ആണ്ടുവട്ടത്തിലെ ഇരുപത്തിയാറം ഞായർ, Cycle A, മത്താ. 21:28-32

മത്താ. 21:28-32
വീണ്ടുവിചാരണങ്ങളാണ് നമ്മുടെയൊക്കെ ജീവിതത്തെ കൂടുതൽ പ്രാദാത്മകമാക്കുന്നതെന്ന് കരുതുന്നു… പഴയ നിയമത്തിലെ ദൈവ സങ്കല്പത്തിനുപോലും വീണ്ടുവിചാരത്തിൻറ്റെ ലാവണ്യമുണ്ട്… ഒരു ജനതതിയെ മുഴുവൻ ഇല്ലാതാക്കി അവരുടെ ദുഷ്ചെയ്തികൾക്കു അറുതിവരുത്താൻ ഒരുമ്പിടുന്ന അബ്ബാ, തൻറ്റെ പ്രിയനായ അബ്രാഹത്തോടൊപ്പം ചേർന്നിരുന്നു വീണ്ടുവിചാരം നടത്തുന്നുണ്ട്, ഒരുപക്ഷെ മാനുഷികമായ തലത്തിൽനിന്ന് അബ്ബായെ മനസിലാക്കാനുള്ള ഗ്രന്ഥകാരൻറ്റെ ശ്രമമായിരിക്കണമിത്… വൈകാരിക വേലിയേറ്റങ്ങളിൽ പെട്ട് നാം എടുക്കുന്ന പല തീരുമാങ്ങളെയും നേർവഴിയിലാക്കുന്നത് ആത്മാവിൻറ്റെ പ്രേരണയാലുള്ള വീണ്ടുവിചാരങ്ങളാണ്… വേദപുസ്തകം നമുക്കു മുന്നിൽ ആത്മാവിൻറ്റെ പ്രേരണയിൽ വീണ്ടുവിചാരം നടത്തുന്ന ഒരുപാട് മനുഷ്യരുടെ ജീവിതമുഹൂർത്തങ്ങൾ അവതരിപ്പിക്കുന്നുണ്ട്…
തൻറ്റെ ശത്രുവായ സാവൂൾ രാജാവിനെ വകവരുത്താൻ കാത്തിരുന്നു കിട്ടുന്ന സുവർണാവസരം ഒരു വീണ്ടുവിചാരത്തിൻറ്റെ വെളിച്ചത്തിൽ വേണ്ടെന്നുവെയ്ക്കുന്ന ദാവീദ് രാജാവ്, പുരുഷനെ ഇതുവരെ അറിയാത്ത താൻ എങ്ങനെ ഗർഭം ധരിക്കുമെന്ന് ആശങ്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയം, പിന്നീട് തന്നെത്തന്നെ ദൈവഹിതത്തിന് അടിയറ വയ്ക്കുകയാണ്… അതുപോലെ ഔസേപ്പിതാവ് തൻറ്റെ പ്രതിശ്രുത വധുവായ മേരിയമ്മ എങ്ങനെ ഗർഭിണിയായി എന്നറിയാതെ, അവളെ ഉപേക്ഷിക്കാൻ തീരുമാനിക്കുന്നതും, പിന്നീട് അവളുടെ തോഴനായി അവളെ അനുധാവനം ചെയ്‌യുന്നതൊക്കെ ഈ വീണ്ടുവിചാരത്തിൻറ്റെ ഉൾപ്രേരണയിലാണ്…
ഇന്നത്തെ സുവിശേത്തിലൂടെ നസ്രായൻ നമ്മോട് പങ്കുവെയ്ക്കുന്നതും ഈ വീണ്ടുവിചാരത്തെക്കുറിച്ചാണ്. തൻറ്റെ മുന്തരിത്തോട്ടത്തിലേക്ക് മക്കളോട് പോകുവാൻ ആവശ്യപ്പെടുന്ന പിതാവ് നമ്മുടെ അബ്ബാ തന്നെയാണ്… പോവില്ല എന്ന് പറഞ്ഞിട്ടും വീണ്ടുവിചാരത്തിലൂടെ പിതാവിൻറ്റെ ഇഷ്ടം നിറവേറ്റുന്ന മൂത്തപുത്രൻ; പോകാമെന്ന് സമ്മതം മൂളിയിട്ടും തൻറ്റെ വാക്കുപലിക്കാതെ, വീണ്ടുവിചാരമില്ലാതെ ജീവിക്കുന്ന ഇളയ പുത്രൻ… വീണ്ടുവിചാരമില്ലാത്ത ജീവിച്ച ഫരിസേയരെയും, നിയമജ്ഞരെയുമോക്കെയാണ് ഇളയ പുത്രനായി നസ്രായൻ അവതരിപ്പിക്കുന്നത്. ഇടറിയിട്ടും വീണ്ടുവിചാരത്തിലൂടെ പിതാവിൻറ്റെ മുത്തിരിത്തോട്ടത്തിലേക്ക് ആദ്യം പ്രവേശിക്കുന്ന ചുങ്കക്കാരെയും ഗണികകളെയോമൊക്കെയാണ് മൂത്തപുത്രൻ പ്രതിധാനം ചെയ്യുന്നത്…
നമ്മൊളോരോരുത്തരും എവിടെയാണ്? ജീവിതയാത്രയിൽ വീഴ്ചകൾ സാദാരണമാണ്… പക്ഷെ വീണ്ടുവിചാരത്തിലൂടെ കൃപയുടെ ഞാണിൻമേൽപിടിച്ചു അബ്ബായുടെ മുത്തിരിത്തോട്ടത്തിലെത്താനുള്ള ശ്രമമാണ് ക്രിസ്തീയത… അവിടെ നിങ്ങളെന്നെയും ഞാൻ നിങ്ങളെയും കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ… സ്നേഹപൂർവ്വം…