ആണ്ടുവട്ടത്തിലെ ഇരുപത്തിയാറം ഞായർ, Cycle C, ലൂക്കാ. 16:19-31

ലൂക്കാ. 16:19-31
എല്ലാ ദിവസവും രാത്രി പ്രാർത്ഥനയിൽ ആത്മ പരിശോധനയ്ക്കായ് കുറച്ച് നിമിഷങ്ങൾ നിശബ്ദതയിൽ ഞങ്ങൾ ചെലവഴിക്കാറുണ്ട്. ആ ദിവസത്തെ മുഴുവൻ മനസ്സിലേക്ക് കൊണ്ട് വന്ന് ധ്യാനിക്കേണ്ട പ്രധാനപ്പെട്ട നിമിഷങ്ങളാണിവ. പലപ്പോഴും പല വിചാരങ്ങളിൽ പെട്ട് ഈ ധ്യാന നിമിഷങ്ങൾ നഷ്ടപ്പെട്ട് പോയിട്ടുണ്ടെങ്കിലും തെല്ലഹങ്കാരത്തോടെ ചിന്തിക്കുമായിരുന്നു ‘ഇന്ന് പ്രവൃത്തികളിയുടെയും, വിക്കുകളിലൂടെയും ആരെയും വേദനിപ്പിക്കാൻ ഇടയാകാതിരുന്നതിനെ ഓർത്ത് നസ്രായാ നിനക്ക് നന്ദി…’ ആത്മീയ വഴിയിൽ കുറച്ച് കൂടി സഞ്ചരിച്ചപ്പോൾ ചെറിയൊരു ഉൾവെളിച്ചം പകർന്ന് കിട്ടുകയുണ്ടായി, സ്നേഹ നിരാസത്തിന്റെ നിമിഷങ്ങൾ മാത്രമല്ല സാധിക്കുമായിരുന്നിട്ടും സ്നേഹിക്കാൻ കഴിയാതെ മറ്റുള്ളവർക്ക് നൻമ ചെയ്യാമായിരുന്നിട്ടും ചെയ്യാതെ നഷ്ടപ്പെടുത്തിയ നിമിഷങ്ങളെയും പ്രതി അബ്ബായോട് മാപ്പ് ചോദിക്കണമെന്ന്…
ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടി കൊണ്ട് പോവുക ധനവാന്റെയും ലാസറിന്റെയും ജീവിതത്തിലേക്കാണ്. എന്ത്കൊണ്ടാവാം ധനവാന്റെ പേര് ഈ ഉപമയിൽ രേഖപ്പെടുത്താതെ പോയത്? ധനവാൻമാരുടെയും, സ്വാധീനമുള്ളവരുടെയും പേരുകളല്ലെ ഇന്നോളം ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വ്രണിതനായി കിടന്നിരുന്ന ലാസറിന്റെ പേര് മാത്രം പരാമർശിക്കപ്പെട്ടത് നാസ്രായൻ അറിഞ്ഞ് ചെയ്തത് തന്നെയാവില്ലേ… പാർശ്വവത്ക്കരിക്കപ്പെട്ടവന്റെ കഥകളും ചരിത്രത്തിൽ രേഖപ്പടുത്താനുള്ള നസ്രായന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നില്ലേ അത്? ദരിദ്രനായി മറ്റുള്ളവരുടെ കാരുണ്യത്തിനായി കാത്ത് കിടക്കുമ്പോഴും ലാസറിന്റെ ജീവിതം ദൈവ സന്നിധിയിൽ അമൂല്യമാണ്. ധനവാൻ തന്റെ ജീവിത കാലത്ത് കൽപനകൾ ലംഘിച്ചതായൊ, ആസൻമാർഗിക ജീവിതം നയിച്ചതായൊ, ഉപമയിൽ പരാമർശിക്കുന്നില്ല. മൃദുല വസ്ത്രങ്ങളും, ചെമന്ന പട്ടും, വിഭവ സമുദ്ധമായ ഭക്ഷണവും കഴിച്ച് ജീവിതത്തെ ശരിക്കും ആസ്വദിക്കുകയും, ആഘോഷമാക്കി