ലൂക്കാ. 2: 1-14
പിറന്ന് വീഴാനായി മനുഷ്യ ഹൃദയങ്ങളിൽ ഇടം ലഭിക്കാതിരുന്ന ദൈവ പുത്രന്റെ കഥയാണ് ഓരോ ക്രിസ്തുമസും നമ്മോട് പങ്ക് വയ്ക്കുന്നത്. എന്ത്കൊണ്ട് ഔസേപ്പിതാവിനും മേരിയമ്മയ്ക്കും സത്രത്തിൽ ഇടം കിട്ടിയില്ല എന്ന ചോദ്യം വിരൽ ചൂണ്ടുന്നത് മരവിച്ച മനുഷ്യ മനസാക്ഷിക്ക് നേർക്കാണ്. ഔസേപ്പിതാവ് ഒരുപാട് വാതിലുകളിൽ മുട്ടിയുട്ടുണ്ടാവണം. വാതിൽ തുറന്നവരെല്ലാം നിറവയറുമായി ഈറ്റ് നോവനുഭവിക്കുന്ന മേരിയമ്മയെയും കണ്ടിട്ടുണ്ടാവണം. എന്നിട്ടും തലചായിക്കാൻ ഒരു നുള്ള് ഇടം പോലും ലഭിക്കാതെയായിരുന്നു അവന്റെ പിറവി… അവൻ ജനിക്കുമ്പോൾ വാനിൽ മാലാഖമാർ പ്രത്യക്ഷപ്പെട്ട് സന്തോഷ ഗീതം ആലപിക്കുന്നുണ്ട്. ദൂരെ ദേശത്ത് നിന്ന് പൂജ രാജക്കൻമാർ അവനെ വണങ്ങാനായി സമ്മാനങ്ങളുമായി എത്തുന്നുണ്ട്. എന്നിട്ടും എന്ത് കൊണ്ടാവാം അബ്ബാ തന്റെ പുത്രന് വേണ്ടി ഒരിടം ഒരുക്കാതിരുന്നത്?
നമുക്ക് വേണ്ടി നമ്മുടെ ഇടയിലേക്ക് കടന്ന് വരുന്ന ദൈവ പുത്രന് ഇടമൊരുക്കേണ്ടിയിരുന്നത് നമ്മളായിരുന്നില്ലേ? അബ്ബാ ആയിരുന്നിലല്ലോ? സ്നാപക യോഹന്നാനും, അദ്ദേഹത്തിന് മുമ്പുള്ള പ്രവാചകൻമാരൊക്കെ അവന് വഴിയൊരുക്കിയിട്ടും തങ്ങളുടെ ഹൃദയത്തെ അവന് വേണ്ടി ഒരുക്കാതിരുന്നവരെല്ലെ അവന്റെ മുന്നിൽ തങ്ങളുടെ ഭവനങ്ങളുടെ വാതിൽ കൊട്ടിയടച്ചതും… ഓരോ ക്രിസ്തുമസും നമ്മോട് പങ്ക് വയ്ക്കുന്നത് ഈ ഒരു ഓർമ്മപ്പെടുത്തലല്ലേ… തലചായിക്കാൻ ഇടമില്ലാത്ത സഹോദരങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്ന ഓർമ്മപ്പെടുത്തൽ. അവർക്ക് തല ചായിക്കാൻ ഇടം കിട്ടാത്തതിന് കാരണം സ്വാർത്ഥത നിറഞ്ഞ നമ്മുടെ ഹൃദയ കവാടങ്ങൾ അവർക്കായി നാം തുറന്ന് കൊടുക്കാതിരിക്കുന്നത് കൊണ്ടല്ലേ…
നസ്രായന്റെ ജനനവാർത്ത വെളിപ്പെട്ട് കിട്ടുന്നതും വയലുകളിൽ ആടുകൾക്ക് കാവലിരിക്കുന്ന ഇടയൻമാർക്കായിരുന്നു. എന്തുകൊണ്ടാവാം മിശിഹായുടെ വരവിനെ ക്കുറിച്ചുള്ള എല്ലാ പ്രവാചനങ്ങളും പഠനങ്ങളുമൊക്കെ അരക്കി കലക്കി കുടിച്ചിരുന്ന ഫരിസേയർക്കും നിയമജ്ഞർക്കും, സദുക്കേയർക്കുമൊന്നും ഈ കൃപ സിദ്ധിക്കാതിരുന്നത്? തങ്ങളിലേക്ക്, തങ്ങളുടെ ഹൃദയങ്ങളിലേക്ക് നോക്കാൻ മറന്ന് പോയവരായിരുന്നു ഇക്കൂട്ടർ. തന്റെ മാനവീകരണത്തിന്റെ വേളയിൽ തനിക്ക് ജനിക്കാൻ, തലചായിക്കാൻ ഇടം കിട്ടില്ലെന്ന് നസ്രായൻ തന്റെ നിത്യതയിലെ അറിഞ്ഞിരുന്നു. മനുഷ്യ ജീവിതത്തിന്റെ ഈ അരക്ഷിതയെ അവൻ സ്വയം ഏറ്റെടുത്തത് എന്തിന് വേണ്ടിയാവാം? മാലാഖമാർ ഇടയൻമാരെ അറിയിക്കുന്ന സദ്വാർത്ത ഇപ്രകാരമാണ് ദാവിദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ ഇന്ന് ജനിച്ചിരിക്കുന്നു. തലചായിക്കാൻ ഇടമില്ലാതെ പാർശ്വ വത്ക്കരിക്കപ്പെടുന്നവർക്കായുള്ള സമാശ്വാസത്തിന്റെ അടയാളം ഈ പുൽക്കുട്ടിലെ കുഞ്ഞ് നസ്രായനാണ്. പാർശ്വവത്ക്കരിക്കപ്പെട്ട് ജീവിക്കുന്നവരാരും ഒറ്റയ്ക്കല്ല. അവരുടെ മദ്ധ്യേയാണ് ക്രിസ്തുമസ്… അവരോടൊപ്പമാണ് നസ്രായൻ… ഇമ്മാനുവേൽ…
ക്രിസ്തുമസ് ആഘോഷിക്കേണ്ടത് ബഹുവർണ്ണത്തിലുള്ള നക്ഷത്രങ്ങൾ കെട്ടിത്തൂക്കിയൊ, ബെത്ലെഹം നഗരം അതിമനോഹരമായി പുന:രാവിഷ്ക്കരിച്ച് അതിന്റെ മധ്യത്തിൽ പുൽക്കൂട് നിർമ്മിച്ചൊ, ചെവികൾക്ക് ഇമ്പം നൽകുന്ന കരോളുകൾ പാടിയൊ, സാഘോഷം പാതിരാ കുർബ്ബാനയിൽ പങ്കെടുത്തൊ മാത്രമല്ല അതോടൊപ്പം തല ചായിക്കാൻ ഇടമില്ലാത്ത, തലചായിക്കുമ്പോൾ ഉറങ്ങാനാവാത്ത വിധം സാമ്പത്തിക ബാധ്യതയുടെ നൊമ്പരങ്ങൾ പേറുന്ന, രോഗാവസ്ഥകളുടെ ഹൃദയക്കനലിൽ സ്വയം ഉരുകുന്ന, പട്ടിണിയുടെ നൊമ്പരം ഉദരത്തിൽ ആഘോഷത്തിമർപ്പാടുന്ന സഹോദരങ്ങൾക്കൊക്കെ സമാധാനത്തോടെ തലചായിക്കാനുള്ള ഇടമൊരുക്കി കൊണ്ടാവണം നാം ക്രിസ്തുമസിനെ സ്മരിക്കേണ്ടതും ആഘോഷിക്കേണ്ടതും. അപ്പോൾ മത്രമാണ് ദാവിദിന്റെ പട്ടണത്തിൽ ഇന്ന് നമുക്കായി ഒരു രക്ഷകൻ ജനിക്കുകയുള്ളു. അല്ലെങ്കിൽ ക്രിസ്തുമസ് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ചരിത്ര സംഭവത്തിന്റെ ഓർമ്മ പുതുക്കൽ മാത്രമാവും. ഓർമ്മകളലല്ലോ നാം പുതുക്കേണ്ടത് മറിച്ച് ഓരോ ദിവ്യബലിയിലും ഇടയൻ പറയുന്നത് പോലെ അവന്റെ ഓർമ്മയായി നാമൊക്കെ മാറേണ്ടെ… പാർശ്വ വത്ക്കരിക്കപ്പെട്ടവന് തലചായിക്കാൻ ഇടം കൊടുക്കുന്ന ഹൃദയ വിശാലതയുള്ളവരായി നാമൊക്കെ മാറുന്ന അർത്ഥവത്തായ ക്രിസ്തുമസാവട്ടെ നമ്മുടേതെന്ന് ഹൃദയപൂർവ്വം പ്രാർത്ഥിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…