തപസ്സുകാലം നാലാം ഞായർ, Cycle C, ലുക്കാ. 15:1-3,11-32

ലുക്കാ. 15:1-3,11-32
നസ്രായൻ ധൂർത്ത പുത്രന്റെ ഉപമ പറഞ്ഞില്ലായിരുന്നുവെങ്കിൽ എത്ര അപൂർണ്ണമായിപ്പോയേനെ നമ്മുടെ അബ്ബായെക്കുറിച്ചുള്ള അറിവ്… ധൂർത്ത പുത്രന്റെ ഉപമ എന്നതിനെക്കാളുപരി സ്നേഹം ധൂർത്തടിച്ച പിതാവിന്റെ ഉപമ എന്ന തലക്കെട്ടാണ് ഈ ഉപമയ്ക്ക് ഏറ്റവു മനുയോജ്യമെന്നതിന് യാതൊരു സംശയവുമില്ല. എഴുതപ്പെട്ടിട്ടുള്ളതിലേറ്റവും മനോഹരമായ ചെറുകഥയായി കണക്കാക്കപ്പെടുന്ന ഈ ചെറുകഥയിലെ അപ്പനും, മൂത്തമകനും, ഇളയ മകനുമൊന്നും നമുക്ക് അപരിചിതരല്ല. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഈ മൂന്ന് പേരുടേതിനും സമാനമായ ജീവിത വീക്ഷണത്തിലൂടെ നാമൊക്കെ കടന്ന് പോകുന്നുണ്ട്. അതുപോലെ നമ്മുടെ കുടുംബങ്ങളിലും, സമൂഹത്തിലുമൊക്കെ ഈ മൂന്ന് വ്യക്തികളുടേതിനും സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നവർ നമുക്കൊക്കെ സുപരിചിതമാണ്. ധൂർത്ത പുത്രന്റ ധൂർത്തടിക്കാനുള്ള മനോഭാവത്തിൽ നിന്നും, സഹോദരന്റെ വലിയേട്ടൻ കോംപ്ലെക്സിൽ നിന്നുമൊക്കെ പിതാവിന്റെ ഹൃദയ വിശാലതയിലേക്ക്, കരുണ നിറഞ്ഞ മനോഭാവത്തിലേക്ക് വളരാൻ നമുക്ക് കഴിയണം.
സ്നേഹം ധൂർത്തടിക്കുന്ന ഈ പിതാവിന്റെ വ്യക്തിത്വത്തെ നമുക്കൊന്ന് ധ്യാനിക്കാം. ഈ പിതാവിനൊരു പേര് നൽകാൻ പറഞ്ഞാൽ സ്നേഹമന്നല്ലാതെ മറ്റെന്താണ്? ചങ്ക് കൊടുത്താണ് ഈ പിതാവ് രണ്ട് മക്കളെയും സ്നേഹിച്ചത്. അവസാനം ആ ചങ്ക് പറിച്ചെടുത്താണ് ഇളയ മകൻ യാത്രയാവുന്നത്. അപ്പൻ ജീവിച്ചിരിക്കെ മകൻ തന്റെ അവകാശം ചോദിക്കുന്നത് അയാളെ മരണ തുല്യനാക്കുന്നതിന് സമാനമാണ്. പിതാവിന് വേണമെങ്കിൽ ഇളയ മകന്റെ ദു: ശാഠ്യത്തിന് വഴങ്ങാതിരിക്കാമായിരുന്നു, സ്വത്ത് നൽകാതെ വെറും കയ്യോടെ പറഞ്ഞയക്കാമായിരുന്നു. തന്റെ മകന് സമ്പത്ത് കാര്യക്ഷമായി കൈകാര്യം ചെയ്യാൻ കഴിയില്ലെന്നറിഞ്ഞിട്ടും അവന്റെ സ്വാതന്ത്രത്തെ ബഹുമാനിച്ച് പിതാവ് അവന്റെ ഹിതത്തിന് വഴങ്ങുകയാണ്.
ക്ഷമയുടെ സാഗരമായി ജീവിക്കുന്ന പിതാവിനെ തുടർന്ന് നാം ദർശിക്കുന്നുണ്ട്. മൃതപ്രാണനായി, എല്ലാം നഷ്ടപ്പെട്ട് പരാജിതനായി തിരിച്ച് വരുന്ന മകനെ തിരിച്ചറിയാത്തവനെപ്പോലെ കണ്ടില്ലെന്ന് നടിക്കാമായിരുന്നു. സഹതാപത്തിന്റെ പേര് പറഞ്ഞ് പറമ്പിലെങ്ങാനും ചെറിയൊരു പണി അതാണ് ആ മകൻ അർഹിക്കുന്നതും. പട്ടിണിയും, പരി വെട്ടുമായി, തിരിച്ചറിയാനാവാത്ത വിധം തകർന്ന് തരിപ്പണമായി തിരിച്ചെത്തുന്ന മകനെ ദൂരെ നിന്ന് തന്നെ വയോധികനായ ആ പിതാവ് തിരിച്ചറിയുകയാണ്. മകന്റെയടുത്തേക്ക് ഓടിയെത്തി കൊണ്ട് , ക്ഷമയുടെ നീർച്ചാലായി മൃതനായ തന്റെ മകന്റെ ജീവിതത്തിൽ കൃപയുടെ കടാക്ഷമായി അയാൾ കനിഞ്ഞിറങ്ങുകയാണ്. തന്റെ ഏകജാതനെ നൽകാൻ തക്കവിധം അത്രമാത്രം ലോകത്തെ സ്നേഹിക്കുന്നതായി അരുമ ശിഷ്യൻ സുവിശേഷത്തിൽ രേഖപ്പെടുത്തുന്നത് പിതാവിന്റെ ആ ഓട്ടത്തെക്കുറിച്ച് തന്നെയാണ്. പാപത്താൽ മൃതരായ നമ്മെ സ്വർഗ്ഗത്തിലേക്ക് കൂട്ടി കൊണ്ട് പോകാനുള്ള ഓട്ടം…
പാപ ബോധത്താലും കുറ്റബോധത്താലും നീറുന്ന മകന്റെ മുന്നിൽ അയാൾ കരുണയുടെ മുഖമാവുകയാണ്. ലോകത്തെ, പിതാവിന്റെ ഭവനത്തെക്കാൾ ആകർഷകമായി കണ്ട് വീടുപേക്ഷിക്കുന്ന ധൂർത്ത പുത്രന് ലോകവും അതിന്റെ സുഖ ഭോഗങ്ങളും സമ്മാനിക്കുന്നത് പന്നിയെക്കാളും പരിതാപകരമായ ജീവിതമാണ്. പാപം മനുഷ്യനെ ദൈവത്തിൽ നിന്നും, അവന്റെ സുഹോദരിൽ നിന്നും, തന്റെ തന്നെ വ്യക്തിത്വത്തിൽ നിന്നും അകറ്റുന്നതിന്റെ പ്രതീകമാണ് ദാരിദ്ര്യത്തിന്റെയും, ദൗർഭാഗ്യത്തിന്റെയും ഇടമായ പന്നിക്കൂട്. ഈ പന്നിക്കുട്ടിലെ നരക യാതനയാണ് തന്റെ സ്വർഗ്ഗതുല്യമായ പിതാവിന്റെ ഭവനത്തെക്കുറിച്ചുള്ള ഗൃഹാതുരത്വം അയാളിൽ ഉണർത്തുന്നത്. ധൂർത്ത പുത്രനും, മൂത്ത പുത്രനും തമ്മിലുള്ള പ്രധാന വ്യത്യാസം ഇളയ മകൻ ധൂർത്തനായിരുന്നെങ്കിലും തന്റെ പിതാവിന്റെ കരുണയുടെ ആഴങ്ങളെ അവനറിയാമായിരുന്നു. എന്നാൽ മൂത്ത പുത്രൻ പിതാവിന്റെ ഭവനത്തിൽ അടിമയ്ക്ക് സമാനമായിട്ടാണ് അയാൾ ജീവിച്ചത്. ലോകത്തിന് അയാൾ ധൂർത്ത പുത്രനായിരിക്കുമ്പോഴും പിതാവിന് അയാളുടെ പൊന്നുമോൻ തന്നെയാണ്. പറയാൻ ഒരുങ്ങിയ പശ്‌ചാതാപത്തിന്റെയും, പാപബോധത്തിന്റെയും വരികളൊന്നും മുഴുവിക്കാൻ പിതാവ് സമ്മാനിക്കുന്നില്ല. അർഹതയില്ലാത്ത മുദ്രാ മോതിരത്താലും, മേലങ്കിയാലും, പാദുകങ്ങളാലുമൊക്കെ അയാളുടെ ജീവിതത്തിലേക്ക് കൃപകളുടെ ആഘോഷരാവ് മടങ്ങിയെത്തുകയാണ്. കരുണയുടെ ആഘോഷമായ് അയാളുടെ ജീവിതം മാറുകയാണ്.
ധൂർത്ത പുത്രന്റെ കഥയ്ക്കൊരു രണ്ടാം ഭാഗമുണ്ടെങ്കിലൊ? ആരായിരിക്കും സ്നേഹം ധൂർത്തടിക്കുന്ന പിതാവായി മാറുന്നത്? പിതാവിന്റെ കരുണ അനുഭവിച്ച ധൂർത്ത പുത്രനൊ? ഇടറിയ സഹോദരനെ സ്വീകരിക്കാനുള്ള മനസ്സ് കാണിക്കാത്ത മൂത്ത പുത്രനൊ? ഉത്തരം പറയാൻ വരട്ടെ… പ്രിയ സുഹൃത്തെ, ഈ മൂന്ന് കഥാപാത്രങ്ങളിൽ ആരുടെ പാദുകമാണ് താങ്കൾ അണിഞ്ഞിരിക്കുന്നത്? പിതാവിന്റെ പാദുകങ്ങളിലേക്കുള്ള തീർത്ഥയാത്രയാവട്ടെ നോമ്പ് കാലം… നസായന്റെ ഹൃദയത്തിൻ ചാരെ…