ലൂക്കാ. 6:39-45
സുവിശേഷ മൂല്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് സ്വയം നവീകരണത്തിലേക്ക് കടന്ന് വരാതെ സുവിശേഷം പ്രസംഗിച്ച് മറ്റുള്ളവരെ നന്നാക്കാനുള്ള യാത്രയല്ല ക്രിസ്തീയത. സുവിശേഷ മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കി ജീവിതത്തെ നസ്രായന് അനുരൂപമാക്കാനുള്ള വിളിയാണ് ക്രിസ്തീയത. നസ്രായന്റെ പഠനങ്ങളും വചനങ്ങളും നമ്മെ ക്ഷണിക്കുന്നത് നമ്മുടെ തന്നെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കി സുവിശേഷ വെളിച്ചത്തിൽ നമ്മുടെ ജീവിതങ്ങളെ നവീകരിക്കാനാണ്. നസ്രായന്റെ കാലട്ടത്തിലെ മതനേതാക്കളുടെ ഏറ്റവും വലിയ അപചയമെന്നത് അവരുടെ ആത്മീയ അന്ധതയായിരുന്നു. തങ്ങളുടെ ഈ ആത്മീയ അന്ധത തിരിച്ചറിയാതെ, ജനങ്ങളെ ആത്മീയ പ്രകാശത്തിലേക്ക് നയിക്കാനുള്ള അവരുടെ ശ്രമങ്ങളെല്ലാം കടപത നിറഞ്ഞ ജൽപനങ്ങൾ മാത്രമായിരുന്നു. തങ്ങളുടെ വേഷഭൂഷാദികൾ കൊണ്ടും, നിയമത്തെക്കുറിച്ചുള്ള അഗാധമായ അറിവ് കൊണ്ടും കേവലം ബാഹ്യമായ പ്രകടനങ്ങൾ നടത്തുന്നവരായിരുന്നു ഇക്കൂട്ടർ. ദൈവത്തോടൊ, തങ്ങളുടെ സഹോദരങ്ങളോടൊ ആത്മാർത്ഥ സ്നേഹം ഇക്കൂട്ടർക്കില്ലായിരുന്നു. അവരുടെ ആന്തരിക ജീവിതം ജീർണ്ണതകൾ നിറഞ്ഞതായിരുന്നു. അവരുടെ നിയമത്തെക്കുറിച്ചുള്ള പഠിപ്പിക്കലുകളും അതിൽ നിന്ന് രൂപം കൊള്ളേണ്ട ജീവിത രീതിയും വിഭിന്നങ്ങളായിരുന്നു.” വെള്ളയടിച്ച കുഴിമാടങ്ങൾ,” എന്ന് നാസായൻ അവരെ വിളിക്കുന്നത് ഈ ഒരു പശ്ചാത്തലത്തിലാണ്.
സുവിശേഷങ്ങളലുടനീളം തങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചതാണെന്ന് കാണിക്കാനുള്ള ഇവരുടെ ശ്രമങ്ങൾ നാം ദർശിക്കുന്നുണ്ട്. ചുങ്കക്കാരെയും ഗണികകളെയും പാപികളായി മുദ്രകുത്തി അവരർഹിക്കുന്ന മാനുഷികമായ പരിഗണനയൊ ബഹുമാനമൊ നൽകാതെ സമൂഹത്തിൽ അവർക്കെതിരെ തൊട്ട്കൂടായ്മ സൃഷ്ടിക്കുന്നത് ഇവരാണ്. സാമ്പത്ത് ദിവസം വയലിൽ നിന്ന് ഗോതമ്പ് മണികൾ ഭക്ഷിക്കുന്ന ശിഷ്യൻമാരെ സാമ്പത്ത് ലംഘിച്ചതായും, ശുദ്ധി വരുത്താതെ ഭക്ഷണം കഴിച്ചു എന്നുള്ള കുറ്റപ്പെടുത്തലുകളൊക്കെ തങ്ങൾ മറ്റുള്ളവരെക്കാൾ മികച്ചതാണെന്ന് കാണിക്കാനുള്ള അഹംഭാവത്തിന്റെ ബഹിർ സ്ഫുരണങ്ങളായിരുന്നു.
നസ്രായൻ ഇവരെ ക്ഷണിക്കുന്നത് തങ്ങളുടെ ഹൃദയത്തെയും അത് വഴി ചിന്തകളെയും, പ്രവൃത്തികളെയും ഏകോപിപ്പിച്ച് ആത്മീയ നവീകരണത്തിലേക്ക് കടന്ന് വരാനാണ്. അവരുടെ ഹൃദയങ്ങളിൽ ദൈവത്തോടുള്ള തീക്ഷണതയ്ക്കും ആത്മാർത്ഥമായ സ്നേഹത്തിനും ഇടമില്ലായിരുന്നു. അങ്ങനെ ദൈവിക ചൈതന്യമില്ലാത്ത അവരുടെ ജീവിതങ്ങൾ പുറപ്പെടുവിച്ചത് ചീത്ത ഫലങ്ങളായിരുന്നു. ദൈവവുമായുള്ള ആത്മ സന്ധത്തിൽ നിലനിന്നുകൊണ്ട് തങ്ങളുടെ അന്തരിക ജീവിതത്തെ രൂപപ്പെടുത്തുന്നവർക്ക് മാത്രമെ നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന, മറ്റുള്ളവരെ ദൈവത്തിങ്കലേക്ക് നയിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന പ്രകാശം പരത്തുന്ന നല്ല നേതാക്കൻമാരാകാൻ കഴിയുകയുളളു എന്ന ഉൾവെളിച്ചമാണ് നസ്രായൻ പകർന്ന് നൽകുന്നത്. സ്വയം ആത്മീയനവീകരണത്തിലൂടെ, മറ്റുള്ളവരെ നസ്രായനിലേക്ക് നയിക്കുന്ന, സമൂഹത്തിനും സഭയ്ക്കും ഉപകരിക്കുന്ന നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന വ്യക്തികളായ് മാറാനുള്ള കൃപ നമുക്ക് ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ഹൃദയത്തിൻ ചാരെ…