ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ, Cycle C, ലൂക്കാ. 9:51-6

ലൂക്കാ. 9:51-62
രൂപീകരണ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങൾ വയനാട്ടിലെ പാടി വയലിലെ നോവിഷിയേറ്റ് ദിനങ്ങളായിരുന്നു. സന്യാസ ജീവിതത്തിന്റെ ബാലപാഠങ്ങളെ, ഒരപ്പച്ചൻ തന്റെ മക്കളെ പിച്ചവയ്ക്കാൻ പഠിപ്പിക്കുന്നത് പോലെ മാസ്റ്ററച്ചനിലൂടെ അടുത്തറിയുകയും എല്ലാ മക്കൾക്കും തങ്ങളുടെ അപ്പച്ചൻ ആദ്യത്തെ ഹീറോ ആക്കുന്നത് പോലെ മാസ്റ്ററച്ചൻ മനസ്സിൽ ഹീറോയായ ദിനങ്ങൾ… ആദ്യ ദിനങ്ങളിൽത്തന്നെ അച്ചൻ പകർന്ന് നൽകിയ ഒരു സന്ദേശം സുകൃത ജപം പോലെ ആ ഒരു വർഷക്കാലം ഞങ്ങൾ ഞങ്ങളോട് തന്നെ പറയുകയും, പരസ്പരമൊക്കെ പറയുകയും, ഇപ്പോഴും ഇടക്കിടെ സ്വയം ഓർക്കുകയും, പരസ്പരം ഓർമിപ്പിക്കുകയും ചെയ്യുന്ന ഒരു വാചകമുണ്ട് … ആ വാചകം ഏതാണെന്നല്ലേ? “Burn your boat…” നിന്റെ വഞ്ചി കത്തിക്കുക… ഈ വാചകം രൂപപ്പെട്ടതിന് പിന്നിൽ ഒരു തലമുറയുടെ ആഴമേറിയ ജീവിതാനുഭവമുണ്ട്. പുതിയ കരകൾ കണ്ട് പിടിക്കാനുള്ള നാവികരുടെ യാത്രകൾ ഒരുപാട് വെല്ല് വിളികൾ നിറഞ്ഞതായിരുന്നു. കാലാസ്ഥയുടെയും, കടലിന്റെയുമൊക്കെ വെല്ലുവിളികളെ അതിജീവിച്ച് പുതിയ നാട്ടിലെത്തിയതുകൊണ്ട് മാത്രം അവർക്ക് ആശ്വസിക്കാൻ കഴിയില്ലായിരുന്നു. കാരണം ഇനിയാണ് യഥാർത്ഥ വെല്ലുവിളികൾ അവർക്ക് നേരിടാനുള്ളത്.
അവിടുത്തെ ജനങ്ങളെയൊ, സംസ്ക്കാരത്തെയൊ, ഭാഷയെയൊ, ഒന്നും അവർക്കറിയില്ല. അങ്ങനെ പ്രതിസന്ധികൾ ഒന്നിനു പിറകെ ഒന്നായി നേരിടാൻ തുടങ്ങുമ്പോഴുള്ള ആദ്യ പ്രലോഭനം ഗ്യഹാതുരത്വം നിറഞ്ഞ തന്റെ നാട്ടിലേക്ക് മടങ്ങിപ്പോവുക എന്നതാണ്… തീരത്ത് തങ്ങൾ വന്ന നൗകകളുണ്ടെങ്കിൽ ഈ പ്രലോഭനത്തിൽ വീഴാനും അത് യാഥാർത്ഥ്യമാവാനും അധിക സമയം വേണ്ട. ഈ ഒരു അപകട സാധ്യത മറഞ്ഞിരിക്കുന്നതുകൊണ്ടാണ് തങ്ങൾ കൊണ്ട് വന്ന നൗകയെത്തന്നെ അവർ നശിപ്പിച്ച് കളയുന്നത്. ഇനി തങ്ങളുടെ മുന്നിൽ രണ്ട് സാധ്യതകളേയുള്ളു: പ്രതിസന്ധികളുമായി സമരസപ്പെട്ട്, പതിയെ അവയെ കീഴടക്കി ആ നാടിന്റെ ആത്മാവുമായി ഒന്നായിത്തീരുക അല്ലെങ്കിൽ വെല്ലുവിളികളുമായി പൊരുത്തപ്പെടാനാവാതെ പാതിവഴിയിൽ എല്ലാം അവസാനിപ്പിക്കുക. അങ്ങനെ ജീവിക്കാനുള്ള ആഗ്രഹം ഏത് പ്രതിസന്ധികളെയും നേരിട്ട് മുന്നോട്ട് പോകാനുള്ള അതിജീവനത്തിന്റെ ഊർജ്ജമാവുകയാണ്. ഭൂതകാലം സമ്മാനിച്ചേക്കാവുന്ന പ്രതിസന്ധികളെ നേരിട്ട് മുന്നോട്ട് പോവാൻ തന്നെയാവണം മാസ്റ്ററച്ചനും ഞങ്ങളെ ഈ വാചകം പഠിപ്പിച്ചിട്ടുണ്ടാവുക.
