ലുക്കാ.18:9-14
ജീവിതത്തിലെ ഏറ്റവും വലിയ പോരായ്‌മയായി തോന്നിയിട്ടുള്ളത് എൻറ്റെ ആത്മീയജീവിതത്തെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി ഞാൻ മികച്ചതാണെന്നു കാണിക്കാനുള്ള എൻറ്റെ ശ്രമങ്ങളായിരുന്നു… അതുതന്നെയായിരുന്നല്ലോ ഫരിസേയരുടെയും നിയമജ്ഞരുടേയുമൊക്കെ ശ്രമങ്ങളെന്ന് തിരിച്ചറിയുമ്പോൾ ചങ്കിടിപ്പ് കൂടുന്നുണ്ട്… തമ്പുരാനെ നീ തന്നെ വഴി നടത്തണേ…
ഇന്നത്തെ സുവിശേഷം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതും തന്നെത്തന്നെ ദൈവ തിരുമുമ്പിൽ ന്യായികരിക്കാൻ ശ്രമിക്കുന്ന ഫരിസേയെൻറ്റെയും, തൻറ്റെ ഇടർച്ചകളുടെ മേൽ കാരുണ്യത്തിനായി യാചിക്കുന്ന ചുങ്കക്കാരെൻറ്റെയും ചിത്രമാണ്… ഫരിസേയൻ ദൈവതിരുമുമ്പിൽ താൻ വ്യഭിചാരിയോ, അനീതി പ്രവർത്തിക്കുന്നവനോ അല്ലെന്നൊക്കെ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരുപക്ഷെ അത് സത്യവുമായിരിക്കാം. പക്ഷെ ഈ സ്വായവബോധം ഈ വ്യക്തിയെ നയിക്കുന്നത് അഹങ്കാരത്തിൻറ്റെ വലയിലേക്കാണ്. എന്നാൽ ചുങ്കക്കാരനോ, അറിഞ്ഞോ അറിയാതെയോ വന്ന ഇടർച്ചകൾ ദൈവ തിരുമുമ്പിൽ സമർപ്പിച്ചു നുറുങ്ങിയ ഹൃദയത്തോടെ സ്വർഗ്ഗീയ കരുണയ്ക്കായി യാചിക്കുന്നു…
സ്വയം ന്യായികരിക്കാൻ നമുക്കൊക്കെ അർഹതയുണ്ടോ? അതും നമ്മുടെ ഹൃദയ വിചാരങ്ങളെ തൊട്ടറിയുന്ന നസ്രായൻറ്റെ സന്നിധിയിൽ… പരിധികളില്ലാത്ത ആ സ്നേഹമല്ലെ നമ്മെയൊക്കെ അവൻറ്റെ സന്നിധിയിൽ ചേർത്ത് നിറുത്തുന്നത്… ആ സ്നേഹത്തിൻറ്റെ നീർച്ചാലാവാൻ നമുക്കാവുന്നുണ്ടോ? ദൈവ സന്നിധിയിൽ എൻറ്റെയൊപ്പം നിൽക്കുന്ന സഹോദരൻറ്റെ കുറവുകൾക്കു മേൽ കല്ലെറിയാൻ വെമ്പുന്ന എൻറ്റെ കരങ്ങൾ, ആ നിമിഷങ്ങളിൽ എൻറ്റെ കുറവുകൾക്കു മേൽ കരുണാസാഗരം തീർത്തു എന്നോട് ചേർന്ന് നിൽക്കുന്ന നസ്രായനെ ഞാൻ തിരിച്ചറിയട്ടെ… സ്നേഹമാണ് നമ്മെ നസ്രായൻറ്റെ പിന്ഗാമികളാക്കുന്നതെന്ന തിരിച്ചറിവിൽ…