നമ്മുടെയൊക്കെ സ്നേഹബന്ധങ്ങളിലും സംഭാഷണങ്ങളിലുമൊക്കെ സാധാരണ ഗതിയിൽ ഉയർന്ന് വരാറുള്ള രണ്ട് ചോദ്യങ്ങളാണ്: ‘നീ എനിക്ക് ആരാണ്?’ രണ്ടാമത്തേത്, ‘നീ എന്നെ സ്നേഹിക്കുന്നുവോ?’ ദൈവം മൂന്ന് വ്യക്തികളുടെ സ്നേഹബന്ധമാണെന്നാണല്ലൊ ക്രിസ്തീയത നമ്മെ പഠിപ്പിക്കുക. നസ്രായൻ നമ്മിൽ ഒരുവനായത് ഈ സ്നേഹ ബന്ധത്തിലേക്ക് നമ്മെ ക്ഷണിക്കാനും അതോടൊപ്പം നമ്മുടെ മനുഷ്യപ്രകൃതിയെ ആ സ്നേഹ ബന്ധത്തിലേക്ക് പ്രവേശിപ്പിക്കാൻ സഹായിക്കുന്നതിനും വേണ്ടിയാണ്. സകല മാനവരാശിയുമായും ഈ ഒരു ആത്മബന്ധം പടുത്തുയർത്താൻ നസ്രായൻ ആഗ്രഹിക്കുന്നുണ്ട്. തന്റെ സ്വർഗാരോപണത്തിന് മുമ്പ് നിങ്ങൾ പോയി ലോകമെങ്ങും സർവ്വസൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ… വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവൻ രക്ഷ പ്രാപിക്കും എന്ന നസ്രായന്റെ വാക്കുകൾ അവനുമായുള്ള ആത്മബന്ധത്തിൽ പ്രവേശിക്കുന്നതിനുള്ള ക്ഷണമാണ്. ഈ ആത്മബന്ധം നസ്രായൻ ആദ്യമായി പടുത്തുയർത്തുന്നത് തന്റെ തോഴരോടൊപ്പമാണ്.
നസ്രായന്റെ അടയാളങ്ങളും അത്ഭുത പ്രവൃത്തികളും കണ്ട് ഭൂരിഭാഗം പേരും നസ്രായനെ, സ്നാപകൻ ഉയർത്തെഴുന്നേറ്റതായിട്ടാണ് ഹെറെദോസ് രാജാവ് ഉൾപ്പെടെയുള്ളവർ കരുതുക. എന്നാൽ മറ്റ് ചിലർ ആത്മ ശരീരങ്ങളോടെ ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ട ഏലിയാ പ്രവാചകനോട് ഉപമിക്കുന്നുണ്ട്. ഏലിയാ പ്രവാചകൻ വീണ്ടും വരുമെന്ന് ഇസ്രായേൽ ജനത വിശ്വസിച്ചിരുന്നു. ചിലരാകട്ടെ നസ്രായനെ ജെറെമിയാ പ്രവാചകനായിട്ടും പ്രവാചകൻമാരിൽ ഒരുവനായിട്ടുമൊക്കെ കണ്ടിരുന്നു. ദാവിദിന്റെ സിംഹാസനം പുനരുദ്ധീകരിക്കുന്ന വില്ലാളിവീരനായ മിശിഹായായി നസ്രായനെ കാണാൻ ഇനങ്ങൾക്ക് ചെറിയൊരു ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം ലോകം മുഴുവൻ കീഴടക്കി, അടക്കി വാഴുന്ന റോമൻ സാമ്രാജ്യത്തിനെതിരെ പടവെട്ടണമെങ്കിൽ അതിന് ചേർന്ന സൈനിക ബലവും, ആയുധ കരുത്തുമൊക്കെ നസ്രായന് അവകാശപ്പെടാനില്ലായിരുന്നു… ജനക്കൂട്ടം അവനെ മിശിഹായായി വാഴിക്കാനൊക്കെ നടത്തിയ ശ്രമങ്ങൾ അവൻ തന്നെയാണ് പൊളിച്ചതും, ആരും കാണാതെ ജനക്കൂട്ടത്തിനിടയിൽ നിന്ന് അപ്രത്യക്ഷനാകുമായിരുന്നു… തുടർന്നാണ് നസ്രായൻ, ഏറ്റവും നിർണായകമായ ചോദ്യം തന്റെ തോഴരോട് ചോദിക്കുന്നത് ‘തന്നെ കുറിച്ചുള്ള അവരുടെ അഭിപ്രായമാണ്?’ താൻ ചെയ്ത എല്ലാ അടയാളങ്ങൾക്കും, തന്റെ വചനങ്ങൾക്കുമൊക്കെ നിഴൽ പോലെ നിന്ന് സാക്ഷികളായവരാണ്. തന്റെ പ്രിയ തോഴരും താനൊരു പ്രവാചകൻ മാത്രമാണെന്നാണ് കരുതുന്നതെങ്കിൽ പണി പാളും.