ഇന്നത്തെ സുവിശേഷത്തിൽ നാം ദർശിക്കുന്നത് നസ്രായന്റെ ശിഷ്യരായിരിക്കുക എന്നാൽ ഒരു അതിജീവനത്തിന്റെ കഥ ജീവിത പുസ്തകത്തിൽ എഴുതിച്ചേർക്കാൻ മനസ്സുണ്ടാവുക എന്നത് തന്നെയാണ്. കറുനരികൾക്ക് മാളവും, ആകാശത്തിലെ പക്ഷികൾക്ക് കൂടുമുണ്ട്. എന്നാൽ മനുഷ്യപുത്രന് തല ചായിക്കാൻ ഇടമില്ല എന്ന നസ്രായന്റെ വാക്കുകൾ അവനെ അടുത്തനുഗമിക്കാൻ ആഗ്രഹിക്കുന്നവരൊക്കെ സ്വന്തം മാളങ്ങളെക്കാളും കൂടുകളെക്കാളുപരിയായി അബ്ബായുടെ ഹിതത്തിലേക്ക് പരിപൂർണ്ണമായി നമ്മെ തന്നെ ഉപക്ഷിക്കാനാവണം. തന്റെ പിതാവിനെ സംസ്ക്കരിച്ചിട്ട് വന്നിട്ട് തന്നെ അനുഗമിക്കാമെന്ന് പറയുന്ന ശിഷ്യനെയും, അതോടൊപ്പം വീട്ടുകാരോട് യാത്ര പറഞ്ഞിട്ട് വരാമെന്ന് പറയുന്ന ശിഷ്യനെയും നാം കണ്ട് മുട്ടുന്നുണ്ട്. അതിലെന്താണ് തെറ്റ്? യാതൊരു തെറ്റുമില്ല. യഹൂദ നിയമപ്രകാരം അത് അവരുടെ അവകാശവുമാണ്. എന്നാൽ നസ്രായൻ സമ്മാനിക്കുന്ന ശിഷ്യത്വത്തെ എല്ലാറ്റിനുമുപരിയായി സ്നേഹിക്കുവാനും സ്വീകരിക്കുവാനും നമുക്കാവണം. ഒന്നാം വായനയിൽ നാം കണ്ട് മുട്ടുന്ന ഏലിശ്വായുടെ കഥയും ഇതേ ചിന്ത തന്നെയാണ് നമ്മോട് പങ്ക് വയ്ക്കുന്നത്. തന്റെ ജീവിത മാർഗ്ഗമായ കലപ്പ കത്തിച്ച്, വിരുന്ന് നൽകിയാണ് ഏലിയായുടെ ശിഷ്യനാവാനുള്ള അയാളുടെ പുറപ്പാട്. ജീവിതത്തെ സുരക്ഷിതമാക്കുന്ന ഇടങ്ങളെക്കാളുപരി അവൻ നൽകുന്ന ഇടങ്ങളെ സ്വീകരിക്കാൻ, സ്വന്തമെന്ന് പറഞ്ഞ് നെഞ്ചോട് ചേർക്കുന്ന ബന്ധങ്ങളെക്കാളുപരി, അവനെ സ്നേഹിക്കാനുള്ള മനസ്സ് ഇവയൊക്കെയാണ് അവന്റെ ശിഷ്യത്വത്തിന്റെ ആഴങ്ങളിലേക്ക് നമ്മെ നയിക്കുന്നത്.
എല്ലാ ദിവസവും അമ്മച്ചിയോട് ഫോണിൽ സംസാരിച്ച് കൂടെ എന്ന് സഹോദരി ചോദിക്കുകയുണ്ടായി. സെമിനാരി വിദ്യാർത്ഥിയിൽ നിന്ന് ഇടയനിലേക്കുള്ള രൂപാന്തരത്തിൽ ഇപ്പോൾ അത് സാധ്യമാണ്. ഏക മകനെന്ന നിലയിൽ അമ്മച്ചിക്ക് അത് അവകാശപ്പെടാം. പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിത്തിരിച്ചപ്പോൾ, ഇനി ഞാനി വീട്ടിലില്ല മകനായി നസ്രായാ അമ്മച്ചിയോടൊപ്പം നീയുണ്ടാകണെ എന്ന ഹൃദയപൂർവ്വം പ്രാർത്ഥിച്ച ദിനങ്ങൾ… ഉവ്വ്, ഇന്ന് വരെ അവൻ വാക്ക് പാലിച്ചിട്ടുണ്ട്… ഇനിയും അങ്ങനെ തന്നെയായിരിക്കും… അവന് വേണ്ടി ഉപേക്ഷിക്കുന്നതൊക്കെയാണ് യഥാർത്ഥത്തിൽ നാമൊക്കെ സ്വന്തമാക്കുന്നത്. ഉപേക്ഷിക്കുന്നതിന്റെ വേദനയിൽ നിറഞ്ഞ കണ്ണീർ അവസാനിക്കും മുമ്പേ ഉപക്ഷിച്ചതൊക്കെയും നൂറ് മടങ്ങായി ജീവിതത്തിൽ നിറയുന്നതിന്റെ നന്ദിയാൽ മിഴികൾ ഈറനണിയുമെന്ന അനുഭവ സാക്ഷ്യത്തോടെ… നസ്രായന്റെ തിരു ഹൃദയത്തിൻ ചാരെ…