ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ, Cycle A, മത്താ. 4: 12-23

മത്താ. 4: 12-23
തൻറ്റെ ബോധ്യങ്ങളിൽ മായം ചേർക്കാൻ നസ്രയാൻ ഒരിക്കലും തയാറായിരുന്നില്ല. താൻ ആർക്കുവേണ്ടിയാണോ നിലകൊണ്ടത്, അവർക്ക് വേണ്ടി അവസാന ശ്വാസം വരെ അവൻ നിലകൊണ്ടു. ഇന്നത്തെ സുവിശേഷം നമ്മോട് പങ്കുവയ്ക്കുന്നത് തൻറ്റെ ഹൃദയത്തോട് നസ്രായൻ ചേർത്തുവച്ച ചില ബോധ്യങ്ങളെക്കുറിച്ചാണ്. ദരിദ്രരെ സുവിശേഷം അറിയിക്കാനാണ് നസ്രായൻ അഭിഷിക്തനായത്. ദരിദ്രർ കേവലം സാമ്പത്തിക ബാധ്യത അനുഭവിക്കുന്നവർ മാത്രമായിരുന്നില്ല മറിച്ച് സമൂഹത്തിൻറ്റെ മുഖ്യ ധാരയിൽ നിന്ന് തഴയപ്പെട്ട ചുങ്കകാരും, ഗണികകളും, മുക്കുവരൊക്കെയുമായിരുന്നു. ഇന്നത്തെ സുവിശേഷം നമ്മോട് പങ്കുവയ്ക്കുന്നത് നസ്രയാൻറ്റെ അപ്രകാരമുള്ള ഒരു പ്രവർത്തിയെ കുറിച്ചാണ്. സ്വർഗ്ഗീയ ജറുസലേമിൻറ്റെ മഹത്വത്തിൽ ജീവിക്കാമയിരുന്ന നസ്രായൻ ദരിദ്രരുടെ ഇടമായ കഫർണമിലേക്ക് തന്നെത്തന്നെ പറിച്ചു നടുകയാണ്. അവൻറ്റെ ഓരോ ചുവടു വെയ്പിനെയും നയിച്ചത് ദുർബലർക്കു വേണ്ടി നിലകൊള്ളാനുള്ള ബോധ്യമായിരുന്നു.
സുവിശേഷത്തിൻറ്റെ രണ്ടാം ഭാഗം നമ്മോട് പങ്കുവയ്ക്കുന്നത് അദ്യശിഷ്യന്മാരുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചാണ്‌. ഫരിസേയരെയും, നിയമജ്ഞരെയും സദുക്കെയരെയുമൊക്കെ ഉപേക്ഷിച്ച് മുക്കുവരെയും ചുങ്കകരെയും ചേർത്ത് തൻറ്റെ ശിഷ്യഗണത്തിന് രൂപം കൊടുക്കുന്ന നസ്രായൻ, അറിഞ്ഞ് കൊണ്ട് തന്നെ ദുർബലർക്ക് വേണ്ടി നില കൊള്ള നുള്ള തൻറ്റെ ബോധ്യത്തിലേക്ക് സ്വയം ആഴപ്പെടുകയായിരുന്നു. നമ്മുടെ ചുറ്റുപാടുകളിൽ കണ്ണോ ടിക്കുമ്പോൾ രോഗികളായവർ, സ്നേഹം നിഷേധിക്കപ്പെട്ടവർ, അനാഥർ, സാമ്പത്തിക ബാധ്യതകളാൽ ഞെരുങ്ങുന്നവർ, അങ്ങനെ പലതരത്തിൽ ദുർബലരായ സഹോദരങ്ങളെ നാം കണ്ടുമുട്ടും… നസ്രായനെപ്പോലെ ഇടയ ഹൃദയത്തിൻറ്റെ നീർച്ചാലായി അവരിലേക്ക് ഒഴുകിയെത്താനും അവർക്ക് വേണ്ടി നിലകൊള്ളാനും നമുക്ക്അവട്ടെ എന്ന പ്രാർത്ഥനയോടെ…