മാർക്കോ. 9. 38-43, 45, 47-48
പ്രകാശത്തിന്റെ സാക്ഷികളായി വ്യാപരിക്കാനുള്ള പാഥേയമാണ് ക്രിസ്തീയത. നസ്രായന്റെ പ്രിയപ്പെട്ടവരായി നിലകൊള്ളണമെങ്കിൽ നമ്മുടെ സമൂഹത്തിലും ജീവിതത്തിലുമൊക്കെ നാം ദർശിക്കുന്ന അന്ധകാരത്തിന്റെ പ്രവണതകളോട് നിരന്തരം കലഹിക്കേണ്ടതുണ്ട്. നമ്മുടെയൊക്കെ സമൂഹത്തിലും വ്യക്തി ജീവിതങ്ങളിലും നാൾക്ക്നാൾ വർദ്ധിച്ച് വരുന്ന ഇത്തരം പ്രവണതകളോട് ഹൃദയം കൊണ്ട് യോജിക്കുകയും എന്നാൽ അധരം കൊണ്ട് നസ്രായനെ ഏറ്റ് പറയുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ക്രിസ്തീയത നേരിടുന്ന ഇന്നിന്റെ വെല്ലുവിളിയാണ്. ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കണ്ടുണ്ടാകുമെന്നത് നാസായൻ തീർച്ചപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷെ ഈ ഞെരുക്കങ്ങളുടെ മദ്ധ്യത്തിലും ക്രിസ്തീയതയുടെ മൂല്യങ്ങൾ മുറുകെ പിടിച്ച് നസ്രായന്റെ സുവിശേഷ മൂല്യങ്ങൾക്ക് സ്നേഹ സാക്ഷ്യമാകേണ്ടവരാണ് നാമൊക്കെ…
ക്രിസ്തീയതയ്ക്ക് സാക്ഷികളാണവണമെങ്കിൽ ചില വസ്തുതകളോട് നാം നിതാന്ത സമരത്തിൽ ഏർപ്പെട്ടേ മതിയാവൂ. മറ്റൊരുവന് ഉടർച്ചയ്ക്ക് കാരണമാവാതിരിക്കുക എന്നതാണ് ഇതിലൊന്ന്… സ്വയം ഇടറിയാൽ നെഞ്ചോട് ചേർക്കാൻ നസ്രായൻ ചാരെയുണ്ട്. പക്ഷെ ബോധപൂർവ്വം ക്രിസ്തീയ മൂല്യങ്ങളിൽ നിന്ന് മറ്റുള്ളവരെ അടർത്തിയെടുത്ത് അന്ധകാരത്തിലേക്ക് നയിക്കുന്ന നമ്മുടെ പ്രവർത്തികൾക്ക് മാപ്പില്ലെന്നാണ് നസ്രായന്റെ വാക്കുകൾ കാരണം സ്വന്തം സഹോദരന്റെ കാവൽക്കാരനാകാനുള്ള വലിയ ഉത്തരവാദിത്വമാണ് നമ്മിലൊക്കെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്.
സുവിശേഷത്തിന്റെ രണ്ടാം ഭാഗം നമ്മെ നയിക്കുന്നത് സുവിശേഷ മൂല്യങ്ങളിൽ വളരാനുള്ള നമ്മുടെ പ്രയത്നത്തിന്റെ ആവശ്യ കഥയെക്കുറിച്ചാണ്. കണ്ണും, കയ്യും, കാലുമൊക്കെ ഇടർച്ചയ്ക്ക് കാരണമാവുനെങ്കിൽ അവ മുറിച്ച് കളയാനാണ് നസ്രായന്റെ ഭാഷ്യം. ഈ വാക്കുകളുടെ വ്യാച്യാർത്യത്തെ ആധാരമാക്കി രൂപപ്പെട്ട ‘ ശരീരം തിൻമയുടെ ഇരിപ്പിടമാണെന്ന’ ആത്മീയത വലിയൊരു കാലഘട്ടത്തെ നയിച്ച ചിന്താഗതിയാണ്. ആ മനുഷ്യരെയൊക്കെ കല്ലെറിയാൻ ഞാനില്ല കാരണം ശരീരത്തെ പീഡിപ്പിക്കുക എന്നതിലുപരി നസ്രായനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അതിന്റെയൊക്കെ പിന്നിലെന്ന ഉൾവളിച്ചത്തിന് മുന്നിൽ തല കുനിക്കുന്നു. കണ്ണും, കാലും, കയ്യുമൊന്നും നാമൊന്നും പിഴുതെറിയേണ്ട … പക്ഷെ നസ്രായന്റെതു പോലാക്കാനുള്ള ശ്രമങ്ങൾ നമ്മിൽ നിന്നുണ്ടാവണം. അവന്റെ കണ്ണുകളിലൂടെ ലോകത്തെ നോക്കി കാണാനും, അവന്റെ കരങ്ങൾ പോലെ സാന്ത്വനത്തിന്റെ സ്പർശമാവാനും, അവന്റെ പാദം പോലെ ഈ ഭൂവിനെ ആർദ്രമായി സ്പർശിക്കാനും കഴിയുമ്പോൾ നമ്മുടെ ജീവിതം സ്നേഹ വിപ്ലവമാവും… ആ സ്നേഹ വിപ്ലവത്തിലേക്ക് നസ്രായൻ നമ്മെ വഴി നടത്തട്ടെ എന്ന പ്രാർത്ഥനയോടെ … നസ്രായന്റെ ചാരെ…