യോഹ. 11:1-45
നോയമ്പ് കാലത്തിലെ അഞ്ചാം ഞായറാഴ്ച്ചയിൽ സുവിശേഷം നമ്മോട് പങ്ക് വയ്ക്കുന്നത് നസ്രായൻ മരണത്തിന്റെ കയത്തിൽ നിന്ന് ലാസറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്ന വചന ഭാഗമാണ്. തന്റെ പീഡാനുഭവത്തിനും മരണത്തിനും മുൻപായി നസ്രായൻ ചെയ്യുന്ന ഈ അത്ഭുതം തന്റെ ശിഷ്യഗണത്തിനുള്ള വലിയ അടയാളം തന്നെയാണ്. തന്റെ പരസ്യജീവിത കാലത്ത് നസ്രായൻ മൂന്ന് വ്യക്തികളെ ഉയർപ്പിച്ചതായിട്ടാണ് നാം മനസ്സിലാക്കുക. ആദ്യത്തെയാൾ നായിമിലെ വിധവയുടെ ഏകമകനായിരുന്നു. ആ വ്യക്തിയെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെയാണ് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതും. രണ്ടാമത്തെയാൾ ജായ്റോസിന്റെ മകളാണ്. നസ്രായൻ എത്തുന്നതിന് മുൻപേ മരണത്തിന്റെ കയത്തിലേക്ക് വഴുതി വീഴുന്ന ആ ബാലികയെ നസ്രായൻ തിരികെ ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വരുന്നുണ്ട്. മൂന്നാമത്തെ ആൾ നസ്രായന്റെ പ്രിയനായ ലാസറാണ്. നാം ധ്യാനിച്ച രണ്ട് ഉയർപ്പ് സംഭവങ്ങളിൽ നിന്നും ലാസറിന്റെ ഉയർപ്പിന് എന്ത് സവിശേഷതയാണുള്ളത്?
ലാസർ ഗുരുതരാവസ്ഥയിലാണെന്നും, ലാസർ മരിക്കുന്ന മുഹൂർത്തവുമൊക്കെ നസ്രായൻ വ്യക്തമായി മനസ്സിലാക്കുന്നുണ്ട്. എന്നാൽ ലാസർ മരിച്ച് കൃത്യം നാലാമത്തെ ദിനമാണ് നസ്രായൻ ബഥാനായിയിൽ എത്തുന്നത്. യഹൂദരുടെ വിശ്വാസ പ്രകാരം ഒരു വ്യക്തി മരിച്ച് മൂന്ന് ദിവസം വരെ ആ വ്യക്തിയുടെ ആത്മാവ് മൃതശരീരത്തിൽ കുടികൊള്ളും. ഒരു പക്ഷെ ലാസർ മരിച്ച് തൊട്ടടുത്ത നിമിഷം തന്നെ നസ്രായന് അവിടെ എത്തി ലാസറിനെ ഉയർപ്പിക്കാമായിരിന്നു. എന്നാൽ അതിന് സാക്ഷികളാവുന്ന ഫരിസേയരും നിയമജ്ഞരുമൊക്കെ ഉറങ്ങിയിരുന്ന ലാസറിനെ അവൻ ഉണർത്തി എന്ന് മാത്രമായിരിക്കും പറയുക. അങ്ങനെ താനാണ് ജീവനും പുനരുത്ഥാനവുമെന്ന സത്യത്തെ പൂർണ്ണ ബോധ്യത്തോടെ ഉൾക്കൊള്ളുന്നതിന് തന്റെ തോഴർക്ക് കഴിയാതെ പോവും. അങ്ങനെ മരിച്ച് മൂന്ന് ദിനങ്ങൾക്ക് ശേഷം അതായത് നാലാം ദിനം ലാസറിന്റെ ശരീരം അഴുകി തുടങ്ങിയതിന് ശേഷമാണ് നസ്രായൻ ബഥാനിയായിൽ എത്തുന്നത്. നസ്രായൻ അവിടെ എത്തുമ്പോൾ അവന്റെ പ്രിയരായ മർത്തായും, മേരിയും ചങ്കുലഞ്ഞു കൊണ്ട് അവനോട് പറയുന്നുണ്ട്: ‘നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ സഹോദരൻ മരിക്കില്ലായിരുന്നു.’ അത് പോലെ അന്ത്യദിനത്തിൽ മരിച്ചവരോടൊപ്പം അവനും ഉയർക്കുമെന്നുള്ള പ്രത്യാശയും അവർ പങ്ക് വയ്ക്കുന്നുണ്ട്. എന്നാൽ മൂന്ന് ദിനങ്ങൾക്കുമപ്പുറം അഴുകി തുടങ്ങിയ അവന്റെ ജീർണ്ണതയെ, നസ്രായൻ ജീവന്റെ തുടിപ്പാക്കി മാറ്റുമെന്ന് വന്യമായ സ്വപ്നത്തിൽ പോലും ആരും കരുതി കാണില്ല.
വചനം കൊണ്ട് സർവ്വവും സൃഷ്ടിച്ചവൻ വചനത്താൽ ലാസറിനെ മരണത്തിന്റെ കയത്തിൽ നിന്ന് ജീവനിലേക്ക് തിരികെ കൊണ്ട് വരികയാണ്. അങ്ങനെ കല്ലറയുടെ അന്ധകാരത്തിൽ നിന്ന് ലാസർ ജീവന്റെ വെളിച്ചത്തിലേക്ക് കടന്ന് വരികയാണ്. ലാസർ മരിച്ചിട്ടില്ലായിരുന്നെങ്കിൽ അവൻ തന്നെ കെട്ടുകളഴിച്ച് പുറത്ത് വരുമായിരുന്നു. എന്നാൽ ലാസറിന്റെ കെട്ടികളഴിക്കുന്നത് അവിടെ കൂടിയിരുന്നവരാണ്. ജീവനിലേക്ക് തിരികെ വന്ന ലാസർ പോലും ഈ യഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ സമയമെടുത്തുട്ടുണ്ടാവും. അഴുകി തുടങ്ങിയ വ്യക്തിയെ ജീവനിലേക്ക് തിരികെ കൊണ്ട് വരാൻ കഴിയുന്ന നസ്രായന് തന്റെ മരണത്തിന് ശേഷം മൂന്ന് ദിനങ്ങൾക്കുമപ്പുറം സ്വയം ജീവനിലേക്ക് തിരികെ വരാൻ കഴിയുമെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ലാസറിന്റെ ഉയിർപ്പ്. സ്വന്തം മരണത്തെപ്പോലും തോൽപ്പിച്ചവൻ നമ്മെയും മരണത്തിന് വിട്ട് കൊടുക്കുകയില്ല. അവനോടൊപ്പം നാമും ജീവിക്കുന്ന പ്രത്യാശയിൽ നമ്മുടെ വിശ്വാസ യാത്ര തുടരാം… പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാര …