പെസഹാക്കാലം മൂന്നാം ഞായർ, Cycle-A, ലുക്കാ. 24: 13-35

ലുക്കാ. 24: 13-35
“ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല, യുഗാന്തം വരെ ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.” നസ്രായന് തൻറ്റെ ശിഷ്യഗണത്തോടുള്ള സ്നേഹം വാക്കുകൾക്ക് അതീതമാണ്. അമ്മക്കിളി തൻറ്റെ കുഞ്ഞുങ്ങളെന്ന പോലെ നസ്രായൻ അവരെ ഓരോരുത്തരെയും തൻറ്റെ ഹൃദയത്തോട് ചേർത്തു വച്ചിരുന്നു. ഒരുപാട് തവണ അവൻ ഇടറിയിട്ടും, അവൻ പറഞ്ഞ കാര്യങ്ങളൊ, അവൻറ്റെ രക്ഷാകര ദൗത്യത്തെത്തന്നെയോ അവർ മനസ്സിലാകാതിരുന്നിട്ടും അവൻ ഒരിക്കലും അവരെ എഴുതിതള്ളുകയോ, ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല.
“ഞാൻ ഇടയനെ അടിക്കും, ആടുകൾ ചിതറിപ്പോകും.” തൻറ്റെ ഉത്ഥാനത്തിന് ശേഷം ഈ നല്ലിടയൻ ഇറങ്ങിത്തിരിക്കുന്നത് ചിതറിക്കപ്പെട്ട ഈ ആടുകളെ ഒരുമിച്ച് കൂട്ടാനാണ്. ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ടുമുട്ടുന്നതും നസ്രായൻറ്റെ മരണശേഷം ഭയചകിതരായി ജറുസലേമിൽ നിന്ന് എമ്മാവൂസിലേക്ക് പോകുന്ന ശിഷ്യന്മാരെയാണ്… തകർന്ന് തരിപ്പണമായ ഒരുപാട് സ്വപ്നങ്ങളും പേറിയായിരുന്നു അവരുടെ യാത്ര. അപരിചിതനായ ഒരു സഹയാത്രികനായി നസ്രായൻ അവരോടൊപ്പം ചേരുന്നു. ദുഃഖഭരിതമായ അവരുടെ വിങ്ങലുകൾക്ക് അവൻ ചെവികൊടുക്കുകയാണ്. അവർ പറഞ്ഞു നിറുത്തുമ്പോൾ എല്ലാം അവസാനിച്ചു എന്ന് കരുതുന്ന നിരാശയുടെ കഥയിൽ നിന്ന് നസ്രായൻ തുടങ്ങുകയാണ്…
പ്രവചങ്ങളിൽ പറഞ്ഞുവെച്ചിട്ടുള്ള യാഹ്‌വെയുടെ സഹനദാസനായ മിശിഹായെ അവൻ അവർക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ്… എവിടെയൊക്കെയോ പരിചിതമായ പ്രബോധനശൈലി, നിരാശയിൽ മന്ദീഭവിച്ച അവരുടെ ഹൃദയങ്ങളിലെവിടെയൊ പ്രത്യാശയുടെ പുതുജ്വലനങ്ങൾ… കൂടെ നടക്കുന്നവൻ ഇനി വെറുമൊരു വഴി പോക്കാനല്ല. തങ്ങളുടെ ഹൃദയത്തിൻറ്റെ താളത്തെയും , വിശ്വാസത്തിൻറ്റെ പോരായ്മകളൊക്കെയും ഇവന് അടുത്തറിയാം… എന്നിട്ടും നസ്രായനെ തിരിച്ചറിയാൻ അവർക്കു കഴിയുന്നില്ല… അവൻ അപ്പം മുറിക്കുമ്പോൾ അവരുടെ ആന്തരിക നയനങ്ങൾ തുറക്കപ്പെടുകയാണ് – “ഇതെൻറ്റെ ഓർമയ്ക്ക്കായി നിങ്ങൾ ചെയ്യു്വിൻ…” അവൻറ്റെ ഓർമ്മകൾ അവനിൽ നിറയുകയാണ്… വചനം മാംസം ധരിക്കപ്പെടുന്നു… ഇല്ല, അവൻ മരിച്ചട്ടില്ല… വിശ്വാസത്തിൻറ്റെ പുതയാത്ര അവർ ആരംഭിക്കുകയാണ് . പ്രത്യാശയോടെ ജെറുസലേമിലേക്ക് വീണ്ടും… പ്രിയ സുഹൃത്തേ നമ്മോടൊപ്പം നിഴലായി, ആത്മമിത്രമായി, കൂടെ നടക്കുന്ന നസ്രായനെ തിരിച്ചറിഞ്ഞു അവൻറ്റെ ഒളിമങ്ങാത്ത ഓർമകളുടെ മദ്ധ്യേ ജീവിക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ …