ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ, Cycle B, മാർക്കോ. 5:21-43

മാർക്കോ. 5:21-43
വിശ്വാസം ഒരുറപ്പാണ്, ദൈവം എനിക്ക് വേണ്ടി നിലകൊള്ളുമെന്നുള്ള ഉറപ്പ്. മദർ തെരേസയുടെ സെകേട്ടറിയായിരുന്ന ഒരു ബ്രദറുമായി കുറച്ച് കാലം ചെലവഴിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മദറുമായി ബന്ധപ്പെട്ട അനുഭവങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ അദ്ദ്ദേഹം ഓർമ്മിച്ചെടുത്ത ഒരനുഭവം മനസ്സിൽ തീവ്രമായി നിലകൊള്ളുന്നു.
ഒരിക്കൽ മദറിന്റെ സമൂഹത്തിൽപ്പെട്ട ഒരു സിസ്റ്ററിന് തന്റെ സഹോദരന്റെ തിരുപ്പട്ട സ്വീകരണത്തിന് പങ്കെടുക്കുന്നതിനുള്ള അനുവാദം ലഭിച്ചു. സിസ്റ്റർ യാത്ര പറയാനായി മദറിന്റെ ഓഫീസിലെത്തി. സിസ്റ്ററിന്റെ സഹോദരന് കാസയും, പിലാസുമൊക്കെ സമ്മാനമായി കൊടുക്കാൻ തന്റെ ഓഫീസിലുള്ള സമ്മാന പൊതികളൊക്കെ പരിശോധിക്കുന്ന തിരക്കിലായിരുന്നു മദർ. ഒരു പാട് സമ്മാന പൊതികളൊക്കെ പരിശോധിച്ചെങ്കിലും ഒന്നിലും തന്നെ കാസയും പിലാസയും കണ്ടെത്താനായില്ല. സാരമില്ലെന്ന് പറഞ്ഞ് മദറിനെ ആശ്വസിപ്പിച്ച് സിസ്റ്റർ ഓഫിസിന്റെ പുറത്തേക്ക് പോകാൻ തുടങ്ങിയ നിമിഷം മദറിന് സമ്മാനമായി ഒരു പാർസൽ വന്നു. മദർ സിസ്റ്ററിനോട് പറഞ്ഞു: “അത് നിന്റെ സഹോദരനുള്ള സമ്മാനമാണ്.” പാർസൽ തുറന്ന് പോലും നോക്കാതെ മദർ ആ പാർസൽ പൊതി സിസ്റ്ററിന് നൽകി. മുറിയിൽ വന്ന് പാർസൽ തുറന്ന് നോക്കിയപ്പോൾ സിസ്റ്ററിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. സമ്മാന പൊതിക്കുള്ളിൽ കാസയും പിലാസുമായിരുന്നു.
വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടല്ലേ? അല്ലെങ്കിൽ അത് മദർ കൃത്യമായി ഓർഡർ ചെയ്ത് വരുത്തിയതാണെന്നൊക്കെ പറയാനുള്ള പ്രലോഭനമുണ്ടായിരിക്കാം. മദറിന്റെ ജീവിതത്തെ അടുത്തറിഞ്ഞവർക്ക് ഇത് പോലുള്ള അനേകം അത്ഭുതങ്ങൾക്ക് സാക്ഷ്യം നൽകാനാവും കാരണം ദൈവത്തിന്റെ പരിപാലനയിലുള്ള മദറിന്റെ വിശ്വാസം അത്രമാത്രം ആഴമേറിയതായിരുന്നു.
ഇത് പോലുള്ള ആഴമേറിയ രണ്ട് വിശാസ സാക്ഷ്യങ്ങളാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കണ്ട് മുട്ടുന്നത്. മരണത്തോട് മല്ലിടുന്ന ജയ്റോസിന്റെ മകളും രക്തസ്രാക്കാരി സ്ത്രീയെയും നാം കണ്ട് മുട്ടുന്നത് എല്ലാ പ്രതീക്ഷകളും എന്നെന്നേക്കുമായി അസ്തമിച്ചവരായിട്ടാണ്. ഒരു പാട് കാലമായി അതിതീവ്രമായ സഹനവും, അശുദ്ധി നിറഞ്ഞവൾ എന്ന അപമാനവും, സാമൂഹ്യ ഭ്രഷ്ടുമൊക്കെ പേറി നരകതുല്യമായ ജീവിതാവസ്ഥകളിലൂടെയായിരിക്കണം രക്തസ്രാവക്കാരി സ്ത്രീ കടന്ന് പോയിട്ടുണ്ടാവുക. തിക്കിത്തിരക്കി അവനോട് ചേർന്ന് നടക്കുന്ന ജനസഞ്ചയത്തിൽ നിന്ന് അവൾ മാത്രമാണ് വിശ്വാസത്തോടെ അവന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിക്കുന്നത്. ആഴം നിറഞ്ഞ ആ വിശ്വാസത്തിന് മുന്നിൽ രോഗ സൗഖ്യത്തിന്റെ നീർച്ചാലുകൾ അവളിലേക്കൊഴുക്കാതെ നാസ്രായന് മറ്റൊരു വഴിയുമില്ലായിരുന്നു. ‘ആരാണ് തന്നെ സ്പർശിച്ചതെന്നൊക്കെയുള്ള അവന്റെ ചോദ്യം നമുക്ക് വേണ്ടിയാണ്. അവളുടേതുപോലുള്ള വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വളരാനുള്ള അവന്റെ ക്ഷണമാണത്…
മരണത്തിന്റെ കയത്തിലേക്ക് മുങ്ങിത്താണ ബാലികയെ ജീവന്റെ നിറവിലേക്കാണ് നസ്രായൻ തിരികെ കൊണ്ട് വരുന്നത്. ജീവന്റെ ഉടയോനല്ലാതെ ആർക്കാണ് മരിച്ച വ്യക്തിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനാവുക? ഭക്ഷണം കൊടുക്കാനൊക്കെ പറയുന്നത് ആ കുഞ്ഞിനോടുള്ള അവന്റെ കരുതലും, പിന്നെ പ്രേതമല്ല മറിച്ച് പച്ച മാംസമുള്ള ആ കൊച്ച് പെൺകുട്ടി തന്നെയാണെന്ന് തന്റെ ശിഷ്യരെയും കുടുംബാംഗങ്ങളെയുമൊക്കെ ബോധിപ്പിക്കാൻ തന്നെയാണ്.
കടുക് മണിയോളം വിശ്വാസമുണ്ടെങ്കിൽ മലയെ മാറ്റാനാവുമെന്നാണ് നസ്രായൻ മൊഴിഞ്ഞിട്ടുള്ളത്. വിശ്വാസത്തിന്റെ ആഴങ്ങൾ സ്വന്തമാക്കിയവർക്കറിയാം അതെത്രമാത്രം സത്യമാണെന്ന് കാരണം ജീവന്റെയും മരണത്തിന്റെയുമൊക്കെ ഉടയോനായ നസ്രായന് എന്താണ് അസാധ്യമായിട്ടുള്ളത് ? വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നസ്രായൻ നമ്മെ കൈപ്പിടിച്ച് നടത്തട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ചാരെ…