തിരുക്കുടുംബത്തിന്റെ തിരുനാൾ, Cycle C, Lk. 2: 41-52

Lk. 2: 41-52
ഇന്ന് തിരുക്കുടുംബത്തിന്റെ തിരുനാളാണ്. എല്ലാ കുടുംബങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത് നസ്രത്തിലെ തിരുകുടുംബം പോലെയാകാനാണ്. നസ്രത്തിലെ തിരുകുടുംമ്പം പോലെയാകണമെന്ന് പറയുമ്പോൾ മുന്നംഗങ്ങൾ മാത്രമായി ചുരുക്കപ്പെടുന്ന ഒരു കുടുംബമായി വളരാനാണെന്ന് തെറ്റിദ്ധരിക്കരുത്. നസ്രത്തിലെ തിരുകുടുംബത്തിന് ഒരുപാട് കുറവുകളുണ്ടായിരുന്നു ഒരു പക്ഷേ നമ്മുടെയൊക്കെ കുടുംബങ്ങളെക്കാളേറെ…മേരിയമ്മ ഗർഭം ധരിക്കുന്നത് ഔസേപ്പിതാവും മേരിയമ്മയും ഒരുമിച്ച് ജീവിക്കുന്നതിന് മുമ്പാണെന്ന് നാട്ടുകാർക്കെല്ലാo വ്യക്തമായി അറിയാവുന്ന കാര്യമായിരുന്നു. അപ്പോൾ മേരിയുടെ ഉദരത്തിലുള്ള കുട്ടി ആരുടെതാണെന്ന പരിഹാസ മുനകളിലൂടെ തിരുക്കുടുംബം കടന്ന് പോവുന്നുണ്ട്. മേരി ഗർഭിണിയായതറിഞ്ഞ്, പരസ്യമായി വിചാരണ നടത്തി മേരിയെ അപമാനിതയാക്കാൻ ആഗ്രഹിക്കാതെ ഔസേപിതാവ് രഹസ്യത്തിൽ അവളെ പരിത്യജിക്കാൻ ഒരുമ്പെടുന്നുണ്ട്…. നിറവയറുമായി തന്റെ കുഞ്ഞിന് തലചായ്ക്കാൻ ഒരിടം തേടുന്ന തിരുക്കുടുംബത്തെ കാത്തിരുന്നത് കൊട്ടിയടച്ച ഹൃദയങ്ങളായിരുന്നു….പിന്നെ കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കിയത് നിസ്സാരക്കാരനല്ല, അവിടുത്തെ രാജാവ് തന്നെയാണ് …. സാധാരണക്കാരിൽ സാധാരണക്കാരനായ ഔസേപ്പിതാവും, മേരിയമ്മയും ഈ വേളയിൽ കടന്ന് പോകാനിടയുണ്ടായിട്ടുള്ള ആത്മസംഘർഷങ്ങൾ …പിന്നെ കുടിയേറ്റക്കാരനായി ഫറവോയുടെ നാട്ടിൽ, ഈ യഹൂദ കുടുംബത്തിന് അത്ര വലിയ സ്വാഗതമൊന്നും ലഭിച്ചിട്ടുണ്ടാവനിടയില്ല…പിന്നെ നസ്രായന്റെ കൊച്ചനുസരണക്കേടുകൾ …. അപ്പൊക്രിഫൽ പുസ്തകങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള കൊച്ച് നസ്രായന്റെ കൊച്ചത്ഭുതങ്ങളിൽ കഷ്ടപ്പെട്ട് പോവുന്നത് മേരിയമ്മയും ഔസേപിതാവുമാണ്. ഒരു പക്ഷേ എഴുതിയാളിന്റെ ഭാവനയാകും. എന്നാലും പന്ത്രണ്ടാം വയസ്സിൽ ജെറുസലെം ദേവാലയത്തിൽ പണ്ഡിതരുമായി വാഗ്- വാദങ്ങളിലേർപ്പെട്ട കൊച്ചു നസ്രായൻ അത്ര നിസാരക്കാരനായിരുന്നുവെന്ന് തോന്നുന്നില്ല…
