ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ, Cycle B, യോഹ. 6:1-15

യോഹ. 6:1-15
തന്നെ തേടി വരുന്ന ജനസഞ്ചയത്തിന് നസ്രായൻ അപ്പം വർദ്ധിപ്പിച്ച് നൽകുന്ന വചനഭാഗമാണ് ഇന്നത്തെ സുവിശേഷത്തിൽ നാം ധ്യാനിക്കുന്നത്. നാല് സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു അത്ഭുതമാണിത്. ജനക്കൂട്ടം നസ്രായനോട് അപ്പം ആവശ്യപ്പെടുന്നതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല. മറിച്ച് അവരുടെ അവശ്യം തിരിച്ചറിഞ്ഞ്, അവർക്ക് അപ്പം വർദ്ധിപ്പിച്ച് നൽകുന്ന നസ്രായനെയാണ് സുവിശേഷങ്ങളിൽ നാം കണ്ട് മുട്ടുന്നത്. ശൂന്യതയിൽ നിന്ന് എല്ലാം സൃഷ്ടിച്ച അബ്ബായ്ക്ക്, തന്റെ പുത്രനിലൂടെ ശൂന്യതയിൽ നിന്ന് അപ്പം നൽകാമായിരുന്നു അല്ലെങ്കിൽ നസ്രായന് അവിടുള്ള പാറക്കഷണങ്ങളെ അപ്പമാക്കി മാറ്റാമായിരുന്നു. നസ്രായൻ തന്റെ ശിഷ്യഗണത്തോട് ചോദിക്കുന്നത് അവരുടെ കയ്യിൽ ജനത്തിന് വേണ്ടി പങ്ക് വയ്ക്കാൻ എന്തുണ്ടെന്നാണ്? അവരോട് ചോദിക്കാതെ തന്നെ അതിനുള്ള ഉത്തരം വ്യക്തമായി അറിയാവുന്ന നസ്രായൻ തന്റെ ശിഷ്യരുടെ പങ്കാളിത്തത്തോടെയാണ് ഈ അത്ഭുതം പ്രവൃത്തിക്കുന്നത്.
ജനക്കുട്ടത്തിൽ നിന്ന് അപ്പവും മീനും കരുതിയിട്ടുള്ള ബാലനെ കണ്ട് പിടിക്കുന്നതും ആ ബാലനോട് അത് നസ്രായനുമായി പങ്ക് വയ്ക്കാൻ അഭ്യർത്ഥിക്കുന്നതുമൊക്കെ ശിഷ്യൻമാരാണ്. അങ്ങനെ നസ്രായന്റെ ദൈവിക സാന്നിദ്ധവും മനുഷ്യന്റെ പങ്ക് വയ്ക്കാനുള്ള മനസ്സും ഒത്ത് ചേരുമ്പോൾ ഒരുപാട് മനുഷ്യരുടെ ഉദരവും മനവും നിറയുകയാണ്. എല്ലാവർക്കും പങ്ക് വച്ചതിന് ശേഷം പന്ത്രണ്ട് കുട്ട നിറയെ അപ്പം അവശേഷിച്ചതായിട്ടാണ് യോഹന്നാൻ സുവിശേഷകൻ രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്തിന്റെ നാല് കോണിലുമുള്ള ജനതയുടെ ആത്മിയ വിശപ്പ് ശമിക്കാൻ നസ്രായന്റെ കാരുണ്യത്തിന് കഴിയും എന്നതിന്റെ പ്രതീകാത്മ ദർശനമാണ് ഈ അടയാളത്തിലൂടെ വത്സല ശിഷ്യൻ അടി വരയിടുന്നത്.
ഈ പങ്ക് വയ്ക്കലിനെ നാം ചേർത്ത് വായിക്കേണ്ടത് നസ്രായൻ തന്റെ തന്നെ തിരുശരീര രക്തങ്ങൾ പങ്ക് വച്ച് നൽകുന്ന ദിവ്യകാരുണ്യ സ്ഥാപനത്തോടാണ്. തന്റെ ശിഷ്യരുടെ കരങ്ങളിലൂടെ സ്വയം വിഭജിക്കപ്പെട്ട് അനേകായിരങ്ങൾക്ക് അവൻ ആത്മീയ ഭോജനമായി മാറുന്നുണ്ട്. അവനെ ഹൃദയത്തിൽ സ്വീകരിക്കുന്ന നാമൊക്കെ പങ്ക് വയ്ക്കലിന്റെ ആത്മീയത നമ്മുടെ ജീവിതത്തിൽ ജീവിക്കുന്നുണ്ടൊ? ആദിമസഭയിൽ അപ്പം മുറിക്കൽ ശിശ്രൂഷയ്ക്കായി ഒന്ന് കൂടിയ ശിഷ്യഗണം ഈ ആത്മീയതയെ അതിന്റെ പൂർണ്ണതയിൽ ജീവിച്ചിരുന്നു. പിന്നീട് കലാന്തരത്തിൽ പങ്ക് വയ്പ്പിന്റെ ഈ ആത്മീയത നമുക്ക് കൈമോശം വന്നു എന്നതാണ് നമ്മുടെ ആത്മീയ ദാരിദ്ര്യം. പയ്യ്ക്കലിന്റെ ഈ ആത്മീയതയിലേക്കുള്ള മടക്കയാത്രയിലാണ് ക്രിസ്തീയതയുടെ നവീകരണവും ഉയർത്തെഴുന്നേൽപ്പുമെന്ന് വിശ്വസിക്കുന്നു… പങ്ക് വയ്ക്കലിന്റെ ഈ ആത്മീയതയിലേക്ക്… നാസായന്റെ ഹൃദയ ഭാവത്തിലേക്ക് വളരാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ … നസ്രായന്റെ ചാരെ…