നാം നസ്രായന്റെ രാജത്വ തിരുനാൾ ആഘോഷിക്കുകയാണ്. 1925 ൽ ആണ് പയസ് പതിനൊന്നാം മാർപ്പാപ്പ എല്ലാവർഷവും അനുസ്മരിക്കേണ്ട തിരുനാളായ് ക്രിസ്തുരാജന്റെ തിരുനാൾ ആരാധന ക്രമത്തിന്റെ ഭാഗമാക്കുന്നത്. ആരാധന ക്രമവത്സരത്തിന്റെ അവസാനത്തെ ഞായറാഴ്ച്ചയാണ് ഈ തിരുനാളെന്നതും ശ്രദ്ധേയമാണ്. നമ്മുടെയൊക്കെ ജീവിതത്തിന്റെ അവസാനത്തിൽ നാമൊക്കെ അനിവാര്യമായി അഭിമുഖീകരിക്കാൻ പോവുന്ന യാഥാർത്ഥ്യം നസ്രായനാണ്.. മുസ്സോളനി, ഹിറ്റ്ലർ, സ്റ്റാലിൻ തുടങ്ങിയ ഏകാധിപതികളുടെ കീഴിൽ ലോകം ഞെരുങ്ങിയമരുന്ന വേളയിലാണ് പിയൂസ് മാർപ്പാപ്പ ഈ തിരുനാൾ സ്ഥാപിക്കുക. മത് ലോകത്തിനും നമുക്കോരോരുത്തർക്കമുള്ള ഓർമ്മപ്പെടുത്തലായിരുന്നു, ഒരു ഏകാധിപതിക്കും തകർക്കാനാവാത്തതാണ് നസ്രായന്റെ രാജത്വം എന്ന ഓർമ്മപ്പെടുത്തൽ. ഈ ഏകാധിപതികളൊക്കെയും തങ്ങളുടെ സാമ്രാജ്യം വിസ്തൃതമാക്കാനും, അധികാരത്തിന്റെ ചെങ്കോൽ എന്നേക്കുമായി കയ്യടക്കി വയ്ക്കാനുമായിരുന്നു ശ്രമിച്ചത്. എന്നാൽ അവരൊക്കെ ഇന്ന് ചരിത്രം പങ്ക് വയ്ക്കുന്ന ഓർമകൾ മാത്രമായി നിലകൊള്ളുന്നു. ദാവിദ് രാജാവിനോട് അബ്ബാ ഇപ്രകാരമൊരു ഉടമ്പടി ചെയ്യുന്നുണ്ട്: “നിന്റെ കുടുംബവും രാജത്വവും എന്റെ മുൻപിൽ സ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനിൽക്കും. (2 സാമുവേൽ 7:16) ദാവിദ് രാജവംശത്തിൽപ്പെട്ട ഔസേപ്പിതാവ് നസ്രായനെ പേര് ചൊല്ലി വിളിക്കുന്നത് വഴി നസ്രായൻ ഈ രാജവംശത്തിന്റെ ഭാഗമാവുകയാണ്.
നസ്രായന്റെ രാജത്വം ഇവിടം കൊണ്ടല്ല ആരംഭിക്കുക. യോഹന്നാൻ ശ്ലീഹാ തന്റെ സുവിശേഷം തുടങ്ങുന്നത് തന്നെ അവന്റെ രാജത്വം നിത്യതയുടെ ഭാഗമാണെന്ന് പറഞ്ഞ് കൊണ്ടാണ്. ആദിയിൽ വചനമുണ്ടായി, ഈ വചനത്തിലൂടെയാണ് സർവ്വവും സൃഷ്ടിക്കപ്പെടുന്നതും, പരിപാലിക്കപ്പെടുന്നതും. അങ്ങനെ നിത്യതയുടെ ഉടയോനായ നസ്രായന്റെ രാജത്വത്തിന്റെ ഭാഗമാവാൻ ദാവിദ് രാജവംശത്തിന് സുകൃതം ലഭിച്ചത് കൊണ്ടാണ് അവന്റെ സിംഹാസനത്തിന് നിത്യതയുടെ മാനം ലഭിക്കുക. മാനവീകരണത്തിലൂടെ നമ്മിലൊരുവനാകുന്ന നസ്രായൻ സിംഹാസനത്തിലിരുന്ന് പ്രജകളോട് ആജ്ഞാപിക്കുന്ന രാജാവായിട്ടല്ല ജീവിച്ചത്, മറിച്ച്, രാജാവ് ഇടയ ഹൃദയമുള്ള വനായിരിക്കണമെന്നും, വഴിതെറ്റിപ്പോയ ആടിനെ അന്വേഷിച്ച് കണ്ടെത്തുന്ന രാജത്വമാണ് തന്റേതെന്നും കാണിച്ച് തരുന്നുണ്ട്. അല്ലെങ്കിൽ ഈ ലോക ചരിത്രത്തിൽ എത് രാജാവാണ് സ്വന്തം പ്രജകൾക്ക് വേണ്ടി ബലിയായിട്ടുള്ളത്? ഒരു രാജാവിനെയും തോൽപ്പിച്ച് തന്റെ ചെങ്കോൽ ഉറപ്പിക്കാനായിരുന്നില്ല അവന്റെ കുരിശ് മരണം മറിച്ച് മരണത്തിന്റെ കയത്തിൽ നിന്ന് തന്റെ പ്രിയരെ എന്നെന്നേക്കുമായി തെരെഞ്ഞെടുത്തത് നിത്യതയുടെ ഭാഗമാക്കാനായിരുന്നു… നാമൊക്കെ അവന്റെ രാജകീയ മഹത്വം ദർശിക്കുക അവന്റെ രണ്ടാം വരവിലാണ്. അവൻ നമ്മെ വിധിക്കുക നമ്മുടെ പ്രവൃത്തികളെ ആധാരമാക്കിയാണ്. ദാഹാർത്തന് ജലവും, വിശക്കുന്നവന് ഭക്ഷണവും, നഗ്നന് വസ്ത്രവും, കാരാഗൃഹ വാസിക്ക് സാന്ത്വനവും, രോഗികൾക്ക് ആശ്വാസവുമാവാൻ നമ്മുടെ ജീവിതങ്ങൾക്കായൊ? നസ്രായന്റെ ഇടത്ത് നിൽക്കുന്നവരൊക്കെയും കരുണയുടെ മുഖമാവാൻ പരാജയപ്പെട്ടവരും, വലതുഭാഗത്ത് നിൽക്കുന്നവരൊക്കെ കരുണയുടെ മുഖമായി അവന്റെ രാജ്യത്തിന്റെ, മഹത്വത്തിന്റെ ഭാഗമാവാൻ പോവുന്നവരാണ്. അവന്റെ വലത് ഭാഗത്ത് നിൽക്കാൻ, മഹത്വത്തിൽ പ്രവേശിക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…