തപസ്സുകാലത്തിലെ ആദ്യ ഞായർ പരിപൂർണ്ണ മനുഷ്യനും, ദൈവവുമായ നസ്രായനുണ്ടായ പ്രലോഭനങ്ങളാണ് നാം ധ്യാനിച്ചത്. ദൈവപുത്രനായിരുന്നിട്ടും മാനവ ജീവിതത്തിൻ്റ ഈ യാഥാർത്ഥ്യത്തെ നസ്രായനും അഭിമുഖീകരിക്കുകയുണ്ടായി. മാത്രമെല്ല നസ്രായനിലൂടെ പ്രലോഭനങ്ങളെ എങ്ങിനെയാണ് അഭിമുഖീകരിക്കേണ്ടതെന്നും നാം പഠിക്കുകയുണ്ടായി. രണ്ടാമത്തെ ഞായറാഴ്ച്ചയായ ഇന്ന് വചനം നമ്മെ കൂട്ടികൊണ്ട് പോവുന്നത് താബോർ മലയിലേക്കാണ്. ഏറ്റവും അടുത്ത തോഴരായ പത്രോസ് പാപ്പയെയും, യാക്കോബ് ശ്ലീഹായെയും, വത്സല ശിഷ്യനെയും കൂട്ടിയാണ് താബോർമല നസ്രായൻ കയറുക. താബോർ സാക്ഷിയാവുന്നത് സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങുന്ന അസുലഭ നിമിഷങ്ങൾക്കാണ്. മരുഭൂമി ഈ ഭൂമിയിലെ യാഥാർത്ഥ്യങ്ങളെ വെളിപ്പെടുത്തിയെങ്കിൽ, താബോറിൽ വെളിപ്പെടുത്തികിട്ടപ്പെടുന്നത് നസ്രായൻ്റെ നിത്യമഹത്വമാണ്. നസ്രായൻ്റെ മുഖം തേജോൻമുഖവും, വസ്ത്രം വെൺപ്രഭയാൽ നിറയുകയുമാണ്. മോശയും, ഏലിയായും അവിടെ ആഗതരാവുന്നുണ്ട്. ഇതിന് സമാനമായ ഒരനുഭവം ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളത് മോശ പത്ത് കൽപനകങ്ങൾ ഏറ്റ് വാങ്ങാൻ സീനായ് മലയലിലേക്ക് പോവുമ്പോഴാണ്. ഈ അനുഭവത്തിന് ശേഷം മോശയുടെ മുഖം പ്രകാശമാനമാവുന്നുണ്ട്. എന്നാൽ മോശയുടേതിൽ നിന്ന് വ്യത്യസ്തമായി നസ്രായൻ്റെ മുഖവും, വസ്ത്രവുമൊക്കെ പ്രഭാപൂർണ്ണമാവുകയാണ്. രൂപാന്തരീകണം നമുക്ക് പകർന്ന് നൽകുന്ന ആദ്യ സന്ദേശം നസ്രായൻ്റെ ദൈവികതയെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ്. രണ്ടാമതായി മോശയുടെയും, ഏലിയായുടെയും സാന്നിദ്ധ്യം അവിടെ കാണപ്പെടുന്നുണ്ട്. നിയമങ്ങളുടെയും പ്രവചനങ്ങളുടെയും അവസാന വാക്കായ ഇരുവരും എങ്ങിനെയാണ് എല്ലാ നിയമങ്ങളും പ്രവചനങ്ങളും നസ്രായനിൽ പൂർത്തികരിക്കപ്പെടുക എന്നും അത് വഴി മാനരക്ഷ എന്ന അബ്ബായുടെ സ്വപ്നം പൂർത്തിയാവുക എന്ന സന്ദേശം നസ്രായനുമായി പങ്ക് വെച്ചിരിക്കണം.
അബ്ബായുടെ തിരുഹിതത്തിന് മുന്നിൽ തന്നെത്തന്നെ സമർപ്പിക്കുന്ന നസ്രായനെയാണ് നാം ദർശിക്കുക. അനുസരണക്കേടിലൂടെ അബ്ബായിൽ നിന്നകലുന്ന മാനവരാശി, തൻ്റെ പുത്രൻ്റെ അനുസരണത്തിലൂടെ അബ്ബായുമായി രമ്യതപ്പെടുകയാണ്. ഇവനെൻ്റെ പ്രിയപുത്രൻ ഇവനെ ശ്രവിക്കുവിൻ… നസ്രായൻ്റെ അനുസരണം സ്വീകരിച്ച് കൊണ്ട് അബ്ബാ ഒരിക്കൽക്കൂടി തൻ്റെ പുത്രനെ സർവ്വ പ്രപഞ്ചത്തോടുമായി പ്രഘോഷിക്കുകയാണ്. ഈ പ്രിയപുത്രനാണ് ജീവൻ്റെ നിറവായ അബ്ബായിലേക്കുള്ള ഏക പാഥേയം. നസ്രായനാകുന്ന വചനമാണ് നമ്മുടെ വഴിയും, സത്യവും, ജീവനും. ഇതിന് സാക്ഷിയാകുന്ന നസ്രായൻ്റെ തോഴർ സ്ഥലകാലങ്ങൾ മറക്കുകയാണ്. നിത്യതയെ അനുഭവിക്കുന്നവരാരും പിന്നീടൊരിക്കലും ഈ ഭൂവിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കാത്തത് പോലെ അവിടെത്തന്നെ ആയിരിക്കാമെന്നാണ് അവരുടെ അഭിപ്രായം. അതിന് വേണ്ടി കൂടാരമൊക്കെ ഒരുക്കാനും അവർ തയ്യാറാവുന്നുണ്ട്. പക്ഷെ നസ്രായന് വ്യക്തമായി അറിയാം താബോറിൻ്റെ ഈ മഹത്വത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി മറ്റൊരു മലയിൽ മൂന്നാണികളിൽ സകലർക്കും ജീവൻ നൽകേണ്ടതിനായി താൻ ഉയർത്തപ്പെടണമെന്ന്. കാൽവിയിലെ ആ ദുഃഖവെള്ളിക്കപ്പുറമാണ് ഈസ്റ്ററിൻ്റെ താബോറിലേക്ക് താൻ പ്രവേശിക്കുകയുള്ളു… ജീവിതത്തെ ഞെരുക്കുന്ന കുരിശിൻ്റെ വഴിയിൽ തളരുമ്പോൾ നാമൊക്കെ ഓർമ്മിക്കേണ്ടത് മഹത്വത്തിൻ്റെ താബോർ നമ്മെ കാത്തിരിപ്പുണ്ടെന്ന യാഥാർത്ഥ്യമാണ്. താബോറിലേക്കുള്ള വഴി കടന്ന് പോവുന്നത് കാൽവരിയിലൂടെയാണെന്ന യാഥാർത്ഥ്യം കുരിശുകൾ സധൈര്യം ഏറ്റെടുത്ത് വിശ്വാസയാത്ര മുന്നോട്ട് കൊണ്ട് പോവാൻ നമ്മെ ശക്തിപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായൻ്റെ തിരുഹൃദയത്തിൻ ചാരെ…