ലുക്കാ. 13: 22-30
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്ന തത്വം നമുക്കൊക്കെ സുപരിചിതമാണ്. നസ്രായൻ നമ്മെ പഠിപ്പിക്കുന്നത് ലക്ഷ്യത്തോടൊപ്പം മാർഗ്ഗവും പ്രധാനപ്പെട്ടതാണെന്നാണ്… ആഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കാനുള്ള നമ്മുടെ യാത്രകളിൽ നസ്രായൻറ്റെ കാൽപാടുണ്ടോ എന്ന് നാം ധ്യാനിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ സുവിശേഷം നമ്മോട് പറഞ്ഞുവെയ്ക്കുന്നത് ഇടുങ്ങിയ വാതിലിൻറ്റെ ആത്മീയതയെക്കുറിച്ചാണ്… മനോഹരമായ ഒരു പ്രകൃതി വിസ്മയം കാണാൻ വളരെ ശ്രമകരമായ യാത്രകൾ നാം നടത്താറുണ്ട്… ഈ യാത്രയുടെ കാഠിന്യവും, വെല്ലുവിളികളും നാം ഏറ്റെടുക്കുന്നത് മനോഹരമായ ഈ ദൃശ്യം നമുക്ക് നൽകുന്ന ആനന്ദനിർവൃതി ആസ്വദിക്കാനെല്ലേ… സമൃദ്ധിയുടെ സുവിശേഷത്തെ പുൽകാനുള്ള യാത്രയിൽ ഇടുങ്ങിയ വാതിലിൻറ്റെ ആത്മീയത വിസ്മരിക്കപ്പെട്ടുപോകുന്നുണ്ട്…
ലോകത്തിൽനിന്നുള്ള ഒളിച്ചോട്ടമല്ല നസ്രായൻ നമ്മോട് ആവശ്യപ്പെടുന്നത്, മറിച് ലോകത്തിലായിരുന്നുകൊണ്ട് അവൻറ്റെ മൂല്യങ്ങളിൽ ജീവിച്ചു, അദൃശ്യമായ അവൻറ്റെ സാന്നിധ്യത്തിന് ദൃശ്യമായ സാക്ഷ്യമാവുക എന്നതാണ്… ക്രിസ്തീയ മൂല്യങ്ങളിൽ ജീവിക്കുക എന്നാൽ ബോധപൂർവ്വം കുരിശിൻറ്റെ വഴിയെ അല്ലെങ്കിൽ ഇടുങ്ങിയ വാതിലിലൂടെ കടന്നുപോകാൻ തീരുമാനിക്കുക എന്നുതന്നെയാണ്… ഈ കുരിശിൻറ്റെ വഴിയിൽ നാം ഒറ്റയ്ക്കാണെന്ന് കരുതുന്നുണ്ടോ? അവൻറ്റെ സാന്നിദ്ധ്യം നമ്മോടൊപ്പമുണ്ടെന്ന ബോധ്യത്തോടെ…