പക്ഷേ ഈ പ്രതിസന്ധികളൊന്നും തിരുകുടുംബത്തെ തളർത്തുന്നില്ല മറിച്ച് വളർത്തുകയാണ്. പ്രതിസന്ധികൾ അവരെ വേർപെടുത്തിയില്ല മറിച്ച് അവരുടെ ഹൃദയ അഴകളുടെ അടുപ്പം കൂട്ടുകയായിരുന്നു ….പ്രതിസന്ധികളിൽ അവർ പരസ്പരം കുറ്റെപ്പടുത്തുന്നില്ല മറിച്ച് പരസ്പരം തല ചായ്ക്കാനുള്ള താങ്ങായി മാറുകയാണ്. തിരുക്കുടുംബത്തെ അങ്ങനെ ഒരു സ്നേഹത്തിന്റെ മാതൃക കുടുംബമായി മാറ്റുന്നത് അബ്ബയോടുള്ള ഇവരുടെ ആത്മബന്ധമായിരുന്നു. ഇവർ പരസ്പരം നോക്കി തങ്ങളുടെ കുറ്റങ്ങളും കുറവുകളും കണ്ട് പിടിക്കാനല്ല ശ്രമിച്ചത് മറിച്ചത് മൂവരും കുടി ഒരുമിച്ച് അബ്ബായെ നോക്കി. ആ ഒരു ആ ഒരു ആശ്രയ മനോഭാവം അവരുടെ പ്രതിസന്ധികളെയൊ കുറ്റങ്ങളെയൊ കുറവുകളെയൊ ഇല്ലാതാക്കിയില്ല മറിച്ച് അവയൊക്കെ നിലനിൽക്കുമ്പോഴും അബ്ബായുടെ രക്ഷാകര പദ്ധതിയുടെ നെടും തൂണുകളാണ് തങ്ങൾ എന്ന ബോധ്യമാണ് ഈ പ്രതിസന്ധികളിൽ അവരെ ചേർത്ത് നിറുത്തിയത്. ഈ ആത്മബന്ധത്തിന് രക്ത ബന്ധത്തെക്കാൾ ആഴമുണ്ടെന്നും ദൈവ സ്നേഹമാണ് തങ്ങളുടെ ജീവിതത്തിന്റ അടിത്തറ എന്ന ബോധ്യവും അവർക്കുണ്ടായിരുന്നു …
തിരുക്കുടുംബത്തിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ ദൈവം നമ്മുക്ക് നൽകിയ ഭവനത്തെ ഒരു പക്ഷേ നമ്മുടെ തന്നെ കുടുംബമാവാം അല്ലെങ്കിൽ നാം ആയിരിക്കുന്ന ഇടമോ, സന്യാസഭവനമോ ആവാം… പരസ്പരം കുറ്റങ്ങളിലേക്കും, കുറവുകളിലേക്കും നോക്കി സ്നേഹാന്തരീഷത്തെ ഭിന്നിപ്പിക്കുന്ന വ്യക്തികളാവാതെ, അബ്ബായിലേക്ക് നോക്കി കുറവുകളെയും കുറ്റങ്ങളെയുമൊക്കെ നിറവുകളാക്കി മാറ്റുന്ന, തിരുക്കുടുംബത്തിന്റെ ആത്മാവ് പേറുന്ന മനുഷ്യരായി, ആയിരിക്കുന്ന ഇടങ്ങളെ തിരുകുടുംബമാക്കി മാറ്റാൻ നമ്മുക്ക് ശ്രമിക്കാം….. ഒത്തിരി സ്നേഹത്തോടെ… നസ്രായന്റെ ഹൃദയത്തിൽ ചാരെ…