സാധാരണ പോലെ തന്നെ പത്രോസ് പാപ്പയാണ് തോഴർക്ക് വേണ്ടി സംസാരിക്കുക. ” നീ സജീവ ദൈവത്തിന്റെ പുത്രനായ മിശിഹായാണ്.” പത്രോസ് പാപ്പയുടെ മറുപടി കേൾക്കുമ്പോൾ പത്രോസിലൂടെ തന്നെ ഏറ്റ് പറയുന്ന അബ്ബായെ, അബ്ബായുടെ ആത്മാവിനെ നസ്രായൻ തിരിച്ചറിയുന്നുണ്ട്. “പത്രോസെ നീ പാറയാകുന്നു, ഈ പാറമേൽ എന്റെ പള്ളി ഞാൻ പണിയും, നകര കവാടങ്ങൾ ഇതിനെതിരെ ബലപ്പെടുകയില്ല…” ദൈവപുത്രനും മിശിഹായുമായ താൻ തന്റെ ദൈവരാജ്യം പടുത്തുയർത്തുക ഏറ്റവും ദുർബ്ബലനായ പത്രോസ് പാപ്പയെ അതിന്റെ നേതാവാക്കി കൊണ്ടാണ്. സ്ഥലകാലങ്ങൾക്കുളളിൽ ഒതുങ്ങുന്ന അതിർവരമ്പുകളല്ല ഈ സാമ്രാജ്യത്തിനുള്ളത് മറിച്ച് ദൈവരാജ്യം ഹൃദയത്തിൽ പേറുന്ന മനുഷ്യരെ രൂപപ്പെടുത്താനും അവരെ വളർത്തി എടുക്കാനുമാണ് ഈ പുതിയ ഇടയൻമാരുമായി തന്റെ ദൈവികമായ അധികാരം നസ്രായൻ പങ്ക് വയ്ക്കുക. ദൈവജനത്തിന്റെ ഇടർച്ചകളുടെമേൽ കരുണയുടെ പുതപ്പായികൊണ്ട് ദൈവരാജ്യം പടുത്തുയർത്താൻ അവരെ സഹായിക്കുന്നവരാവുക. ഇടയൻമാർക്ക് മാത്രമല്ല ഇടയൻമാരാൽ നയിക്കപ്പെടുന്നവർക്കും നസ്രായൻ ആരാണെന്നുള്ള ചോദ്യത്തിനും അത് പോലെ നസ്രായനെ എത്രമാത്രം സ്നേഹിക്കുന്നുമുണ്ടെന്നുള്ള ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടാവണം. പത്രോസ് പാപ്പയെപോലെ ചങ്ക് നിറയെ നസ്രായനാണെന്നും, ആ ബോധ്യത്തിന് വേണ്ടി എന്നെന്നും നിലനിൽക്കാനുള്ള കൃപയാചിച്ചുകൊണ്ട് നമ്മുടെ വിശ്വാസ യാത്ര തുടരാം… നാസായന്റെ തിരുഹൃദയത്തിൻ ചാരെ…