യോഹ.. 10:11-18
“ദൈവമായ കർത്താവ് അരുൾ ചെയ്യുന്നു. ഞാൻ തന്നെ എൻറ്റെ ആടുകളെ മേയ്ക്കും. ഞാൻ അവയ്ക്കു വിശ്രമസ്ഥലം നൽകും. നഷ്ടപ്പെട്ടതിനെ ഞാൻ അന്വേഷിക്കും. വഴി തെറ്റിപ്പോയതിനെ ഞാൻ തിരികെ കൊണ്ട് വരും. മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും.” (എസെക്കിയേൽ.34:1 5-16 ) ഇടയ സങ്കൽപ്പം ഇസ്രായേൽ ജനതയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന അനുഭവമായിരുന്നു. പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെട്ട ഒരു കുലത്തൊഴിലായതുകൊണ്ടാവണം പിന്നീട് വാഗ്‌ദത്ത ഭൂമിയിൽ എത്തി പലായനം നിറഞ്ഞ ജീവിതമൊക്കെ ഉപേക്ഷിച്ചു, കൃഷികളിലേക്കും, മറ്റ് തൊഴിലുകളിലേക്കുമൊക്കെ ശ്രദ്ധ തിരിഞ്ഞിട്ടും ഇടയസങ്കൽപ്പം അവരോട് ഹൃദയത്തോട് ചേർന്ന് നിന്നത്. അബ്രഹാമും, ഇസഹാക്കും, യാക്കോബും, മോശയും, ദാവീദുമൊക്കെ ഇടയന്മാരായിരുന്നു. ദൈവം തെരെഞ്ഞെടുത്ത ഈ മുനുഷ്യരുടെയൊക്കെയും പ്രത്യേകത തങ്ങളുടെ അജഗണത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഇടയഹൃദയം ഉള്ളവരയായിരുന്നു എന്നതായിരുന്നു. ഇവരുടെയൊക്കെ മാനുഷികമായ ബലഹീനതകൾ ഈ ഇടയ ഹൃദയത്തെ ചിലപ്പോഴെങ്കിലുമൊക്കെ സ്വാർത്ഥമാക്കിയിട്ടുണ്ട്. ബെത്ഷബയെ സ്വന്തമാക്കാൻ ഉറിയായെ വകവരുത്തുന്ന ദാവീദ് രാജാവിനെത്തേടി ദൈവമെത്തുന്നത് നാഥൻ പ്രവാചകനിലൂടെയാണ്. ആട്ടിൻകുട്ടിയുടെ കഥയിലൂടെ നാഥാൻ പ്രവാചകൻ ചൂണ്ടിക്കാട്ടിയത് അവൻറ്റെ ഇടയ ഹൃദയത്തിൻറ്റെ വീഴ്ച്ചയായിരുന്നു.
ഈ ഇടയഹൃദയം അതിൻറ്റെ പൂർണതയിൽ പ്രശോഭിക്കുന്നത് നസ്രായനിലാണ്. ചിലപ്പോഴെങ്കിലുമൊക്കെ മനസ്സിൽ ഉയർന്ന ചോദ്യമായിരുന്നു എന്തുകൊണ്ടാവണം അവൻ തച്ചൻറ്റെ ജോലി ജീവിതമാർഗമായി തെരെഞ്ഞെടുത്തത്? കാരണം അവൻറ്റെ മനസ്സ് നിറയെ ഈ ഇടയ സങ്കല്പമായിരുന്നു. ഇടയൻറ്റെ ജോലി ചെയ്തില്ലെങ്കിലും ആ ഇടയ ഹൃദയത്തെ പൂർണതയോടും മിഴിവോടും അവൻ ജീവിച്ചു. ഏതിടയാനാണ് വഴിതെറ്റാത്ത ആടുകളെ ഉപേക്ഷിച്ചു വഴിതെറ്റിയ ഒരാടിനെ തേടിപ്പോയത്? സക്കേവൂസും, ചുങ്കക്കാരൻ മത്തായിയുമൊക്കെ നസ്രായൻ കണ്ടെത്തിയ വഴിതെറ്റിപ്പോയ ആടുകളാണ്. ഏതിടയാണ് മുറിവേറ്റ ആടുകളെ വച്ചുകെട്ടി, തൻറ്റെ ഹൃദയത്തിലെ ചൂട് നൽകി പരിപാലിച്ചിട്ടുള്ളത്? കല്ലെറിയാൻ വിധിക്കപ്പെട്ട പാപിനിയായ സ്ത്രീയും, രക്തസ്രാവക്കാരിയുമൊക്കെ ഈ ഇടയ സ്പർശത്തിൻറ്റെ സൗഖ്യം നിറഞ്ഞ തലോടൽ അനുഭവിച്ചവരാണ്… ആടുകൾക്കുവേണ്ടി ജീവൻ ബലികഴിച്ച ഇടയൻ ആരാണ്? കാൽവരിയുടെ വരണ്ട ഭൂമിയിൽ തൻറ്റെ അജഗണത്തിന് വേണ്ടി തന്നെത്തന്നെ പെസഹകുഞ്ഞാടാക്കി ഈ നല്ലിടയൻ ബലിയർപ്പിച്ചത് തൻറ്റെ അജഗണമായ നമ്മെ ഓരോരുത്തരെയും പ്രശാന്തതയുടെ പച്ചപുൽത്തകിടിയിലേക്കു, നിത്യജീവനിലേക്ക് നയിക്കാനാണ്… നസ്രായനെപ്പോലെ നമ്മിലും ഈ ഇടയ ഹൃദയം രൂപപ്പെടട്ടെ… വഴിതെറ്റിപ്പോയ, മുറിവേറ്റ, നമ്മുടെ മക്കളെ , സഹോദരങ്ങളേ, പ്രിയരെ, കൂട്ടുകാരെ, കണ്ടെത്തി നമുക്ക് നെഞ്ചോട് ചേർക്കാം…സ്നേഹം നിറഞ്ഞ ഇടയ ഹൃദയം നമ്മിൽ രൂപപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായൻറ്റെ ചാരെ…