മാറ്റുകയും ചെയ്ത വ്യക്തിയാണ് ഈ ധനവാൻ. അത് തെറ്റാണൊ? ഒരിക്കലുമില്ല. പക്ഷെ അയാൾക്ക് പറ്റിയ ഇടർച്ച തന്റെ കൺമുൻപിൽ ഉണ്ടായ ലാസറിനെ കണ്ടില്ലെന്ന് നടിച്ചതാണ്. ലാസറിന്റെ വ്രണങ്ങൾ നായ്ക്കൾ നക്കിയിരുന്നു എന്ന് ഈ ഉപമയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നായ്ക്കളെപ്പോലെ ധനവാന്റെ മേശയിൽ നിന്ന് വീഴുന്ന ഉച്ഛിഷ്ടത്തിന് വേണ്ടി കാത്തിരുന്നവനായിരുന്നു ലാസറും. അതായത് ധനവാനെ സംബന്ധിച്ചടുത്തോളം ലാസറിനും, നായ്ക്കൾക്കും തുല്യ സ്ഥാനമാണ് നൽകിയിരുന്നത്. ലാസറിലെ മനുഷ്യനെ തിരിച്ചറിയാനുള്ള മനിഷ്യത്വം അയാളിൽ മരവിച്ച് പോയിരുന്നു.
മരണമെന്ന യാഥാർത്ഥ്യത്തിന് മുന്നിൽ ധനവാനും ലാസറും തുല്യരാവുകയാണ്. ധനവാൻ അടക്കപ്പെട്ട വിവരമൊക്കെ ഉപമയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ലാസർ – മൃഗത്തെപ്പോലെ തെരുവിൽ ജീവിച്ച വന് എന്ത് സംസ്ക്കാര ശിശ്രൂഷ? പക്ഷെ മരണത്തിനപ്പുറം കാര്യങ്ങൾ കീഴ്മേൽ മറിയുകയാണ്. കരുണ നിഷേധിച്ചവന് കരുണ നിഷേധിക്കപ്പെടുകയാണ്. അബ്രഹാത്തിന്റെ മടിയിലിരുന്ന് ലാസർ നിത്യത ആസ്വദിക്കുമ്പോൾ, ഈ ലോക ജീവിതം ആഘോഷിച്ച ധനവാനെ കാത്തിരിക്കുന്നത് എന്നേക്കമായി നിത്യാനന്തത്തിൽ നിന്നുള്ള വേർപാടാണ്. വിരൽത്തുമ്പ് മുക്കി തന്റെ ദാഹം ശമിപ്പിക്കാൻ ലാസറിനെ അയക്കണമെന്ന യാചന ദൈവത്തെ ബോധപൂർവ്വം നിഷേധിച്ചവന്റെ ദൈവത്തിനായുള്ള ദാഹമല്ലെ…’ അഗാമായ ഗർത്തം അവർക്ക് മദ്ധ്യേ ഉണ്ടായിരുന്നില്ലെങ്കിൽ… അവിടെ കരുണയുടെ പാലം ഉണ്ടായിരുന്നെങ്കിൽ…’ നമ്മുടെ സ്വാതന്ത്ര്യത്തെ ദൈവം അത്യധികം വിലമതിക്കുന്നതിന്റെ അടയാളമല്ലെ ഈ അഗാധമായ ഗർത്തം. സഹോദരരുടെ അടുത്തേക്ക് ലാസറിനെ അയക്കണമെ എന്ന യാചനയും നിഷേധിക്കപ്പെടുകയാണ്. ഈ ഭൂവിലായിരിക്കുമ്പോൾ തന്നെ അബ്ബായെ നാം തെരെഞ്ഞെടുക്കേണ്ടിയിരിക്കുന്നു. അവന്റെ വചനമാണ് നമ്മുടെ വിളക്ക്. നസ്രായനാണ് അബ്ബായിലേക്കുള്ള നമ്മുടെ വഴി. നസ്രായനാകുന്ന വഴിയിലൂടെ വചനമാവുന്ന പ്രകാശവുമേന്തിയുള്ള നമ്മുടെ യാത്ര കൃപാപൂരിതമാവട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…