ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ, Cycle A, മത്താ. 10: 26-33

മത്താ. 10: 26-33
നസ്രായന്റെ ശിഷ്യനായിരിക്കുക അത് പേരിന് മാത്രമുള്ള ഒരു ശിഷ്യത്വത്തിന്റെ യാത്രയല്ല. ഈ യാത്ര നമ്മെ ക്ഷണിക്കുന്നത് വിശ്വാസത്തിന്റെ ആഴങ്ങളിലേക്കാണ്. ഓരോ അപ്പോസ്തലന്റെയും അത്പോലെ ആദിമ സഭയിലെ ഓരോ ശിഷ്യന്റെയും ജീവിതം നമ്മോട് പങ്ക് വയ്ക്കുന്നത് വിശ്വാസത്തിന്റെ ആഴത്തിലേക്കുള്ള ഈ യാത്രയെക്കുറിച്ചാണ്. അപ്പോസ്തലൻമാരുടെ വിശ്വാസ യാത്രയിലേക്ക് കണ്ണോടിക്കുമ്പോൾ അവരുടെ ആത്മീയ വളർച്ചയെ വ്യക്തമായി നമുക്ക് മനസ്സിലാകുവാൻ സാധിക്കും. ഭയങ്ങളുടെ കൂമ്പാരമായിരുന്നു പത്രോസ് പാപ്പ ഉൾപ്പെടെയുള്ള ഓരോ അപ്പോസ്തലനും, നസ്രായനെ തള്ളി പറയുന്നതും, ഒറ്റികൊടുക്കുന്നതും, അവൻ പിടിക്കപ്പെടുമ്പോൾ ഓടിയൊളിക്കുന്നതും, അവന്റെ ഉത്ഥാനത്തിന് ശേഷവും യഹൂദരുടെ കണ്ണിൽ പെടാതിരിക്കാൻ ഒളിച്ച് അടച്ചിട്ട മുറിയിൽ ഒത്തുകൂടുന്നതുമെല്ലാം ഈ ഭയത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. പക്ഷെ പന്തക്കുസ്താ അനുഭവത്തിന് ശേഷം ഒരിക്കൽ ഭയത്താൽ നസ്രായനെ ലോകത്തിന് മുന്നിൽ ഏറ്റ് പറയാൻ മടി കാണിച്ചവർ നിർഭയരായി നസ്രായന്റെ സാക്ഷികളായ് ലോകത്തിന്റെ അതിർത്തികൾ വരെ എത്തിച്ചേരുന്നതിനാണ് ചരിത്രം സാക്ഷിയായത്.
നസ്രായൻ കൂടെയായിരുന്നപ്പോൾ അവരെ ശക്തിപ്പെടുത്താൻ പറഞ്ഞ ആ വാക്കുകളാണ് ഇന്നത്തെ സവിശേഷത്തിൽ നാം ധ്യാനിക്കുക. പന്തക്കുസ്തായിൽ ആത്മാഭിഷേകത്താൽ നിറയുമ്പോഴാണ് ശിഷ്യഗണം ഈ വാക്കുകൾ ഓർമ്മിച്ചെടുക്കുന്നതും നിർഭയരായി മാറുന്നതും. നമ്മുടയൊക്കെ ജീവിത യാത്രയിൽ അതിനിസാരമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും ദൈവപരിപാലനയുടെ അറിവോട് കൂടിയാണ് നമ്മുടെയൊക്കെ ജീവിതത്തിൽ സംഭവിക്കുക എന്ന യാഥാർത്ഥ്യത്തെയാണ് നസ്രായൻ തന്റെ ഉദ്ദാഹരണങ്ങളിലൂടെ സമർത്ഥിക്കുക. ശരീരത്തെ കൊല്ലാൻ കഴിയുകയും എന്നാൽ ആത്മാവിനെ കൊല്ലാൻ കഴിയാതിരിക്കുകയും ചെയ്യുന്നവരെ ഭയപ്പെടേണ്ടന്നാണ് നസ്രായൻ പറഞ്ഞ് മനസ്സിലാക്കുക. കാരണം ശരീരത്തെയും ആത്മാവിനെയും സൃഷ്ടിച്ച് പരിപാലിക്കുന്ന അബ്ബയാണ് നമ്മുടെ ജീവിതത്തിന്റെ ആരംഭവും അവസാനവും. നസ്രായന്റെ നാമത്തിൽ നിലകൊള്ളുന്നവർക്ക് ലോകത്തിൽ പീഡനങ്ങളും ബുദ്ധിമുട്ടികളും നേരിടുമ്പോൾ അവരെ വേട്ടയാടപ്പെടുന്നവരും ബലഹീനരുമായി ലോകം കണക്കാക്കുമായിരിക്കും. എന്നാൽ ഭൂമിയിൽ അവസാനിക്കുന്നതല്ല നസ്രായന്റെ ശിഷ്യരുടെ ജീവിതങ്ങൾ. നമ്മുടെയൊക്കെ ഓരോ തലമുടിയിഴ നാര് പോലും എണ്ണപ്പെട്ടിട്ടുന്നെന്നുള്ള വചനം ഒരു പക്ഷെ നമുക്കൊക്കെ അതിശയോക്തി നിറഞ്ഞതായി തോന്നിയേക്കാം. ഒരു വ്യക്തിക്ക് പോലും സ്വന്തം ശിരസ്സിലെ തലമുടി എണ്ണി തിട്ടപ്പെടുത്താനാവില്ല. പക്ഷെ അമ്മയുടെ ഉദരത്തിൽ നാം ഉരുവാകുന്നതിന് മുമ്പേ നിത്യതയിലെ നന്മെ ഓരോരുത്തരെയും അറിഞ്ഞ അബ്ബായ്ക്ക് അതിന് കഴിയും. ഓരോ മനുഷ്യ ജീവിതങ്ങളും അബ്ബായുടെ മുന്നിൽ എത്രമാത്രം വിലപ്പെട്ടതാണെന്ന യാഥാർത്ഥമാണ് ഇത് വെളിവാക്കുക. മനുഷരുടെ കാര്യത്തിൽ മാത്രമല്ല ഒരു കുരുവിക്കുഞ്ഞ് പോലും തന്റെ അറിവ് കൂടാതെ നിലം പതിക്കുകയില്ല എന്ന വചനം സമസ്ത പ്രപഞ്ചത്തിന്റെയും പരിപാലകൻ അബ്ബായാണെന്ന യാഥാർത്ഥ്യമാണ് നമ്മോട് വിളിച്ചോതുന്നത്. അങ്ങനെ മുടിയിഴ നാരെണ്ണി കർമ്മ കാണ്ഡം കുറിച്ച് ഈ ഭൂമിയിലെത്തുന്ന നാം എന്തിനാണ് നസ്രായനെ ലോകത്തിന് മുന്നിൽ ഏറ്റ് പറയാൻ ഭയവും, നാണവും, അപമാനവും വിചാരിക്കുക. നസ്രായനാണ്… നസ്രായനിലാ നമ്മുടെ നിത്യത. സധൈര്യം നസ്രായനായി നിലകൊള്ളാൻ… മണിപ്പുരിലെ സഹോദരകൾക്കായി, അവരുടെ വിശ്വാസത്തിന്റെ ദീപശിഖ ആളികത്താൻ നമ്മുക്ക് പ്രാർത്ഥനയുടെ കരങ്ങളുയർത്താം. പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…