്ടവളാണ് മേരിയമ്മ പക്ഷെ മേരിയമ്മയ്ക്കും തന്നിൽ നിക്ഷിപ്തമായ ദൈവകൃപയ സ്വീകരിക്കാനും തിരസ്ക്കരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. തന്നിൽ നിക്ഷിപ്തമായ ദൈവകൃപയെ നിരന്തരം പരിപോഷിപ്പിക്കുകയും, ആ കൃപയോട് സഹകരിക്കുകയും ചെയ്തതുകൊണ്ടാണ് ഗബ്രിയേൽ ദൂതൻ തുടർന്ന് പറയുക:”ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നുവെന്ന്…” തുടർന്ന് ഗബ്രിയേൽ ദൂതൻ അവൾക്ക് മുന്നിൽ നിയോഗ വഴിയുടെ ചുരുളഴിക്കുകയാണ്.

ഒരു മനുഷ്യ വ്യക്തിക്ക് ഉൾക്കൊള്ളാനും മനസ്സിലാക്കാനും കഴിയുന്നതിലും അഗാധവും, സങ്കീർണ്ണവുമായ കാര്യങ്ങളാണ് ഈ കൊച്ച് കന്യകയുടെ ജീവിതത്തിലേക്ക് നൽകപ്പെടുന്നത്. ദാവിദിന്റെ സിംഹാസനം പുനരുദ്ധീകരിച്ച്, യാക്കോബിന്റെ ഭവനത്തിൻ മേൽ നിത്യതയോളം രാജാവായി വാഴാൻ പോവുന്ന ദൈവപുത്രന്റെ അമ്മ, ദൈവമാതാവ്…സമചിത്തത നഷ്ടപ്പെടാതെ അവൾ ചോദിച്ചറിയുന്നുണ്ട്, കന്യകയായ തന്റെ ജീവിതത്തിൽ ഇതെങ്ങനെ സംഭവിക്കും? “പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേൽ ആവസിക്കും…” ജീവിക്കുന്ന വാഗ്ദത്ത പേടകം, സക്രാരിയായി താൻ മാറാൻ പോകുന്നു എന്ന് മേരിയമ്മയ്ക്ക് വിശ്വസിക്കാൻ ഇതിൽപരം മറ്റൊരു സാക്ഷ്യവും ആവശ്യമില്ലായിരുന്നു. ഈ സംഭവത്തെ പൂർണ്ണമായും മനസ്സിലാക്കാനൊ, ഉൾക്കൊള്ളാനൊ, തന്റെ ഭാവി എന്തായിത്തീരുമെന്ന് യാതൊരു വ്യക്തതയില്ലാതിരുന്നിട്ടും, തന്നെ ദൈവമാതാവാകാൻ തെരെഞ്ഞെടുത്ത അബ്ബായിൽ പൂർണ്ണമായി ശരണപ്പെട്ട് അവൾ തന്നെത്തന്നെ ഈ നിയോഗ വീഥിക്ക് സമർപ്പിക്കുകയാണ്. “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ…” “എന്റെ ഹിതമല്ല നിന്റെ ഹിതം പോലെയാവട്ടെ…” എന്ന നസ്രായന്റെ വാക്കുകൾ പോലെ മനോഹരമാണ് അവളുടെ ഈ സമർപ്പണവും. അവളുടെ ഈ സമ്പൂർണ്ണ സമർപ്പണമാണ് നമുക്ക് ക്രിസ്തുമസ് രാത്രി സമ്മാനിച്ചത്. ആ ശാന്ത രാത്രിയുടെ ഓർമ്മയിൽ മേരിയമ്മയെപ്പോലെ ദൈവഹിതത്തിന് നമ്മെത്തന്നെ വിട്ട് കൊടുത്ത് മറ്റുളളവർക്ക് ക്രിസ്തുമസ് അനുഭവമായി മാറാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…